Sunday, 24 November 2019

# ചിരി മറന്ന കോമാളി # എന്ന എന്റെ ആദ്യ കഥാസമാഹാരത്തിന്
ശ്രീ.പവനൻ 1991ൽ എഴുതിയ അവതാരിക.

നൂറ്റാണ്ട് ആഘോഷിച്ച മലയാള ചെറുകഥയുടെ ഇന്നത്തെ നില അത്ര മോശമാണെന്ന് പറഞ്ഞുകൂടാ.

ആനുകാലികങ്ങൾക്ക് ആകർഷണം നൽകാൻ കഥ വേണമെന്ന് നിർബന്ധമില്ലെങ്കിലും ഇടത്തരം മേൽത്തരം വാരികകളിലും മാസികകളിലും ഇപ്പോഴും കഥ ഒഴിവാക്കാറില്ല.

കഥയുടെ ഇന്നത്തെ ശത്രു നോവലാണ്. ഏഴും എട്ടും നോവലുകൾ ഖണ്ഡശ്ശ: പ്രസിദ്ധപ്പെടുത്തുന്ന വാരികകൾക്കാണ്  ജനപ്രിയം ഉള്ളത്.

ഈ ഇനത്തിൽ പെടാത്ത ആനുകാലികങ്ങൾക്ക് വായനക്കാർ കുറയുമെങ്കിലും, വായിക്കുന്നവരധികവും ത്യാജ്യ - ഗ്രാഹ്യ വിവേകമുള്ളവരാണ്.
കഥ വായിക്കുന്നവരിൽ വലിയൊരു വിഭാഗം ഇക്കൂട്ടത്തിൽപ്പെടുന്നു.

പക്ഷേ ഇവരെ തൃപ്തിപ്പെടുത്തുവാൻ നമ്മുടെ യുവ കഥാകൃത്തുക്കൾക്ക് കഴിയുന്നുണ്ടോ, എന്ന് ചോദിച്ചാൽ അധികം പേരും പറയുക, കഴിയുന്നില്ല എന്നാണ്.

തകഴിയും, ബഷീറും, പൊൻകുന്നം വർക്കിയും, എസ്.കെ.പൊറ്റെക്കാടും
കഥ എഴുതുന്ന കാലത്ത് നോവലുകൾക്ക് ഇത്ര പ്രിയമുണ്ടായിരുന്നില്ല. കാരൂരും, ടി.പത്മനാഭനും എഴുതിത്തുടങ്ങിയ കാലത്തും വ്യത്യസ്തമായിരുന്നു എന്നു പറഞ്ഞുകൂടാ. പക്ഷേ അവരെഴുതിയ കഥകൾക്ക് കൂടുതൽ പ്രചാരമുണ്ടാവാൻ പ്രധാനപ്പെട്ട കാരണം, ഏഴെട്ടു നോവലുകൾ ഒരേസമയത്ത് സീരിയലൈസ് ചെയ്യുന്ന വാരികകളില്ലാത്തതല്ല, അവർക്ക് കഥ പറയാനറിയാമായിരുന്നു എന്നതാണ്.

ആധുനികരായ എഴുത്തുകാരുടെ ഇടയിൽ പലർക്കും കഥപറയാൻ അറിഞ്ഞുകൂടാ.
ഈ ന്യൂനത അവർ മറച്ചു വെക്കുന്നത് ഭാഷയുടെ അനഭിഗമ്യതകൊണ്ടാണ്.

കഥയിലൂടെ പറയാനുദ്ദേശിക്കുന്നത് എന്താണെന്ന് കഥ വായിച്ചുനോക്കിയാൽ മനസ്സിലാവുകയില്ലെങ്കിൽ പിന്നെ എന്തിനാണ് കഥയെഴുതുന്നത്? ആധുനിക കഥാകൃത്തുക്കളുടെ മറ്റൊരു ദൗർബല്യം അനുഭവത്തിന്റെ കുറവാണ്. നിത്യ വിചിത്രമായ ഈ ഭൂലോക ജീവിതത്തിന്റെ നിറവും മണവും ഗുണവും
വശ്യതയും വിശാലതയും തെല്ലെങ്കിലും അനുഭവിച്ചറിയാത്തവർ തങ്ങളുടെ സ്വകാര്യ ജീവിതത്തിന്റെ മാറാല പിടിച്ച മൂലക്കിരുന്ന് സ്വന്തം മനസ്സിന്റെ മറിമായത്തെപ്പറ്റി ആവർത്തനവിരസമായി ചിലത് കുത്തിക്കുറിച്ചു കഥ എന്ന പേരിൽ പുറത്തിറക്കിയാൽ അത് വായിക്കാൻ ആർക്കാണ് കൗതുകം തോന്നുക! അങ്ങനെ അല്ലാത്ത കഥകൾ പിടിച്ചു നിൽക്കുകയും പടർന്നു കയറുകയും ചെയ്യും.
മലയാള കഥയുടെ ഭാവി ശോഭനമാക്കുന്നത് ഇത്തരം കഥകൾ എഴുതുന്നവരാണ്.

