Friday, 11 October 2013

മൃഗബലി പോലെ നരബലി

                                               മനുഷ്യൻ എത്ര സുന്ദര പദം.       എന്നാൽ അവൻ ചെയ്യുന്ന
പ്രവർത്തി അത്ര സുന്ദരമാണോ?  ഈയിടെ ഉണ്ടായ രണ്ടു ക്രൂര കൃത്യങ്ങൾ പരിശോധിക്കുമ്പോൾ മനുഷ്യൻ തനി പ്രാകൃതൻ ആവുകയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതപ്പുഴയിൽ ആണ് രണ്ടു കൊലപാതകങ്ങൾ നടന്നത്.  കഴിഞ്ഞ വർഷം ഒടീഷ സംസ്ഥാനക്കാരനായ വിക്രം നായിക് ( 24 ) ആണ് ഭാരതപ്പുഴയിൽ അതി നിഷ്റ്റൂരമായി കൊലചെയ്യപ്പെട്ടത്. കഴുത്ത് അറുത്തും വയർ കുത്തിക്കീറിയും ജനനേന്ദ്രിയം മുറിച്ചു മാറ്റിയും കൊലപ്പെടുത്തിയത് കൂട്ടുകാർ തന്നെയായിരുന്നു. നാൽപ്പതിനായിരം രൂപക്ക് വേണ്ടിയാണ് അവർ വിക്രം നായിക്കിനെ കൊന്നു പുഴയിൽ തള്ളിയത്.
                         ആ സംഭവത്തിന്റെ അലകൾ അടങ്ങും മുമ്പാണ് രണ്ടാമത്ത
കൊല നടന്നത്. ബംഗാൾ സംസ്ഥാനക്കാരനായ ഇബ്രാഹിം കൊക്കൻ ( 34 ) കഴിഞ്ഞ രണ്ടു നാൾ മുമ്പാണ് ഭാരതപ്പുഴയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. പട്ടാമ്പി പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് പുഴ മധ്യത്തിൽ അരും കൊല നടന്നത്.   കഴുത്തിൽ കത്തികൊണ്ട് വെട്ടിയും ബലം പ്രയോഗിച്ച് വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ചും കൊന്ന ശേഷം ശിരസ്സ് അറുത്തു മാറ്റിയ സംഭവമായിരുന്നു അത്.    ഈ കേസിൽ നാല് പ്രതികളാണ് അറസ്റ്റിലായത്. നാട്ടുകാരും സഹപ്രവർത്തകരുമാണ്  നാല് പേരും.      പ്രധാന പ്രതി കാൽ ലക്ഷം രൂപാ വീതം കൂലി വാഗ്ദാനം നൽകിയാണ്‌ കൂടെ കൂട്ടിയത്.
                                          ഇബ്രാഹിമിന്റെ കഴുത്തു അറുത്തു മാറ്റിയ രീതി കണ്ട് പോലീസും പോലിസ് സർജ്ജനും അത്ഭുതപ്പെട്ടു എന്നാണു പറയുന്നത്.
 ഇത്ര വിദഗ്ദമായി മനുഷ്യന്റെ കഴുത്ത് മുറിച്ചത് അവരെ ഞെട്ടിച്ചു എന്നാണ് പറയുന്നത്.
 ദിനം പ്രതി കുറ്റകൃത്യങ്ങൾ പെരുകുകയാണ്. അതോടൊപ്പം
ക്രൂരതയുടെ പുതു രീതിശാസ്ത്രങ്ങളും മാറിക്കൊണ്ടിരിക്കുന്നു.
                       പിഞ്ചു ബാലിക മുതൽ പടുകിഴവികൾ വരെ പീഡനത്തിനു
ഇരകളാവുന്ന കലികാലത്തിൽ മൃഗങ്ങൾ പോലും ചെയ്യാത്ത ക്രൂരതകളാണ്
മനുഷ്യൻ ഇപ്പോൾ പരീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കുറ്റവാളികളായ
ഇരുകാലികളെയെങ്കിലും മനുഷ്യൻ എന്ന് വിളിക്കാതിരിക്കാം.

Monday, 7 October 2013

ഒരു സിനിമയും ഞാനും പിന്നെ മദിരാശിയും

                         16 വയതിനിലെ   
                         വീണ്ടും  വെള്ളിത്തിരയിൽ
...

