Tuesday, 15 November 2016

ഭാവപൂര്‍ണതയോടെ ജടായുവധാങ്കം



കലയുടെ ചുറ്റുവട്ടത്ത് കുടുങ്ങിപ്പോവാതെ കലാകാരന്‍മാര്‍ സമൂഹത്തിന്റെ ഭാഗമാവുമ്പോഴാണ് കല കാലികമാവുന്നതെന്നും സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന നടന്റെ ആട്ടങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമമില്ലാതെതന്നെ കാലികമായിരിക്കുമെന്നും പട്ടാമ്പിയില്‍  നടന്ന ആട്ടങ്ങളുടെ കാലികത എന്ന സംവാദം അഭിപ്രായപ്പെട്ടു. ഏകലോചനം സംഘടിപ്പിച്ച സംവാദത്തില്‍ പ്രൊഫസര്‍ ജി.ദിലീപന്‍ മുഖ്യപ്രഭാഷണം നടത്തി. 
ആശ്ചര്യചൂഡാമണി അടിസ്ഥാനമാക്കി നടന്ന ലക്ചര്‍ ഡെമോണ്‍സ്‌ട്രേഷന്‍ പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി നയിച്ചു. ഡോ.പി.വേണുഗോപാല്‍ പ്രബന്ധാവതരണം നടത്തി. തുടര്‍ന്ന് മായാരാമന്‍ നിര്‍വ്വഹണവും ജടായുവധാങ്കം കൂടിയാട്ടവും അരങ്ങേറി. ജടായുവധാങ്കം കൂടിയാട്ടത്തിലൂടെ രാവണന്റെ സീതാപഹരണവും ജടായുവധവും ഭാവപൂര്‍ണമായി അരങ്ങിലവതരിപ്പിച്ച് കൂടിയാട്ടത്തിലെ പുതുതലമുറ ശക്തമായ സാന്നിദ്ധ്യമായി. ഇതോടെ ഏകലോചനം ഏറ്റെടുത്ത ജടായുവധാങ്കം സമ്പൂര്‍ണാവതരണപരമ്പര സമാപിച്ചു. 

പ്രസിദ്ധ നാടകസംവിധായകന്‍ നരിപ്പറ്റ രാജുവിന്റെ പ്രത്യേക ദീപവിന്യാസത്തില്‍ അരങ്ങേറിയ കൂടിയാട്ടത്തില്‍ സൂരജ് നമ്പ്യാര്‍, കലാമണ്ഡലം സംഗീത്, കലാമണ്ഡലം ജിഷ്ണുപ്രതാപ്, കലാമണ്ഡലം രമിത്, ഗണേഷ്‌കൃഷ്ണ, കലാമണ്ഡലം പ്രശാന്തി തുടങ്ങിയവര്‍ വേഷമിട്ടു. കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം ജയരാജ്, കലാമണ്ഡലം ശിവപ്രസാദ്, 
നേപഥ്യ ജിനേഷ് പി ചാക്യാര്‍ തുടങ്ങിയവര്‍ മിഴാവിലും കലാനിലയം രാജന്‍, കലാമണ്ഡലം നിധിന്‍ കൃഷ്ണ തുടങ്ങിയവര്‍ ഇടക്കയിലും കലാമണ്ഡലം സംഗീത, അശ്വതി,നില തുടങ്ങിയവര്‍ താളത്തിലും കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം ശ്രീജിത് എന്നിവര്‍ ചുട്ടിയിലും കൂടിയാട്ടത്തില്‍ പങ്കെടുത്തു.