അനുഭവങ്ങളുടെ ചൂടും ചൂരും കൊണ്ട് കഥയ്ക്ക് ജീവൻ നൽകുന്ന കഥാകൃത്തുക്കളിൽ ഒരാളാണ് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിൽ ജീവിക്കുന്ന ടി.വി.എം.അലി.
അദ്ദേഹം തൊഴിൽ കൊണ്ട് ഒരു പോസ്റ്റ്മാൻ
ആണ്.
പോസ്റ്റ്മാൻ എന്ന നിലയിൽ അദ്ദേഹം തന്റെ കൈവശം വരുന്ന കത്തുകൾ വിലാസക്കാരന് എത്തിച്ചുകൊടുക്കുന്നു. പക്ഷേ കഥാകൃത്ത് കൂടിയായ അലിയുടെ ജോലി അവിടംകൊണ്ട് അവസാനിക്കുന്നില്ല. അദ്ദേഹം ഈ കത്തുകളുമായി ബന്ധപ്പെട്ട ജീവിതത്തിന്റെ രണ്ടറ്റവും, അറ്റങ്ങൾക്കിടയിൽ നാടകവും കാണുന്നു.
ഈ നാടകത്തിൽ നിന്നു തിരഞ്ഞെടുത്ത ചില മുഹൂർത്തങ്ങളുടെ ആവിഷ്കാരമാണ് അദ്ദേഹത്തിന്റെ കഥകൾ.

'ഒരു പെരുന്നാൾ പേക്കിനാവ്' മുതൽ 'അലീമ' വരെ 16കഥകൾ ഉൾക്കൊള്ളുന്നതാണ് ചിരി മറന്ന കോമാളി.
ആ പേരിലെഴുതിയ കഥ തന്നെ ഒരു തപാൽ ശിപായിയുടെതാണ്. കിട്ടുന്നതുകൊണ്ട് ജീവിക്കാനാവുന്നില്ല. ഭാര്യയുടെയും കുട്ടികളുടെയും ആഗ്രഹങ്ങളൊന്നും നിറവേറ്റുന്നില്ല.
സ്വന്തം മകൻ തന്നെ വിളിക്കുന്നത് 'ശിപായി അച്ഛൻ' എന്നാണ്.
ആരും തന്നെ വില വെക്കുന്നില്ല. ഹതാശനായ ഒരു മനുഷ്യന്റെ അത്യന്തം ദയനീയമായ ചിത്രമാണ് ചിരി മറന്ന കോമാളി കാഴ്ച വെക്കുന്നത്.

പക്ഷേ അതിനേക്കാൾ ദയനീയമായ ജീവിതമാണ് 'ആങ്ങള'യുടേത്. ഗൾഫിൽ ജോലിയുള്ള ഒരാളാണ് ഇതിലെ നായകൻ.
നാലു പെങ്ങന്മാരെ കെട്ടിച്ചയക്കുക, ഗൾഫിൽ പോകാൻ വേണ്ടി മേടിച്ച കടം വീട്ടുക എന്നിങ്ങനെ നാലര ലക്ഷം കൊണ്ട് തീരുന്ന ബാധ്യതയാണ് ആങ്ങളയുടേത്.
പക്ഷേ ഏതോ ഒരു അറബിയുടെ ദാസ്യവേലക്ക് നിയമിതനായ അയാൾക്ക് ഈ ആഗ്രഹം നിറവേറ്റാൻ പറ്റുകയില്ലെന്ന് ബോധ്യമായി.
നാട്ടിൽ വന്നപ്പോൾ മലമ്പുഴ കാണാൻ പെങ്ങന്മാരെയും
കൂട്ടിപ്പോയ അയാൾ അവരെ അണക്കെട്ടിലെ പെരുവെള്ളപ്പാച്ചലിൽ തള്ളിയിട്ട് സ്വയം രക്ഷപ്പെടുകയാണ്.
പക്ഷേ അയാൾ അതുകൊണ്ടും രക്ഷപ്പെടുന്നില്ല. 

