ആസ്യയുടെ കാത്തിരിപ്പിന് മുപ്പതാണ്ട്
-----------------------------------------------------------------
ഇന്നല്ലെങ്കിൽ നാളെ ഗൃഹ നാഥൻ വരുമെന്ന് കരുതി ആസ്യ കാത്തിരിക്കാൻ തുടങ്ങിയിട്ട് മുപ്പതാണ്ട്.
കിഴായൂർ ആന്തൂർ പള്ളിയാലിൽ ആക്കുന്നിനു മീതെ താമസിക്കുന്ന തൊട്ടിയിൽ വീട്ടിൽ പരേതനായ കുഞ്ഞീതിയുടെ മകൾ ആസ്യ -46- യാണ് 30 വർഷം മുമ്പ് നാട് വിട്ടു പോയ ഭർത്താവിനെ കാത്തിരിക്കുന്നത്. കോട്ടയം സ്വദേശി വെള്ളാപ്പള്ളി വിജയകുമാർ എന്ന സുബൈർ വീട് വിട്ടു പോകുമ്പോൾ മകൾ റഹ്മത്തിന് ഒരു വയസ്. അവൾ ഇപ്പോൾ രണ്ടു കുട്ടികളുടെ മാതാവ്. സുബൈർ ആസ്യയെ കല്യാണം കഴിക്കുന്ന സമയത്ത് ഒറ്റപ്പാലം പാലപ്പുറത്തായിരുന്നു താമസിച്ചിരുന്നത്. കൂട്ടുകാർ മുഖേനയാണ് വിവാഹ ആലോചന വന്നതെന്ന് ആസ്യ ഓർക്കുന്നു. കോട്ടയത്ത് നിന്ന് പോന്ന ശേഷമാണ് വിജയകുമാർ ഇസ്ലാം മതം ആശ്ലേഷിച്ചത്. സുബൈർ ആസ്യയെ വിവാഹം ചെയ്ത ശേഷം കുറച്ചു കാലം പട്ടാമ്പിയിൽ വാടക വീട്ടിൽ ഇരുവരും താമസിച്ചു. മൽസ്യം, ഐസ് എന്നിവ വില്പന നടത്തിയായിരുന്നു ഉപ ജീവനം. മൂന്നു വർഷം സന്തോഷത്തോടെ തന്നെ ജീവിച്ചു. അതിനിടയിൽ പെണ്‍ കുഞ്ഞു ജനിച്ചു. അങ്ങിനെയിരിക്കെ ആക്കുന്നിനു മീതെ 14 സെന്റ് സ്ഥലം സുബൈർ വാങ്ങി ചെറിയൊരു വീട് വെച്ചു. അവിടെ താമസിക്കുന്ന സമയം ആസ്യയുടെ പിതാവിൽ നിന്ന് കടം വാങ്ങിയ മൂവ്വായിരം രൂപയെ ചൊല്ലി സുബൈറും കുഞ്ഞീതിയും തമ്മിൽ വാക്കു തർക്കം ഉടലെടുത്തു. ഇതിനെ തുടർന്ന് കടം വീട്ടാൻ നാല് സെന്റ് സ്ഥലം മുറിച്ചു വിൽക്കുകയും ചെയ്തു. ശേഷിക്കുന്ന പത്തു സെന്റ് സ്ഥലം ഇപ്പോഴും സുബൈറിന്റെ പേരിൽ തന്നെയാണ്. ഭാര്യാ പിതാവുമായി ഉണ്ടായ അസ്വാരസ്യത്തെ തുടർന്ന് ആസ്യയും ബലിയാടായി മാറുകയായിരുന്നു. ഇതിനെ തുടർന്ന് വസ്തുവിന്റെ ആധാരം എടുത്തു സുബൈർ നാട് വിടുകയായിരുന്നു എന്നാണ് ആസ്യ പറയുന്നത്. സുബൈർ നാട് വിട്ട ശേഷം ഇന്നേവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. മകൾ റഹ്മത്തിന് ബാപ്പയെ കണ്ട ഓർമയില്ല. അന്നവൾക്ക് ഒരു വയസ് പ്രായമേ ആയിരുന്നുള്ളു. ഭര്ത്താവ് മുജീബിന്റെ കൂടെ മൈസൂരിൽ കഴിഞ്ഞിരുന്ന റഹ്മത്ത് കുട്ടികളുടെ പഠനത്തിനു വേണ്ടി ഇപ്പോൾ ഉമ്മയുടെ കൂടെയുണ്ട്. വീട്ടു പണികൾ ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ആസ്യ മുപ്പതു വർഷവും തള്ളി നീക്കിയത്. എന്നെങ്കിലും ഒരു ദിവസം സുബൈർ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആസ്യയും കുടുംബവും.