Tuesday, 16 July 2019

സിനിമയിലും വൃദ്ധസദനങ്ങളുണ്ടെന്ന്
ശ്രീകുമാരൻ തമ്പി.

പട്ടാമ്പിയിലെ മാധ്യമ പ്രവർത്തകർ ശ്രീകുമാരൻ തമ്പിയെ ആദരിച്ചു.

കലയിലെ രാക്ഷസനാണ് സിനിമയെന്നും, എല്ലാ കലകളേയും സിനിമ വിഴുങ്ങുന്നുവെന്നും, ഇവിടെയും വൃദ്ധസദനങ്ങളുണ്ടെന്നും  പ്രശസ്ത കവിയും, ഗാന രചയിതാവും, തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.

പട്ടാമ്പി മീഡിയാ സെൻ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹൃദയസരസ്സിലെ ചന്ദ്രകാന്തം' എന്ന പരിപാടിയിൽ ആദരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്നത്തെ സിനിമയെക്കുറിച്ചും പാട്ടുകളെ കുറിച്ചുമൊക്കെ അദ്ദേഹം മനസ് തുറന്നു.
സിനിമ ഇന്ന് ടെക്നോളജിയുടെ കൈകളിലാണ്.
കഥയും കലാകാരനും അപ്രസക്തമായി. മുമ്പൊക്കെ നമ്മുടെ ജീവിതമാണ് കലയിൽ പ്രതിഫലിച്ചിരുന്നത്.
ഇന്ന് കാലം മാറി. കാഴ്ചപ്പാട് മാറി. ദർശനങ്ങൾ മാറി. ചിത്രീകരണ രീതികൾ ആകെ മാറി. അതു കൊണ്ട് മുമ്പത്തെ പോലെ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സിനിമാകാലം ഇപ്പോഴില്ല.
കൂട്ടുകുടുംബ വ്യവസ്ഥക്ക് ഗുണമുണ്ടായിരുന്നു. ഇന്നത്തെ തലമുറക്ക് അണുകുടുംബ അനുഭവങ്ങൾ മാത്രമാണുള്ളത്.
ഇന്ന് സിനിമകൾക്ക് കഥ ആവശ്യമില്ല. ജീവിത മുഹൂർത്തങ്ങൾ കാണിക്കുകയാണ് ചെയ്യുന്നത്. പ്രമേയം യുവത്വത്തിൻ്റേതാവണം. വാർദ്ധക്യം, സ്ത്രീധനം എന്നിവ ഇന്ന് സിനിമകളിൽ ചർച്ച ചെയ്യപ്പെടുന്നില്ല. സിനിമകളിൽ പഴയ ഉൾക്കാഴ്ചകൾക്കും സ്ഥാനമില്ല. പഴയ നായകനും നായികയുമാണെങ്കിൽ കാണാൻ ആളില്ല.
പഴയ സംവിധായകരേയും വൃദ്ധസദനങ്ങളിൽ നട തളളി. ഇപ്പോൾ ഫിലിമില്ല. മെമ്മറികളിലും, സാറ്റലൈറ്റുകളിലുമാണ് ഇന്ന് സിനിമ. ടെക്നോളജി ജീവിതം പഠിപ്പിക്കുന്നില്ല. അത്തരം സന്ദേശങ്ങളും ഇല്ല. ജീവിതത്തിൽ ഒറ്റപ്പെടുന്നവർക്ക് സാന്ത്വനമാവുന്നില്ല.
സിനിമയുടെ അലകും പിടിയും പാടെ മാറിയിരിക്കുന്നു. മുമ്പത്തെ ആക്ഷൻ സിനിമകളിൽ പോലും കഥകൾ ഉണ്ടായിരുന്നു. പാട്ടുകൾ തിരക്കഥയുടെ ഭാഗമായിരുന്നു.
അവ സിനിമയുടെ അനിവാര്യതയായിരുന്നു. ഇന്ന് പാട്ടിനു വേണ്ടി പാട്ട് ചേർക്കുകയാണ്. യുഗ്മഗാനം പാടുന്നവർ പോലും പരസ്പരം കാണേണ്ടി വരുന്നില്ല.  ടെക്നോളജിയാണ് എല്ലാം ചെയ്യുന്നത്.