ഈ സമാഹാരത്തിലെ ഏറ്റവും ഹൃദയാവർജ്ജകമായ കഥ ഇതാണെന്ന് എനിക്ക് തോന്നുന്നു.
ഇതിലെ ആങ്ങളയുടെ ചിത്രീകരണത്തിൽ ഗൾഫിൽ പോയവരിൽ താഴെക്കിടയിൽ കിടക്കുന്നവരുടെ ജീവിത ദൈന്യത പ്രത്യക്ഷരം അടുക്കിക്കൂട്ടുവാൻ അലിക്ക് കഴിഞ്ഞിരിക്കുന്നു. പെങ്ങന്മാരുടെ നിരപരാധിത്വവും ആങ്ങളയുടെ ഉള്ളുരുക്കവും ഒന്നിനെതിരെ മറ്റൊന്ന്  എന്ന നിലയിൽ മാറിമാറി വരച്ചു വെക്കാൻ കാണിച്ച വൈദഗ്ധ്യമാണ് ആ കഥയെ കലാപരമായി ഹൃദ്യമാക്കുന്നത്.

'ഒരു പെരുന്നാൾ പേക്കിനാവ്' എന്ന കഥയ്ക്കുമുണ്ട് കരകൗശലവും മൗലികതയും.
ഇതിലും ഒരു തപാൽ ശിപായിയാണ് നായകൻ. പെരുന്നാളിന്റെ തലേന്ന് തന്റെ മുൻകാമുകിക്ക്  അവളുടെ ഇപ്പോഴത്തെ ഭർത്താവ് അയച്ച മണിയോർഡർ കൊണ്ടുപോയി കൊടുത്തപ്പോൾ അവൾ അഞ്ചുറുപ്പിക അയാൾക്ക് സമ്മാനമായി കൊടുക്കാൻ ശ്രമിക്കുന്നു. അത് വേണ്ടെന്നു പറഞ്ഞു തിരിച്ചു വന്നപ്പോൾ, മരിച്ചുകിടക്കുന്ന അമ്മയുടെ പേരിൽ വന്ന മണിയോർഡർ, അവരുടെ വിരലടയാളം വെപ്പിച്ചു തനിക്ക് തന്നാൽ അതിന്റെ പകുതി പണം താൻ പോസ്റ്റുമാന് നൽകാമെന്ന് അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് വാഗ്ദാനം ചെയ്യുന്നു. എന്തൊരു ധർമ്മസങ്കടം!

സാമൂഹിക പ്രശ്നങ്ങളിൽ പുരോമുഖമായ വീക്ഷണമുള്ള ഒരു കഥാകൃത്താണ് അലി.
ഈ സമാഹാരത്തിലുള്ള മിക്കവാറും എല്ലാ കഥകളും അതിനു സാക്ഷ്യം വഹിക്കുന്നു. സമൂഹത്തിലെ അധ:സ്ഥിതരോട്
സഹഭാവവും, ചൂഷകരോട് രോഷവും അദ്ദേഹത്തിനുണ്ട്. 'മരുതമല' എന്ന കഥ നോക്കുക: ലോട്ടറി ടിക്കറ്റ് വിറ്റ് കോടീശ്വരനായ മുതലാളിയും, അയാളുടെ ചൂഷണത്തിനും മർദ്ദനത്തിനും വിധേയരായ തൊഴിലാളികളുമാണ് അതിലെ കഥാപാത്രങ്ങൾ. ആശ്വാസത്തിന് ദേവസ്ഥാനത്ത് എത്തുമ്പോൾ അവിടെയും ആ തൊഴിലാളികൾ കാണുന്നത് ചൂഷകരുടെ വിളയാട്ടമാണ്.

