കുമ്പളങ്ങിയിലെ പകലിരവുകൾ...
കാണാത്ത സിനിമകളുടെ പട്ടികയിലേക്ക് ചീഞ്ഞ കുമ്പളങ്ങ പോലെ ഞാൻ ഇതിനെ വലിച്ചെറിഞ്ഞതായിരുന്നു.
ആദ്യവാരത്തിൽ തിയേറ്ററിൽ കയറാതെ വിട്ടു നിൽക്കുകയും ചെയ്തു.
പക്ഷേ ഒരാഴ്ച പിന്നിട്ടപ്പോൾ, സ്ഥിരം പ്രേക്ഷക പ്രജകളുടെ ഇഷ്ട വായ്ത്താരി കേട്ടപ്പോൾ, രണ്ടാം വാരത്തിൽ കാണേണ്ടി വന്നു. കണ്ടു കഴിഞ്ഞപ്പോഴാണ് കുമ്പളങ്ങി ഒരു സിനിമയല്ലെന്നും, വേണ്ടാത്തതെല്ലാം വലിച്ചെറിയപ്പെടുന്ന തീട്ടപറമ്പിലെ ഒരു പാട് ജീവിതങ്ങളുടെ നേർക്കാഴ്ചയാണെന്നും ബോധ്യമായത്. തനി
മനിതന്മാരുടെ, തനി
വാഴ് വ് തന്മയത്വത്തോടെ വെള്ളിത്തിരയിലെത്തിക്കുന്ന തമിഴ് സംവിധായകർ നമുക്ക് ഏറെപ്പേരുണ്ട്. അക്കൂട്ടത്തിലിപ്പോൾ കുമ്പളങ്ങിയുടെ പകലിരവുകൾ ഒരുക്കിയ ടീമും ഇടം പിടിച്ചിരിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വരുടെ കഥ പറയുന്ന സിനിമകളൊന്നും കേരളത്തിലെ തിയേറ്ററിൽ എത്താത്തൊരു കാലം നിലനിന്നിരുന്നു. അത്തരം സിനിമകൾ നിർമിക്കാനോ വിതരണത്തിനെടുക്കാനോ ആളില്ലാത്ത സ്ഥിതിയും ഉണ്ടായിരുന്നു. തമ്പുരാക്കന്മാരുടെ അമാനുഷികതയും, മദ്യ- മദിരാക്ഷി ഉത്സവങ്ങളും മലയാള സിനിമയുടെ സ്ഥിരം ചേരുവയായി മാറിയപ്പോഴാണ് മലയാള സിനിമാസ്വാദകർ ഇതര ഭാഷാചിത്രങ്ങൾ തേടിപ്പോയത്. എന്നാൽ കുമ്പളങ്ങി നൈറ്റ്സ്, ജീവിതഗന്ധിയിലേക്കുള്ള ഒരു തിരിച്ചു വരവാണ്. ചെളി തിങ്ങിയ ചേരിയിലും പൊളിഞ്ഞു പാളീസായ ചാളപ്പുരയിലും ഒരു ആഗോള ഭവനം കെട്ടിപ്പടുക്കാൻ സാധ്യമാണെന്ന് കുമ്പളങ്ങി തെളിയിക്കുന്നു. ഒന്നിലേറെ തന്തമാർക്കും തള്ളമാർക്കും ജനിച്ച മക്കൾ, ഒരു കായൽ തുരുത്തിൽ തൂറാനൊരു കക്കൂസു പോലുമില്ലാത്ത ചെറിയൊരു കൂരയിൽ കുടിച്ചും കലഹിച്ചും കടിച്ചും സ്നേഹിച്ചും, തോണി തുഴഞ്ഞും വലയെറിഞ്ഞും നാളുന്തുകയാണ്. ഇടവകയും തിരുസഭയും പുരോഹിതരും ഒന്നും വഴി നടക്കാത്ത കായലോരത്ത് പ്രകൃതിയുടെ മനോഹാരിത കാണാനെത്തുന്നത് ഏതാനും വിദേശ സഞ്ചാരികൾ മാത്രമാണ്. അതു കൊണ്ടു തന്നെ കുമ്പളങ്ങിയിൽ നിന്ന് ആഫ്രിക്കയിലേക്കും അമേരിക്കയിലേക്കും നക്ഷത്ര വെളിച്ചമെത്തുന്നുണ്ട്. ഹോം സ്റ്റേ എന്ന കൂടാരമൊരുക്കി ഡോളർ നേടാനാവുമെന്ന് തെളിയിച്ചവരുമുണ്ട്. ആഗോള ഗ്രാമത്തിന്റെ പരിഛേദമായതു കൊണ്ടാവാം സാഹചര്യം കൊണ്ട് ഇഷ്ടപ്പെട്ട യുവതികളെ കൂടെക്കൊണ്ടുവന്നു
താമസിപ്പിക്കുന്നതിന് ആരുടേയും അനുവാദം ആവശ്യമായി വരുന്നുമില്ല. ഓരോ നിമിഷവും ഓരോ ദിവസവും കുമ്പളങ്ങി കടന്നു പോകുന്നത് പ്രേക്ഷകരുടെ കണ്ണിലൂടെയല്ലാ; ഹൃദയത്തിലൂടെയാണ്. മനസിന്റെ കാൻവാസിൽ കോറിയിട്ട ഒരു ചിത്രമാണിത്. മലയാള സിനിമക്ക് ഇനി സാധാരണക്കാരന്റെ കഥ ധൈര്യമായി പറയാം. വരേണ്യ വിഭാഗത്തിന്റെ സുഖദുഃഖങ്ങളിലെ കൃത്രിമത്വവും ഏച്ചുകെട്ടലും നിറക്കൂട്ട് ചേർക്കലും ഇനി ആവശ്യമില്ല. നല്ല സിനിമയെ നെഞ്ചേറ്റാൻ മലയാള പ്രേക്ഷകർക്ക് കഴിയുമെന്ന് കുമ്പളങ്ങി തന്നെ തെളിവ്. തിയേറ്റർ വിട്ടിറങ്ങിയാലും സജിയും ബോണിയും ബോബിയും ഷമ്മിയും ഫ്രാങ്കിയുമെല്ലാം കായലോരത്ത് തന്നെ ജീവിക്കുന്നുണ്ടെന്ന് പ്രേക്ഷകന് തോന്നും. സംവിധായകൻ മധു സി. നാരായണനും, ശ്യാം പുഷ്കരനും ഷൈജു ഖാലിദും യാഥാർഥ്യത്തോട് ചേർന്നുനിന്നാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. കുമ്പളങ്ങിയെന്ന ദേശത്തെയും അവിടത്തെ സാധാരണക്കാരായ മനുഷ്യരെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേർത്തുനിർത്തുന്നതിൽ ടീം വിജയിച്ചിരിക്കുന്നു. ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള എല്ലാ അഭിനേതാക്കളും കുമ്പളങ്ങിക്കാരായി ജീവിക്കുകയാണ്. ആഗോളവൽക്കരണത്തിന്റെ നീരാളിക്കൈകളെ കുറിച്ച് ധാരാളം കേട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, കുമ്പളങ്ങിയിലെ ഗ്ലോബൽ വില്ലേജ് വരും കാലത്തേക്കുള്ള ചൂണ്ടുപലകയാണ്.
/ ടി വി എം അലി /
No comments:
Post a Comment