Tuesday, 16 September 2014

ഇന്ത്യയിലെ ആദ്യത്തെ പത്രം


ജെയിംസ്‌ അഗസ്റ്റസ് ഹിക്കി എന്ന സായിപ്പാണ്‌ ഇന്ത്യയിലെ ആദ്യത്തെ പത്രം പുറത്തിറക്കിയത്‌. ബംഗാൾ ഗസറ്റ് ( കൽക്കട്ട അട്വർറ്റൈസർ ) എന്നായിരുന്നു അതിന്റെ നാമം. എല്ലാവർക്കും വായിക്കാവുന്നതും എന്നാൽ ആരാലും 
സ്വാധീനിക്കാൻ കഴിയാത്തതും എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ആ വർത്തമാന പത്രം വായനക്കാരുടെ കൈകളിൽ എത്തിയത്. 1780 ജനവരി 29 നാണ് ആ പത്രം പിറന്നു വീണത്‌. എന്നാൽ രണ്ടു വർഷം പിന്നിട്ടപ്പോൾ 
പത്രാധിപർ ജയിലിൽ അടക്കപ്പെട്ടു. പത്രം അടച്ചു പൂട്ടി. പത്ര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം തന്നെയായിരുന്നു അതിന്റെ അന്ത്യം കുറിച്ചത്.
അങ്ങിനെ ആദ്യത്തെ പത്രം തന്നെ ചരിത്രം കുറിച്ചു .
ലോകത്തിലെ ആദ്യത്തെ പത്രം പുറത്തിറങ്ങിയത് ആയിരം വർഷം മുമ്പാണ്. ''പിങ്ങ് പാവൊ " എന്ന് പേരുള്ള ആ പത്രത്തിന്റെ ജന്മ ഭൂമി ചൈനയാണ്. തലസ്ഥാന വാർത്തകൾ എന്നാണ് അതിന്റെ അർത്ഥം . എന്നാൽ ആദ്യത്തെ ലക്ഷണമൊത്ത  പത്രമായി അറിയപ്പെട്ടത് 1609 ജനവരി 15 ന് ജർമനിയിൽ നിന്ന് 
പുറത്തിറങ്ങിയ " അവിസൊ " ആണ്. ജൂലിയസ് അഡോൾഫ് മോൻസോഹിനി 
എന്ന വ്യക്തിയായിരുന്നു ഉടമ. ഇന്ന് നാം കാണുന്ന പത്രങ്ങളുടെ ആദ്യ രൂപം പിറന്നത്‌ 400 വർഷം മുമ്പ് മാത്രമാണ്. ലോക ചരിത്രത്തിൽ ഇത് ചെറിയൊരു 
കാലയളവു മാത്രമായതിനാൽ പത്രങ്ങളുടെ വളർച്ച കൂമ്പടഞ്ഞു എന്ന് പറഞ്ഞ് വിലപിക്കാൻ സമയമായിട്ടില്ല. ആർജവമുള്ളതും പ്രതികരണ ശേഷി നില നിൽക്കുന്നതുമായ ഒരു സമൂഹത്തിൽ മാധ്യമങ്ങളുടെ വളർച്ചയും വികാസവും പൂർണത പ്രാപിക്കും.  

Friday, 12 September 2014

ഡോക്ടർ അംബേദ്‌കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് - 2014


ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ബാബാ സാഹേബ് ഡോ.അംബേദ്‌കർ നാഷണൽ
ഫെല്ലോഷിപ്പ് അവാർഡുകൾ  പ്രഖ്യാപിച്ചു. പ്രസ്തുത ഫെല്ലോഷിപ്പിന് എന്നെ തെരഞ്ഞെടുത്തതായി കാണിച്ചു കൊണ്ട് നാഷണൽ പ്രസിഡന്റ് ഡോ.എസ് .പി.സുമനക്ഷരുടെ കത്ത് ലഭിച്ചു. ഇതോടൊപ്പം സൗത്ത് ഇന്ത്യൻ കമ്മിറ്റി ജനറൽ സെക്രടറി തോട്ടപ്പള്ളി ബാലകൃഷ്ണൻ എഴുതിയ കത്തും ലഭിച്ചു. 2014 ഡിസംബർ 13,14 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന അക്കാദമിയുടെ 30-)മത്  ദേശീയ സമ്മേളനത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപ്പിയായ ബി.ആർ. അംബേദ്കരുടെ പേരിലുള്ള പുരസ്ക്കാരം
എന്നെ തേടിയെത്തിയതിൽ ആഹ്ലാദവും അഭിമാനവും ഉണ്ട്. ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിക്കും
അതിന്റെ സാരഥികൾക്കും നന്ദി.