മതത്തിന്റെ പേരിൽ നടത്തുന്ന ചൂഷണത്തിന്റെ സാപഹാസമായ വിവരണമാണ് 'കുഞ്ഞാമിന'യിൽ കാണുക.
സ്വാർത്ഥംഭരികൾ
വിപ്ലവ പ്രസ്ഥാനത്തിന് അധ:പതനം ഉണ്ടാക്കുന്നതിനെ ആലങ്കാരികമായി പ്രതിപാദിക്കുന്നു,
'ശുനകരക്ഷകൻ' എന്ന കഥയിൽ.
'പഞ്ചാക്ഷരി മന്ത്രം' എന്ന കഥയും ആ വഴിക്കാണ് ചരിക്കുന്നത്.
'പ്രമദ്വര' , 'ആതിഥേയൻ പട്ടണം ഞാൻ' ,
'അപൂർണതകളിലൂടെ' എന്നീ കഥകൾ അവ്യക്തങ്ങളാണെന്ന ആരോപണമുണ്ടായേക്കാം.
ഏറെക്കുറെ അന്യാപദേശ കഥകളുടെ പ്രകൃതമുണ്ട്
അവയ്ക്ക്.

പ്രകൃതി സംരക്ഷണം
എന്ന ആശയത്തെ അവലംബമാക്കി മലയാളത്തിൽ വന്ന ഉത്തമ കഥകളിൽ ഒന്നാണ് ഈ സമാഹാരത്തിലെ 'നെല്ലും കല്ലും'.
'നിളയും നളിനിയും'
എന്ന കഥയും പ്രകൃതി സ്നേഹത്തെ ദ്യോതിപ്പിക്കുന്നു.

ഓരോ കഥയെക്കുറിച്ചും പ്രത്യേകം പ്രത്യേകമായ വിവരണം നൽകാൻ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല.
ഒരു കഥയിലും കൃത്രിമമായ പരിണാമഗുപ്തിയുണ്ടാക്കാൻ അലി ശ്രമിച്ചിട്ടില്ല. ഗുണപാഠം കഥയ്ക്കുണ്ടെങ്കിൽ വായനക്കാരൻ അത് സ്വയം കണ്ടെത്തട്ടെ,
എന്ന നിലപാടാണ് ഈ കഥാകൃത്ത് കൈക്കൊണ്ടിട്ടുള്ളത്.

ആദിമദ്ധ്യാന്ത്യം സുഘടിതമായിട്ടുള്ള വിക്രമാദിത്യൻ കഥകളുടെയും അറബി കഥകളുടെയും കാലം കഴിഞ്ഞുപോയല്ലോ. പ്രധാനപ്പെട്ട സംഗതി വായനക്കാരൻ കഥയോടു പ്രതികരിക്കുന്നുണ്ടോ എന്നതാണ്. അലിയുടെ കഥകൾ ഇക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട്.

അലിയുടെ ഭാഷയ്ക്കുമുണ്ട് പ്രത്യേകത. ചില കഥകളിൽ അദ്ദേഹം ഭാഷയെ ആവശ്യത്തിലധികം വളച്ചു കെട്ടുന്നു:
''മുക്കാരത്തിക്കാവിന്റെ കൂത്തുമാടത്തിനു ചുറ്റും ഓടിച്ചാടി നടന്നിരുന്ന സമകാലീനർ ഇന്ന് വേർപാടുകളുടെ സമുദ്രങ്ങൾ നീന്തിക്കടന്നു ഏതോ കരയിലണഞ്ഞിരിക്കുന്നു.''

ഇത്തരം വാചകങ്ങളുടെ പൊരുൾ കണ്ടെത്താൻ വായനക്കാർ പ്രയാസപ്പെടും. പ്രയാസപ്പെട്ടാലും കണ്ടെത്തലുണ്ടാവുകയില്ല. അങ്ങനെയൊന്നും പറയാതെ തന്നെ നിളയുടെ തെളിനീരു പോലുള്ള മലയാളമെഴുതാൻ അലിക്ക് കഴിയുമല്ലോ. ''പെട്ടെന്ന് ആരോ വലിച്ചിട്ട കരിമ്പടത്തിനുള്ളിൽ ആ ഗ്രാമം നിദ്രയിലാണ്ടു, എന്നിങ്ങനെയുള്ള വാചകങ്ങൾ അതിന് തെളിവാണുതാനും.

