Wednesday, 25 December 2024

ആലയിൽ വേവിച്ചെടുത്ത കഥകൾ

നവമാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍ ഓരോ നിമിഷവും ഈയാംപാറ്റ കണക്കെ വന്നു വീഴുന്ന സാഹിത്യ രചനകള്‍ പരിശോധിച്ചാല്‍ അതില്‍ ജീവനുള്ളതും ചിറകറ്റതും കാണാം. പിന്നിട്ട ദശകത്തില്‍ മാത്രം ആയിരക്കണക്കിന് കഥകളും കവിതകളും ഇത്തരത്തില്‍ വെളിച്ചം കണ്ടിട്ടുണ്ട്. വാള്‍ എടുത്തവരെല്ലാം വെളിച്ചപ്പാടാവുക എന്ന പഴയ ചൊല്ലുപോലെ, ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉണ്ടെങ്കില്‍ ആര്‍ക്കും  പത്രപ്രവര്‍ത്തകരാവാനും, എഴുത്തുകാരാവാനും കഴിയുന്ന കാലമാണിത്. 

സത്യത്തില്‍ ഇതൊരു നിശബ്ദ വിപ്ലവം തന്നെയാണ്. നമ്മുടെ മുന്നേ നടന്നു പോയവര്‍ക്കൊന്നും സ്വപ്നം കാണാന്‍ കഴിയാത്ത സാങ്കേതിക വിദ്യയാണ് ഇന്ന് നമ്മുടെ കൈകളില്‍ ഉള്ളത്. ആ വിദ്യ ഉപയോഗിച്ചുകൊണ്ട് നൂറുകണക്കിന് പ്രതിഭകള്‍ ഉദിച്ചുയര്‍ന്നിട്ടുണ്ട്. മുഖ്യധാരയില്‍ ഇടം കിട്ടാതെ പോയ നിരവധി എഴുത്തുകാര്‍ ഈ വെള്ളി വെളിച്ചത്തില്‍ തങ്ങളുടെ മനസും ചിന്തയും പങ്കുവച്ചുകൊണ്ട് രചന നടത്തുന്നുണ്ട്. ആ ഗണത്തില്‍ നവമാധ്യമ പ്രതലത്തില്‍ കഥകള്‍ എഴുതുന്ന കെ.പി ഉണ്ണികൃഷ്ണന്‍റെ പ്രഥമ കൃതിയാണ് “തകര്‍ക്കാനാവാത്ത ചങ്ങലകള്‍”. 

പരിമിതമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിതം നയിക്കുന്ന ഒരാളാണ് കഥാകാരന്‍. കുട്ടിക്കാലം തൊട്ടേ എനിക്ക് ഉണ്ണിയെ അറിയാം. പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ, ഓരം ചേര്‍ന്നു നിന്ന് എല്ലാം നിസംഗതയോടെ നോക്കി കാണാനാണ് ഉണ്ണിക്കിഷ്ടം. അനുഭവങ്ങളുടെ തീക്കടല്‍ താണ്ടി മഞ്ഞുമലയുടെ തീരത്തണഞ്ഞ നാവികനെപ്പോലെ നില്‍ക്കുന്ന ഒരാളാണ് ഈ കഥാകാരന്‍ എന്നും പറയാം. തന്‍റേതായ ഒരു വീക്ഷണ കോണിലൂടെ ജീവിതം വായിച്ചു പഠിക്കാനാണ് ഉണ്ണിക്ക് എന്നും താല്‍പര്യം. 

ആലയില്‍ വേവിച്ചെടുത്ത ലോഹദണ്ഡില്‍ കൂടം കൊണ്ട് അടിച്ചു പതം വരുത്തുന്നത് കണ്ടാണ്‌ കഥാകാരന്‍ വളര്‍ന്നത്. കുട്ടിക്കാലത്ത് കണ്ട കാഴ്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞ പരുക്കന്‍ പ്രതലത്തിലാണ് ഇപ്പോള്‍ കഥകള്‍ മെനയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ സര്‍ഗാന്മകതയുടെ അതിരുകള്‍ അനന്ത സാഗരം പോലെ വിശാലമാണ്. തന്‍റെ ചുറ്റുമുള്ള സമൂഹത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന കഥകള്‍ ഒരു നേര്‍ക്കാഴ്ച്ച പോലെയാണ് ഇവിടെ  വരച്ചിടുന്നത്. പതിമൂന്നു കഥകളാണ് ഇതില്‍ ഇടം പിടിച്ചിട്ടുള്ളത്. ഒരു ചെറുകഥയുടെ ഫ്രൈമില്‍ തളച്ചിടാവുന്ന കഥകള്‍ അല്ല ഇവയൊന്നും. 

നമുക്കറിയാത്ത കഥകള്‍ എല്ലാം കെട്ടുകഥകള്‍ ആണെന്ന് ആക്ഷേപിക്കപ്പെടുന്ന കാലത്താണ് ഉണ്ണി ‘തകര്‍ക്കാനാവാത്ത ചങ്ങലകള്‍’ കിലുക്കി നമ്മുടെ മുന്നിലേക്ക് വരുന്നത്. വള്ളുവനാടന്‍ ഗ്രാമ്യഭാഷയിലാണ് ഉണ്ണി കഥ പറയുന്നത്. വികസനത്തിന്‍റെ വെള്ളി വെളിച്ചം കടന്നുവരുന്നതിനു മുമ്പുള്ള ഒരു കാലവും, അക്കാലത്തെ മനുഷ്യരുമാണ് നമ്മുടെ മുന്നില്‍ ജീവിതം തുറന്നിടുന്നത്. നാട്ടിലെ മനുഷ്യരോടൊപ്പം, തമിഴ്നാട്ടിലെ തൊഴിലാളികളും, പരലോകത്തുള്ള ആന്മാക്കളും കഥാപാത്രങ്ങളാണ്. 

നിഷ്കളങ്ക സ്നേഹവും നിര്‍ലോഭമായ നന്മയും നരക തുല്യമായ നിസ്സഹായതയും നിണം പൊടിയുന്ന ദൈന്യതയും മറ്റും ഇതള്‍ വിരിയുന്നതോടൊപ്പം ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടി വിതറാനും കഥാകാരന്‍ ശ്രമിക്കുന്നു. ഓരോ കഥയെകുറിച്ചും വിസ്തരിക്കാന്‍ ഇവിടെ മുതിരുന്നില്ല. വായിക്കുന്ന ഓരോ കഥയും പൂര്‍ണമാവുന്നത് വായനക്കാരുടെ മനസ്സിലാണല്ലോ. ഒരു കാര്യം ഉറപ്പിച്ചു പറയാം. വായനക്കാരെ കൂടെ കൊണ്ടുപോവാന്‍ കഥാകാരന് കഴിയുന്നുണ്ട്. വരികള്‍ക്കിടയില്‍ കണ്ണീരിന്‍റെ നനവും പുഞ്ചിരിയുടെ നിലാവും തൂവിയിടാന്‍ കഥാകാരന്‍ നടത്തുന്ന ശ്രമം ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. 


/ടി.വി.എം അലി /