     1976 ൽ റിലീസ് ചെയ്ത 16 വയതിനിലെ എന്ന തമിൾ സിനിമ വീണ്ടും തിയ്യേറ്ററിൽ എത്തുന്നു എന്ന വാർത്തയാണ് ഈ കുറിപ്പിന് പ്രേരണയായത്. 37 വർഷം മുമ്പുള്ള ഒരു കാലം ഫ്ലാഷ് ബാക്ക് എന്ന പോലെ എന്റെ മനസ്സിലേക്ക് ഓടി എത്തുകയാണ്. അന്നത്തെ ന്യൂ  ജനറേഷൻ സിനിമയായിരുന്നു 16 വയതിനിലെ.     കമലഹാസനും രജനികാന്തും ശ്രീദേവിയും ജന മനസ്സിൽ ഇടം പിടിച്ചത് ഈ ഒരു സിനിമയിലൂടെയായിരുന്നു എന്ന് തറപ്പിച്ചു പറയാം. ഭാരതി രാജ സംവിധാനവും ഇളയ രാജ സംഗീതവും നിർവ്വഹിച്ച സൂപ്പർ ഹിറ്റ്‌ ചിത്രം
റിലീസ് ചെയ്യുമ്പോൾ ഞാൻ ചെന്നെയിൽ ജോലി ചെയ്യുകയായിരുന്നു. ഗ്രാമീണ  പശ്ശ്വാതലത്തിൽ ചിത്രീകരിച്ച ഈ സിനിമ ഇരുന്നൂറോളം ദിവസമാണ് ഓരോ തിയ്യേറ്ററിലും ഹൗസ് ഫുള്ളായി ഓടിയത്.
     രാജ്യം അടിയന്തിരാവസ്ഥയുടെ കാൽക്കീഴിലായിരുന്നുവെങ്കിലും  ചെന്നെയിൽ അതിന്റെ മേഘ പാളികളൊന്നും അന്ന് കാണപ്പെട്ടിരുന്നില്ല.
ഞാൻ അക്കാലത്ത് ഉപ ജീവനത്തിനു വഴി തേടിയാണ് മദിരാശി നഗരത്തിൽ എത്തിയത്.      ആരു വന്നാലും മദിരാശി നഗരം അന്നം തരും.
ആദ്യം കാണുന്ന ഹോട്ടലിൽ കയറി ഊണ് കഴിച്ചാൽ ബിൽ കൊടുക്കാൻ
പണമില്ലെന്ന് പറഞ്ഞാൽ ജോലി ഉറപ്പായി എന്നർത്ഥം. ഇന്നത്തെ
പല സൂപ്പർ താരങ്ങളും അങ്ങിനെയൊക്കെയുള്ള അനുഭവങ്ങൾ ഉള്ളവരാണ്.
പത്താം തരത്തിൽ പരീക്ഷ എഴുതി റിസൾട്ടിനു കാത്തു നിൽക്കാതെ
നാട് വിട്ട ഞാനും ചെന്നു വീണത്‌ മൗണ്ട് റോഡിനു സമീപത്തുള്ള ഒരു
ഹോട്ടലിൽ ആയിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ഞാൻ ജീവിതം എന്തെന്ന് പഠിച്ചു. 16 വയസ്സിൽ 16 മണിക്കൂർ ജോലി. രാവിലെ മുതൽ രാത്രി
വരെ യന്ത്രം കണക്കെ പണി. പാതാളത്തിൽ നിന്ന് ഹാൻഡ്‌ പമ്പിലൂടെയുള്ള
വെള്ളം കോരി നിറക്കലായിരുന്നു ആദ്യത്തെ ജോലി. അതുകഴിഞ്ഞാൽ മേശ തുടക്കൽ, വെള്ളം കൊടുക്കൽ, പാത്രം കഴുകൽ, മാലിന്യ ക്കുഴിയിൽ നിറഞ്ഞ അഴുക്കു ജലം കോരി മറ്റൊരു ടാങ്കിലേക്ക് മാറ്റൽ എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നൊന്നായി ചെയ്തു തീർക്കണം.                         16 വയസ്സുള്ള പയ്യൻ ആണെന്ന പരിഗണനയൊന്നും തൊഴിൽ ദാതാവിൽ
നിന്ന് ലഭിക്കില്ലെന്നു ബോധ്യമായപ്പോൾ പിറ്റേന്ന് നഗരത്തിൽ നിന്ന് കുറച്ചകലെയുള്ള പല്ലാവരം എന്ന സ്ഥലത്തേക്ക് മാറി. അവിടെ ഗ്രാമന്തരീക്ഷം ആയിരുന്നുവെങ്കിലും  ജോലി ഹോട്ടൽ പണി തന്നെ. ഇംഗ്ലീഷ് ഇലക്ട്രിക്കൽ കമ്പനിയുടെ മുമ്പിൽ സാമാന്യം ഭേദപ്പെട്ട ഒരു തട്ടുകടയായിരുന്നു അത്. ആയിരത്തോളം ജീവനക്കാർ പണിയെടുക്കുന്ന കമ്പനിയെ ആശ്രയിച്ചാണ് തട്ടുകട പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് പണി
കുറവാണെന്ന് പറയാൻ വയ്യെങ്കിലും ശുദ്ധ വായു ലഭിക്കുന്നത് വളരെ ആശ്വാസം ഉളവാക്കുന്ന കാര്യമായിരുന്നു. അങ്ങിനെയുള്ള ജീവിത സാഹചര്യത്തിലാണ് സിനിമ ഒരു സാന്ത്വനം ആയി എന്നെ ഉന്മാദിപ്പിച്ചത്.
സെക്കന്റ് ഷോ കാണാൻ വേണ്ടിയുള്ള അന്നത്തെ ആവേശമായിരുന്നു ജീവൻ നിലനിർത്താൻ ഇന്ധനം ആയത്   .അക്കാലത്ത് കണ്ട സിനിമകൾ
എത്രയെന്നു എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല. എങ്കിലും അന്ന് കണ്ട സിനിമകളും പാട്ടുകളും ഇന്നും ഓർമയിൽ ഉണ്ട്. ആ ഓർമകൾക്ക് ഇന്നും
പ്രായം 16 ആണ്. അതുകൊണ്ടാവാം 16 വയതിനിലെ എന്ന സിനിമ വീണ്ടും
റിലീസ് ചെയ്യുന്നു എന്ന വാർത്ത എന്നെ ആഹ്ലാദിപ്പിക്കുന്നത്.
 