എല്ലാ മേഖലയിലേയും പോലെ സിനിമാരംഗത്തും വൃദ്ധസദനങ്ങൾ  ഉണ്ടെന്നും, പഴയ തലമുറക്കാരെ വിശ്രമിക്കാൻ വിടുകയാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ഒരു നോവൽ പോലെ തന്റെ ആത്മകഥ എഴുതുമെന്നും മൂവായിരത്തില്പരം ഗാനങ്ങൾ എഴുതിയ തമ്പി പറഞ്ഞു.

പട്ടാമ്പി രാജ പ്രസ്ഥത്തിൽ നടന്ന ചടങ്ങിൽ മീഡിയാ സെൻ്റർ പ്രസിഡൻ്റ് കെ.പി. കിരൺ അദ്ധ്യക്ഷത വഹിച്ചു. ടി.വി.എം.അലി പൊന്നാടയണിയിച്ചു. സെക്രട്ടരി എം.വിഷ്ണു ഉപഹാരം സമ്മാനിച്ചു. കെ.മധു, എൻ.കെ.റാസി, കെ.വിനോദ് കുമാർ, പി.വി.വിജീഷ്, വി.തങ്കമോഹനൻ, കെ.പി.വിപിൻ, കെ.കെ.പരമേശ്വരൻ, സുൽഫിക്കർ, സാബിത് തുടങ്ങിയവർ പങ്കെടുത്തു.

Monday, 1 July 2019

വായന



നോവിൽ കിളിർത്ത വേരുകൾ.

പുസ്തക പ്രകാശനം നടന്ന ദിവസം തന്നെ എം.രവിയുടെ വേരുകളില്ലാത്ത നമ്മൾ എന്ന കവിതാ സമാഹാരം വായിക്കാൻ കഴിഞ്ഞു. ഇന്നലെ കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയ്നിൽ എറണാംകുളത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് പുസ്തകം വായനക്കെടുത്തത്.

1961ൽ ജനിക്കുകയും
29വർഷം നോവും നൊമ്പരവും പേറി ജീവിക്കുകയും,
1990ൽ കടുത്ത വ്യഥ സഹിക്കവയ്യാതെ,
'തോറ്റു പോയ ഞാനിനിയെങ്ങു പോയെന്താകുവാൻ' എന്നെഴുതി 'കള്ളവും ചതിയുമില്ലാത്തൊരു കളരിയിലേക്ക് നാട്യങ്ങളും കാപട്യങ്ങളും കൈവിട്ട് ' യാത്ര പോയ കവിയുടെ ഹൃദയതുടിപ്പുകളാണ് ഓരോ താളിലുമുള്ളത്.

പ്രസിദ്ധ വാദ്യകലാകാരൻ ചേലാത്ത് കൃഷ്ണൻകുട്ടി നായരുടേയും മൂത്തേടത്ത് സുലോചനയുടേയും ഒമ്പതു മക്കളിൽ നാലാമനായി ജനിച്ച രവി 29വർഷം മുമ്പാണ് ജീവൻ ഉപേക്ഷിച്ച് കടന്നു പോയത്. ദാരിദ്ര്യവും കഷ്ടപ്പാടും കലിതുള്ളിയ കുട്ടിക്കാലവും വ്യഥ മദിച്ച യൗവ്വനവുമാണ് രവിയെ വായനയുടെയും എഴുത്തിന്റെയും ശ്മശാനഭൂമിയിൽ എത്തിച്ചത്. ശവങ്ങളുറങ്ങുന്ന പറമ്പിലെ ഏകാന്തതയിലായിരുന്നു രവിക്ക് താല്പര്യം.
അവിടെ ചെന്നിരുന്ന് എഴുതുകയും വായിക്കുകയും ചെയ്തിരുന്ന രവി, അച്ഛന്റെ ശിക്ഷണത്തിൽ സഹോദരനോടൊപ്പം കൊട്ട് പഠിച്ചിട്ടുണ്ട്. നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്.

എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയിലെ പുസ്തകങ്ങളായിരുന്നു രവിയുടെ പ്രധാന കൂട്ട്. ചെസിലും കാൽപന്തുകളിയിലും കമ്പമുണ്ടായിരുന്നു.
കുറച്ചു കാലം ബഹറിൻ എയർപോർട്ടിലും മറ്റും ജോലി ചെയ്തിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകൾ ഹൃദിസ്ഥമാക്കിയിരുന്നു. കഷ്ടപ്പാടിന്നിടയിലും നാട്ടിലെ പൊതു പ്രവർത്തകനുമായിരുന്നു.

എല്ലാറ്റിനും മീതെ ജീവിതത്തിലെ തീവ്ര നൊമ്പരങ്ങൾ ഫണം വിടർത്തുകയും, നിരാശയുടെ നീരാളിക്കൈകൾ വരിഞ്ഞുമുറുക്കുകയും ചെയ്തു കൊണ്ടിരുന്നു. ലോകത്തിന്റെ കാപട്യം തിരിച്ചറിഞ്ഞ മരവിപ്പും ഒറ്റപ്പെടലും മരണ ചിന്തയും രവിയുടെ മനസിൽ ആധിപത്യം സ്ഥാപിച്ചു.
അതിനിടയിലും തോൽവിയുടെ തൊപ്പിയണിഞ്ഞ കവിയുടെ കവിതകൾ വിവിധ ആനുകാലികങ്ങളിൽ അച്ചടി മഷി പുരണ്ടു.

29 വർഷത്തിനു ശേഷം ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മയാണ് രവിയുടെ കവിതകൾ കണ്ടെടുത്ത് പുസ്തകമാക്കി പുറത്തിറക്കിയത്. മൂത്തേടത്ത് ബാബുവിന്റെ പഴയ ശേഖരത്തിൽ നിന്നാണ് പതിനാറ് കവിതകൾ ലഭിച്ചത്.

എഴുത്തിന്റെ തീക്ഷ്ണ കാലഘട്ടത്തിനു മുമ്പുതന്നെ ജീവിത കുപ്പായമഴിച്ചുവെച്ച രവി തികച്ചും അസാധാരണ പ്രതിഭ തന്നെയായിരുന്നുവെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
കാലമെത്ര കഴിഞ്ഞാലും പ്രതിഭാസമ്പന്നനായ ഒരു എഴുത്തുകാരൻ തന്റെ കൃതിയിലൂടെ ജീവിക്കുമെന്ന് ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു.

'ചിന്ത കട കോലാക്കി
മനസ്സെന്ന പാലാഴിയെ
പല കാലം കടഞ്ഞാലെ
കവിത വരൂ ദൃഢം'
എന്നറിയാമായിരുന്നിട്ടും പാകമാകാൻ കാത്തു നിൽക്കാതെ, കാവ്യകൈരളിക്ക് കൂടുതൽ കനപ്പെട്ട കൃതികൾ നൽകാതെ
'എന്തെഴുതുവാനിനി-
യില്ല... ഭാവനയുടെ
ചേതന മരവിച്ചൊ-
രീമഹൽ സദസ്സാൽ ഞാൻ ' എന്ന് കുറിച്ച് കവി കീഴടങ്ങൽ പ്രഖ്യാപിക്കുകയായിരുന്നു.