'ചിരി മറന്ന കോമാളി'
യിലെ കഥകളൊക്കെത്തന്നെ പാരായണക്ഷമങ്ങളാണ്.
വായനക്കാരന്റെ  ഹൃദയത്തിലെ മൃദുല തന്ത്രികളിൽ അവ ചെന്നുമുട്ടുന്നു.

കേരളീയ ഗ്രാമങ്ങളിലെ എളിയതും നൊമ്പരപ്പെടുന്നതുമായ
ജീവിതങ്ങളുടെ ദീർഘശ്വാസം ഈ കഥകൾക്ക് ജീവൻ നൽകുന്നു.

അലി കഥ എഴുതുന്നത് പത്രാസിനല്ല; അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ആ കഥകൾ നമ്മെ ആകർഷിക്കുന്നു. സ്വന്തമായ പാത വെട്ടാൻ ശ്രമിക്കുന്ന ഈ യുവ കഥാകൃത്തിന്റെ ആദ്യ സമാഹാരത്തെ സഹൃദയ ലോകത്തിന്റെ മുമ്പാകെ അവതരിപ്പിക്കാൻ അവസരം കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്. കഥയെ കാര്യമായി എടുത്ത ഈ കാഥികന് ഞാൻ വിജയം നേരുന്നു.

പവനൻ, തൃശൂർ.
11.11.1991.
(വിതരണം: കറൻറ് ബുക്സ്, തൃശൂർ)

Saturday, 16 November 2019

ഗുരുസ്മരണ

 'സൂര്യശയനം'
നോവലിന് ഗുരു നിത്യ ചൈതന്യയതി 1998ൽ
എഴുതിയ അവതാരിക.

ഞാൻ പണ്ട് കഥ വായിക്കുമായിരുന്നു.
പ്രിയപ്പെട്ട
കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയായിരുന്നു. അതുകഴിഞ്ഞ് വളരെ ആകർഷണം തോന്നിയത് ഉറൂബിനോടാണ്.
അതിനും വളരെ മുമ്പായിരുന്നു മലബാറിലെ കെ. സുകുമാരൻ ബി.എ.യുടെ
കഥകൾ വായിച്ചിരുന്നത്.

പിന്നെ മലയാളം കഥാ ലോകത്തുനിന്നും ഞാൻ വിട പറഞ്ഞു. പിന്നീട് കഥാ രംഗം മാറി.
ചെക്കോവിന്റെ കഥകൾ, മാക്സിം ഗോർക്കിയുടെ കഥകൾ, പുഷ്കിന്റെ കഥകൾ,
സോമർസെറ്റ് മോഗിന്റെ
കഥകൾ
ഇതിലൊക്കെയായിരുന്നു കമ്പം. അവിടുന്ന് പ്രമോഷൻ കിട്ടി ടോൾസ്റ്റോയിയും മറ്റുമായി വായന. മഹാ ബുദ്ധിമാനായ ബർട്രാന്റ്  റസ്സലിന്റെ
ചെറുകഥകൾ വായിച്ചതോടുകൂടി കഥകളെല്ലാം താഴെ വെച്ചു. നോവലുകൾ കുറെനാൾ വായിച്ചു. വിക്ടർ യൂഗോയുടെയും മറ്റും നോവലുകൾ.

അഞ്ചു വർഷത്തിനു മുമ്പാണ് അലിയുടെ കഥ ആദ്യം വായിക്കുന്നത്. കഥാകൃത്തിന്റെ  സന്മനസ്സിനോട് പ്രേമ മുണ്ടായി. പിന്നെ അലിയെ നേരിട്ടു കണ്ടു. നല്ലൊരു മനുഷ്യൻ.
ഇത്തിരിയേയുള്ളൂ.
അലിയെ പറ്റി വിചാരിക്കുമ്പോഴൊക്കെ ഞാൻ കവി എ.അയ്യപ്പനെ പറ്റിയും വിചാരിക്കും.