 

Sunday, 6 October 2013

ഹിന്ദി ദേശീയ സെമിനാർ സമാപിച്ചു

  ഹിന്ദി ദേശീയ സെമിനാർ സമാപിച്ചു 

                       ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഹിന്ദി കവിതയെക്കുറിച്ച് പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ നടന്ന ദിദിന ദേശീയ സെമിനാർ സമാപിച്ചു. സമകാലിക ജീവിത യാഥാർത്യങ്ങളുടെ നേർകാഴ്ചയാണ് ഇന്നത്തെ ഹിന്ദി കവിതയെന്ന്   പ്രമുഖ നിരൂപകൻ ഡോ. പങ്കജ് പരാശർ പറഞ്ഞു.. പുതിയ കാലത്തോടും പുതിയ പ്രശ്നങ്ങളോടും സമ കാലിക കവിത ശക്തമായി പ്രതികരിക്കുന്നുണ്ട് എന്നും അദ്ദേഹം ഉദാഹരിച്ചു. സ്ത്രീ പ്രതിരോധതിന്റെ പുതു രൂപങ്ങൾ സമകാലീന ഹിന്ദി കവിതയിൽ കാണാൻ കഴിയുമെന്ന് പോണ്ടിച്ചേരി സർവ്വകലാശാലയിലെ പ്രൊഫ. ഡോ. പദ്മപ്രിയ ചൂണ്ടിക്കാട്ടി. പാരമ്പര്യങ്ങളുടെ ചട്ടക്കൂട്ടിൽ ഒതുക്കി സ്ത്രീയെ ചൂഷണ വസ്തുവാക്കുന്നതിനു എതിരെ ചെറുത്തുനിൽപ്പ്  വളർന്നു വരികയാണെന്നും അവർ പറഞ്ഞു..
                  വികൽപ്പ് തൃശ്ശൂരിന്റെ സഹകരണത്തോടെ നടന്ന സെമിനാറിൽ പ്രിൻസിപ്പൽ പ്രേമലത അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വി.ടി. രമ, യൂണിയൻ ചെയർമാൻ വൈശാഖ്, ഡോ. വിജി ഗോപാലകൃഷ്ണൻ, ഡോ. പി.കെ. പ്രതിഭ, ദേവസേന എന്നിവർ സംസാരിച്ചു.

                ഡോ. കെ.ജി. പ്രഭാകരൻ, ഡോ. ബി. വിജയകുമാർ, ഡോ. വി.കെ. സുബ്രമണ്യൻ, ഡോ. സിന്ധു, ഡോ. കെ.കെ. വേലായുധൻ, ഡോ. ശാന്തി നായർ, ഡോ. സി. ബാല സുബ്രമണ്യൻ, ഡോ. പി.ജെ. ഹെർമൻ, ഡോ. സജിത്,  ഡോ . കെ.എം. ജയകൃഷ്ണൻ, പി.എൻ. ജയരാമൻ, ഡോ. ആശ എസ് നായർ, സോഫിയ മാത്യു, ഡോ. എം. മൂസ, ഒ.പി. രജുല, പി.എസ്. മഞ്ജുള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.