വി.ഗിരീഷിന്റെ വരയും വി.വി.ഗണേഷ്, വി.വി.ഗംഗേഷ് എന്നിവരുടെ ഡിസൈനിങും, ടി.ടി.പ്രഭാകരന്റെ അവതാരികയും, ശിവൻ ആറങ്ങോട്ടുകരയുടെ സ്മരണയും വേരുകളില്ലാത്ത നമ്മൾ എന്ന പുസ്തകത്തിന് ഉൾക്കനമേകുന്നു. ഇങ്ങിനെ ഒരു പുസ്തകം പുറത്തിറക്കിയ ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മയുടെ പ്രവർത്തകരോട് വായനാസമൂഹം കടപ്പെട്ടിരിക്കുന്നു.

/ടി വി എം അലി /
വായനയുടെ വസന്തോത്സവം
--------------------------
വായനയുടെ വഴികാട്ടിയായ പി.എൻ.പണിക്കരെ അനുസ്മരിച്ചു കൊണ്ട് സംസ്ഥാനത്ത് വായനാദിനാചരണവും വാരാഘോഷവും പക്ഷാചാരണവും വിവിധ പരിപാടികളോടെയാണ് ഇത്തവണയും കൊണ്ടാടിയത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പുതുവായിൽ
നാരായണ പണിക്കരുടെ (പി.എൻ.പണിക്കർ) പ്രസക്തി ഇ-വായനയുടെ കാലത്തും പ്രശോഭിതമാണ്.

പട്ടിണി കിടക്കുന്ന മനുഷ്യരോട് പുസ്തകം കൈയ്യിലെടുക്കൂ എന്നാണ്
ജർമൻ ചിന്തകനായിരുന്ന ബെർതോൾട് ബ്രെഹ്ത് ആഹ്വാനം ചെയ്തത്. ഞാൻ ഹൈസ്കൂളിൽ ചേർന്ന കാലത്ത്
തന്നെ ബ്രെഹ്തിന്റെ വാക്കുകൾ വായിച്ചതായി ഓർക്കുന്നുണ്ട്.
അപ്പർ പ്രൈമറിയിൽ പഠിക്കുന്ന സമയത്തു തന്നെ സ്കൂളിന്റെ മുന്നിലുള്ള വായന ശാലയിൽ നിത്യ സന്ദർശകനായിരുന്നു. ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ  (എൽ.എൽ.എ.) കീഴിലുള്ളതായിരുന്നു
ആ വായനാശാല.
അന്ന് സഹദേവൻ എന്ന ജീവനക്കാരനായിരുന്നു ലൈബ്രേറിയൻ.
കാലിനു ശേഷിക്കുറവുള്ള സഹദേവൻ എല്ലാ കുട്ടികളുടെയും
പ്രിയപ്പെട്ടവനായിരുന്നു. റീഡിംഗ് ഹാളിൽ വെച്ചിട്ടുള്ള ഹാജർ പുസ്തകത്തിൽ ഒപ്പുവെക്കുക എന്നതായിരുന്നു
ഞങ്ങളുടെ പ്രഥമ ഹോബി. ദിനപത്രങ്ങളും വാരികകളും വെട്ടി വിഴുങ്ങി ഞങ്ങളിൽ പലരും അന്ന്
വിശപ്പടക്കി എന്നത് നേരാണ്. കുട്ടികളായതിനാൽ പുസ്തകം വീട്ടിൽ കൊണ്ടു പോകാൻ അനുവാദം ഉണ്ടായിരുന്നില്ല.
എങ്കിലും പുസ്തകം വിട്ടൊരു കളി ഉണ്ടായിരുന്നില്ല.