എന്താണീ കഥ?
'ക' എന്ന് ചോദിച്ചാൽ  'എന്ത്?' എന്നർത്ഥം.
'അഥ' എന്നാൽ 'പിന്നീട് '.
കുട്ടികളോട് കഥ പറയാൻ തുടങ്ങിയാൽ നിർത്താൻ അവർ സമ്മതിക്കില്ല.
രാജാവും നൂറു മക്കളും ചത്തുപോയി എന്നുപറഞ്ഞാൽ പിന്നെയും അവർ ചോദിക്കും:
'പിന്നെ എന്തായി 'എന്ന്.
അങ്ങനെ എത്ര പ്രാവശ്യം 'പിന്നെ എന്തായി' എന്ന് അലിയോട് ചോദിച്ചാലും അലിക്ക് ഒരു കൂസലുമില്ല. അലി പറയും. അല്ലെങ്കിൽ അയാൾ ഉണ്ടാക്കും. പുരാണത്തിൽ ഒരു ചൊല്ലുണ്ട്.
''ബ്രഹ്മാവിനുണ്ടോ ആയുസ്സിനു പഞ്ഞം?" എന്ന്. അതുപോലെയാണ് അലിയുടെ കൈയിൽ കഥാമാലകൾ തൂങ്ങിക്കിടക്കുന്നത്.

ഞാനിത്തിരി സുഖമില്ലാതെ കട്ടിലിൽ കിടന്നു കൊണ്ടാണ്
'സൂര്യശയനം' വായിച്ചു കേൾക്കാൻ തുടങ്ങിയത്. അലി പറയുന്നതിന്റെ പോക്കുകണ്ട് എനിക്ക് തോന്നിപ്പോയി ഞാനാണ് അസീസ് എന്ന്. 

ആദ്യമായിട്ട് അസീസിനെ അവതരിപ്പിക്കുന്നത് മരണശയ്യയിൽ കിടത്തി കൊണ്ടാണ്. ഇരുട്ടും പുകയും നിറഞ്ഞ അസീസിന്റെ മുറി, കഫത്തിന്റേയും
ചോരയുടെയും പിന്നെ ഏതാണ്ടിന്റെയൊക്കെയും കൂടിക്കലർന്ന മുശടു നാറ്റവുമായി കിടക്കുന്നു.
ആർക്കും അറപ്പും  ഇത്തിരി ഓക്കാനവും ഉണ്ടാക്കുന്ന ഈ അന്തരീക്ഷം വളരെ ചാതുര്യത്തോടുകൂടി വിരചിച്ചു വെച്ചു കൊണ്ടാണ് നമ്മെ അങ്ങോട്ടു ക്ഷണിക്കുന്നത്.
അപ്പോൾ എനിക്ക് തോന്നി, "അലിയേ അലിയേ, മതിയേ,
മതിയേ"എന്ന്.
എന്നാലും ഞാൻ വിചാരിക്കുന്നു ഞാൻ തന്നെയാണ് അസീസ് എന്ന്.

ഗ്രാമ പഞ്ചായത്തിന്റെ
ഒരു നല്ല ചിത്രമാണ് ദാമോദരൻ മാസ്റ്ററെ കാണുമ്പോൾ തോന്നുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ അങ്ങനെയുള്ള നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണല്ലോ ഭൂമി കടലിൽ താഴ്ന്നു പോകാതിരിക്കുന്നത് എന്നു തോന്നിപ്പോകും.

ഷൗക്കത്താണ് കഥ വായിച്ചു തരുന്നത്. ശരിക്കും കഥാതന്തുവിൽ നിന്നും പിടി വിടാതെയാണ് ഷൗക്കത്തിന്റെ പോക്ക്. ഞാൻ ചിലപ്പോൾ അയാളുടെ വൈകാരികതയിൽ ഏതാണ്ടൊക്കെ ആകുന്നത് പോലെ തോന്നും.
ഞാൻ ക്ഷയരോഗിയല്ല. ഹൃദ്രോഗി ആണ്.
അത് ആക്കാൻ കൊള്ളാവുന്ന രോഗമല്ല. അതുകൊണ്ട് ഞാൻ ഹൃദ്രോഗം വേണ്ടെന്നു വെച്ചിട്ട് കുറെ നാളായി. എന്നാൽ അലിയുടെ കഥ കേട്ടാൽ ഹൃദ്രോഗവും ക്ഷയരോഗവും ഒന്നിച്ചു വന്നത് പോലെ തോന്നും. അതിനിടയ്ക്ക് എനിക്കൊരു സംശയം ഇതുപോലെ കഥ പറയുന്ന ഒരാളുണ്ടല്ലോ. വേറെയാരുമല്ല; ദസ്തയേവിസ്കി.
ഒരു കാരുണ്യവും ഇല്ലാതെ എത്ര കിരാതൻമാരെ വേണമെങ്കിലും കഥയിൽ കൊണ്ടുവന്നു തളച്ചിടും.