Thursday, 3 November 2016

സ്മരണ / വിടവാങ്ങിയത് സൗഹൃദത്തിന്റെ പൂങ്കാവനം



മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സി.കെ.അബ്ദുള്ള മാഷ് വിടവാങ്ങിയതോടെ മൂന്നു പതിറ്റാണ്ടു നീണ്ടു നിന്ന സൗഹൃദത്തിന്റെ പൂങ്കാവനമാണ് എനിക്ക് നഷ്ടമായത്. 
1980 കളിൽ ഞാൻ പത്ര പ്രവർത്തന രംഗത്ത് പിച്ച വെച്ച സമയത്താണ്‌ ഞങ്ങളുടെ സൗഹൃദം തളിർത്തത്. 
തൃശൂരിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന 'എക്സ്പ്രസ്സ്' പത്രത്തിന്റെ പട്ടാമ്പി ലേഖകനായിരുന്ന എനിക്ക് ഒട്ടേറെ വാർത്തകളുടെ ഉറവിടം കാണിച്ചു തന്നത് അബ്ദുള്ള മാഷായിരുന്നു. ആരോടും വലുപ്പ ചെറുപ്പം കാണിക്കാത്ത പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. പട്ടാമ്പിയിലെ എല്ലാ മാധ്യമ പ്രവർത്തകരോടും എന്നും സൗഹൃദം പുലർത്തിയിരുന്ന മാഷുടെ പൊടുന്നനെയുള്ള വേർപ്പാട് ഞങ്ങളെ സംബന്ധിച്ചിടത്തോളം തീരാ നഷ്ടമാണ്. പട്ടാമ്പിയിൽ മുസ്ലിം ലീഗിന് ജനകീയ അടിത്തറ ഒരുക്കുന്നതിനും വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉന്നത പഠന സൗകര്യം ഉണ്ടാക്കുന്നതിനും അദ്ദേഹം തീവ്രമായി യത്നിച്ചു. ഷൊർണൂർ കണയം എൽ.പി.സ്‌കൂളിൽ അധ്യാപകനായിരുന്ന അബ്ദുള്ള മാഷ് പൊതു പ്രവർത്തനത്തിന് വേണ്ടിയാണ് സ്വയം വിരമിച്ചത്. കുളപ്പുള്ളി അൽ അമീൻ എഞ്ചിനിയറിങ് കോളേജ്, ഓങ്ങല്ലൂർ അൽ ഹുദ ഇ0ഗ്ളീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂൾ, മഞ്ചേരി ഏറനാട് നോളജ് സിറ്റി, പട്ടാമ്പി അൽ അമീൻ ലോ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും ചാലക ശക്തിയായിരുന്നു അദ്ദേഹം. സ്വാശ്രയ എഞ്ചിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മൈനോറിറ്റി പ്രൊഫഷണൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം, കെ.എസ് .ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ്, ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഇരുപത് വർഷത്തോളം ഭരണ സമിതി അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ശ്‌ളാഘനീയമായിരുന്നു. ഒരേ സമയം വിവിധ മേഖലകളിൽ കർമ നിരതനാവുകയും, വ്യത്യസ്ത വീക്ഷണങ്ങളോട് സമരസപ്പെടുകയും, വെല്ലുവിളികളെ സമചിത്തതയോടെ സമീപിക്കുകയും, വൈവിധ്യമാർന്ന പദ്ധതികൾ യാഥാർഥ്യമാക്കി വിജയ പാതയിലേക്ക് നയിക്കുകയും ചെയ്യുക എന്നത് ഒരു നിയോഗം പോലെയാണ് അദ്ദേഹം ഏറ്റെടുത്തത്. അതുകൊണ്ടു തന്നെ വ്യാപരിച്ച മേഖലകളിൽ എല്ലാം അദ്ദേഹത്തിന്റെ അഭാവം വലിയ ശൂന്യത സൃഷ്ടിക്കും. കേരളത്തിന് പുറത്തും അദ്ദേഹത്തിന്റെ സേവനം ലഭിച്ചവരുണ്ട്. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ ഭവന രഹിതർക്ക് ആവാസ കേന്ദ്രമുണ്ടാക്കുന്നതിനും മദ്രസാ പഠന സൗകര്യം ഒരുക്കുന്നതിനും അദ്ദേഹം മുമ്പന്തിയിൽ നിന്നിരുന്നു. ബംഗാളിൽ എത്തിയാൽ അദ്ദേഹം എന്നെ വിളിക്കാറുണ്ട്. വാട്സ് ആപ്പിലും ഇ-മെയിലിലും അവിടെ നടന്ന കാര്യങ്ങൾ ചിത്ര സഹിതം അയക്കാറുണ്ട്. അതെല്ലാം മറ്റു പത്രക്കാർക്കും നൽകണമെന്ന് നിർദേശിക്കാറുണ്ട്. എവിടെ പോയാലും വാർത്ത കണ്ടെത്താനും അക്കാര്യം അറിയിക്കാനും അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു. മരണം വരെ അദ്ദേഹം ആ ബന്ധം തുടർന്നുപോന്നു. അങ്ങിനെ മൂന്നു പതിറ്റാണ്ടായി തുടർന്നുപോന്ന ആത്മ ബന്ധമാണ് അകന്നുപോയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം മാധ്യമ പ്രവർത്തകർക്ക് വലിയ നഷ്ടം തന്നെയാണ്. അബ്ദുള്ള മാഷുടെ ഓർമ്മകൾ അത്ര വേഗം ഞങ്ങളെ വിട്ടു പിരിയില്ല. ദീപ്ത സ്മരണകൾ എന്നുമുണ്ടാവും.
-----------------------------
ടി വി എം  അലി 
-----------------------------