വട്ടേനാട് ഗവ. ഹൈസ്കൂളിൽ
എട്ടാം തരത്തിൽ ചേർന്ന കാലത്ത് ഞാനും സുഹൃത്തായ അച്യുതനും ഒരു പരിപാടിയിട്ടു.
മൂന്നു കിലോമീറ്റർ ദൂരെയുള്ള മുടവന്നൂർ വായനശാലയിൽ ചെന്ന് അംഗത്വം എടുത്തു.
അന്ന് അവിടെ ലോക ക്ലാസിക്
കൃതികളുടെ വൻ ശേഖരം തന്നെ ഉണ്ടായിരുന്നു. എന്നാൽ മുടവന്നൂരിൽ എത്തിപ്പെടുക എന്നത് അന്നത്തെ കാലത്ത്
അതിസാഹസവുമാണ്.
തൃത്താല മണ്ഡലത്തിലെ വയനാട് എന്നാണ് മുടവന്നൂർ അന്ന് അറിയപ്പെട്ടിരുന്നത്. കമ്മൂണിസ്റ്റ് നേതാക്കൾക്ക്
ഒളിത്താവളം ഒരുക്കിയ പ്രദേശമായിരുന്നു. ചെങ്കുത്തായ കുന്നിലേക്ക് കയറി പോകാൻ കുടുസ്സായതും
ദുർഘടം നിറഞ്ഞതുമായ ഇടവഴി മാത്രം.
സ്കൂൾ വിട്ടു വന്നാൽ ഞങ്ങളിരുവരും യാത്ര തുടങ്ങും. ആടിപ്പാടിക്കഥകളുടെ ഉരുക്കഴിച്ചാണ് യാത്ര.
ഒന്നോ രണ്ടോ മണിക്കൂർ സമയമെടുത്താണ്
വായനശാലയിലെത്തുക.

അലമാര നിറയെ അടുക്കി വെച്ച പുസ്തകങ്ങളാണ്. പഴനെല്ലിന്റെ മണമുള്ള പുസ്തകങ്ങൾ പരതി ആവശ്യമുള്ളത് തെരഞ്ഞെടുക്കും. ലെഡ്ജറിൽ
ഒപ്പിട്ടു പുസ്തകം വാങ്ങി കുന്നിറങ്ങും.
അങ്ങോട്ടുമിങ്ങോട്ടും ആറു കിലോ മീറ്റർ സാഹസിക യാത്രക്ക് ശേഷം വീട്ടിലെത്തു മ്പോഴേക്കും ഇരുൾ പരന്നു കഴിയും. രാത്രി ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലിരുന്നു ഒറ്റയിരുപ്പിനു
തന്നെ പുസ്തകം വായിച്ചു തീർക്കും.
പിറ്റേന്ന് യാത്ര ആവർത്തിക്കും.
ഒരു ദിവസം ഒരു പുസ്തകം
വായിച്ചു വിശപ്പടക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി.

റേഷൻ കടയിലും പല ചരക്കു കടയിലും
അരിക്ക് ക്ഷാമമുള്ള കാലമായിരുന്നു. ഉണക്കിയ മരച്ചീനി
(പൂളവട്ട്) മാത്രമേ കടകളിൽ കിട്ടുമായിരുന്നുള്ളൂ.
അത് വാങ്ങി കൊണ്ടുവന്നു ഇടിച്ചു പൊടിയാക്കി പുട്ടോ അപ്പമോ ഉണ്ടാക്കി കഴിക്കുകയല്ലാതെ
വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല.
ആ വിരക്തിക്ക് പരിഹാരമായത് വായന തന്നെ ആയിരുന്നു.
അക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒട്ടുമിക്ക വിദേശ ക്ലാസിക് കൃതികളും മുടവന്നൂർ ഗ്രാമീണ വായനശാലയിൽ ഉണ്ടായിരുന്നു.
മൂന്നു വർഷം കൊണ്ട് ആയിരത്തോളം പുസ്തകങ്ങൾ ഞങ്ങൾ വായിച്ചു തീർത്തു. അന്നത്തെ ആ വായനയാണ് ഞങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയത് എന്ന് നിസ്സംശയം പറയാം.

ഇന്ന് ഇ-വായനയുടെ കാലം. വിരൽതുമ്പിൽ പുസ്തക കൂമ്പാരമുണ്ട്. പക്ഷേ അന്നത്തെ വായനയുടെ സുഗന്ധം ഗൃഹാതുര സ്മരണയിൽ മാത്രമേയുള്ളു.