മനുഷ്യൻ അനുഭവിക്കുന്ന യാതന, തീവ്രവേദന, പീഢാ, ബാധാ, വ്യഥ, ദുഃഖം, ആമനസ്യം, പ്രസൂതികം, കഷ്ടം, കൃച്ഛ്റം, ക്ലേശം, വൈതരണി, ദൈന്യം, സംഹാരം, ദുർഗതി, താപം, കോപം, ഇതെല്ലാം
അലിയുടെ ജനൽ പടിയിലെ കൊച്ചു കൊച്ചു കുപ്പിയിൽ അടച്ചു വെച്ചിട്ടുണ്ട്.

വിശന്നു നടക്കുന്ന ഒരു കടുവയുടെ വായിൽ ഒരു കുഞ്ഞു ആട്ടിൻകുട്ടിയെ കിട്ടിയാൽ പിന്നെ അതിന് എന്തായാലും രക്ഷപ്പെടാൻ ഒക്കില്ല. അതുപോലെയാണ് അലി യുടെ കഥാവലയിൽ ചെന്നു വീണാൽ.
തിരിച്ചും മറിച്ചും ഇട്ട് ചന്തിക്ക് കടിക്കും.
''അയ്യോ എന്നെ വിടണെ, എന്നെ കൊല്ലല്ലേ'' എന്ന്  കഥാപാത്രം എത്ര കരഞ്ഞു വിളിച്ചു പറഞ്ഞാലും അലി വിടുകയില്ല.
ഇതൊന്നും ഞാൻ എന്റെ കൂട്ടുകാരനെ ആക്ഷേപിക്കാനായി പറയുകയല്ല. അലി ഒരു ക്രിയേറ്റീവ് ജീനിയസ്സാണ്.

അലി പറയുന്നതുപോലെ
യാണോ ലോകം എന്നൊന്നും ചോദിക്കരുത്.
അലി പറയുന്നത് പോലെയുള്ള ലോകവും ഉണ്ടെന്ന് മനസ്സിലാക്കണം. 
അലിയുടെ ഒരു കഥ നാരായണഗുരുവിന് വായിച്ചു കൊടുത്തിരുന്നുവെങ്കിൽ എന്ന് എനിക്ക് തോന്നി. പിന്നെ ഒരിക്കലും നാരായണഗുരു പറയില്ല; മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന്. എന്തിന്
നാരായണഗുരുവിനെ മാത്രം വായിച്ചു കേൾപ്പിക്കണം.
സാക്ഷാൽ കാറൽമാർക്സിനെ കൂടി കേൾപ്പിക്കണം.
അദ്ദേഹം ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ കമിഴ്ന്നു കിടന്നു എഴുതിയതൊക്കെ വെറുതെയായില്ലേ!  മാർക്സും ചങ്ങാതി എംഗൽസും കൂടി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയപ്പോൾ, അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. കിട്ടാൻ ഒരുപാടുണ്ട് എന്നു പറഞ്ഞു അവർ മുഖാമുഖം നോക്കി കുറെ യങ്ങ് സന്തോഷിച്ചു. രവിശങ്കറും അല്ലാരഖയും കൂടി പാട്ടുപാടി അവസാനിപ്പിച്ചു പരസ്പരം കൈ കൊടുക്കുന്നത് പോലെ! ഭാഗ്യവാന്മാർ.
ചരിത്രം അവരെ തോല്പിക്കുന്നതിനു മുമ്പ് നേരത്തെ അങ്ങ് ചത്തു കൊടുത്തു.
ചരിത്രത്തിന്റെ ഗതിവിഗതികൾ അവർക്ക് കാണേണ്ടി വന്നില്ല.

എന്റെ പ്രിയ സ്നേഹിതൻ അലിക്ക് അങ്ങനെയുള്ള പ്രമാദമൊന്നും പറ്റിയിട്ടില്ല. ഒന്നു രണ്ടു നല്ല കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ചെയ്തിട്ടുണ്ട്.
കഥാപാത്രം വീടിന് തീ കൊടുക്കുന്നതിനു മുമ്പ് ഫൗസിയയേയും നിസാമിനെയും അമ്മായി അമ്മയെ ഏൽപ്പിച്ചല്ലോ. അത് വലിയ കാര്യം തന്നെ. അല്ലെങ്കിൽ ഞാനും കൂടി കരഞ്ഞേനെ.

ഞാൻ കഥ മുഴുവൻ വായിച്ചു കേട്ടു. കഥാകൃത്തിന്റെ വിജയം കഥ 'പിന്നെയെന്തായി' എന്ന് ചോദിപ്പിക്കുന്ന താണെങ്കിൽ, അലി വളരെ വിജയിച്ചിട്ടുണ്ട്.

എത്ര പെട്ടെന്നു പെട്ടെന്നാണ് ചൂതുകളിയിൽ കരുക്കൾ മാറ്റുന്നതുപോലെ കഥാപാത്രങ്ങളെ നിമിഷത്തിനിടയിൽ ആർക്കും പിടികൊടുക്കാത്ത രീതിയിൽ, ഏതു ബുദ്ധിമാനിലും  വെല്ലുവിളി ഉണ്ടാക്കുന്ന രീതിയിൽ മാറ്റി പ്രതിഷ്ഠിക്കുന്നത്. കഥ വായിച്ചു കേൾക്കുന്നതിനിടയിൽ ഒരു ഇരുപത്തഞ്ച്  പ്രാവശ്യമെങ്കിലും എന്റെ കണ്ണുനിറഞ്ഞു. ചങ്കു പൊട്ടുന്നത് പോലെ തോന്നി. വീർപ്പുമുട്ടി. അപ്പോഴൊക്കെയും ഞാൻ എന്നോടു തന്നെ പറഞ്ഞു: "ഇത് കഥയാണ്. വെറും കഥ. പേടിക്കരുത് ".

അലി വിനോദിക്കുകയല്ല. ഇങ്ങിനെയുള്ള നാട് നന്നാവുമോ എന്ന് വിചാരിക്കുകയാണ്. നന്നാവുമായിരിക്കും.
മൊയ്തുവും ഹസ്സനും അഷറഫും ജോസഫും ഷുക്കൂറും റുഖിയയും ആമിനയും എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഒരു ലോകം. എനിക്ക് ഒരു വ്യസനമേ ഉണ്ടായുള്ളൂ. റുഖിയയെ എവിടെയും കൊണ്ടാക്കിയില്ലല്ലോ.

ഇനിയെല്ലാം വായനക്കാർ പുസ്തകം വായിച്ചു തന്നെ അറിയണം. പറയേണ്ട കാര്യങ്ങൾ എല്ലാം പറയേണ്ട രീതിയിൽ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്.

എനിക്കിപ്പോൾ ഒരു മോഹം.
അലിയുടെ എല്ലാ കഥകളും സമാഹരിച്ച് കഥാകൃത്തുക്കൾക്ക് വേണ്ടി പാത്രസൃഷ്ടികൾക്കും, പാത്ര വിവരണത്തിനു മായി അമരകോശം പോലെ ഒരു കഥാകോശം ഉണ്ടാക്കണമെന്ന്.
അലി ഉപയോഗിച്ച ഒരൊറ്റ ഉപമയോ രൂപകാലങ്കാര മോ ഉല്ലേഖമോ ഒന്നും വിട്ടുകളയരുത്. പ്രൊഫസർ എൻ.കൃഷ്ണപിള്ള മറഞ്ഞുപോയല്ലോ. അല്ലെങ്കിൽ അദ്ദേഹം അത് ചെയ്തു തരുമായിരുന്നു.
അങ്ങിനെ ആരെങ്കിലും ചെയ്താൽ കഥാസാഹിത്യം കൊണ്ടു ഒരു രാജ്യത്തിന്റെ ഭാഷ എങ്ങനെ വളരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
പ്രിയപ്പെട്ട കൂട്ടുകാരാ നമസ്കാരം.