കത്തിത്തീർന്ന ഓലച്ചൂട്ടുകൾ
~~~~~~~~~~~~~~
ഒന്നര നൂറ്റാണ്ടു കാലം അടിയന്തിര സന്ദേശങ്ങൾ കൈമാറാൻ നാം ആശ്രയിച്ചിരുന്ന ടെലിഗ്രാം സംവിധാനം വിടവാങ്ങിയിട്ട് ഒരു ദശകം പിന്നിട്ടു. ടെലിടൈപ്പ് റൈറ്ററുടെ ടിക് ടിക് ഹൃദയമിടിപ്പ് എൻ്റെ മനസ്സിൽ നിന്ന് ഒരിക്കലും മായുമെന്ന് ഞാൻ കരുതുന്നില്ല. ഒരു ദശകത്തിലേറെ കാലം ഞാൻ ടെലിഗ്രാം മെസ്സഞ്ചറായി സേവനം നടത്തിയിരുന്നു. 1982-93 കാലത്തിൻ്റെ ഓർമകൾക്ക് നിറം പകരുന്നത് ടെലിഗ്രാം സന്ദേശങ്ങളിലടങ്ങിയ ചിരിയും കണ്ണീരുമായിരുന്നു.
അന്ന് എന്റെ ഗ്രാമത്തിൽ ലാന്റ് ഫോണുകൾ അപൂർവ്വമായിരുന്നു. എന്നാൽ ഞാങ്ങാട്ടിരി ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ പബ്ലിക് കാൾ സൗകര്യമുണ്ടായിരുന്നു. ടെലിഗ്രാഫ് ഓഫീസ് പ്രവർത്തിച്ചിരുന്നത് പട്ടാമ്പി സബ് പോസ്റ്റ് ഓഫീസിലായിരുന്നു. രാവിലെ ഞാങ്ങാട്ടിരി തപാൽ ഓഫീസിൽ നിന്ന് നൂറുകണക്കിന് തപാലുരുപ്പടികളുമായി പുറപ്പെടുന്ന ഞാൻ ഊർവലം നടന്ന് വൈകുന്നേരം പോസ്റ്റ് മാസ്റ്റരുടെ വീട്ടിലെത്തിയാണ് മിച്ചമുള്ള ഉരുപ്പടികൾ തിരിച്ച് ഏല്പിക്കുന്നത്.
അന്നേരം കുഞ്ഞുണ്ണി മാഷ്, ഉച്ചക്ക് ഓഫീസ് അടയ്ക്കുന്നതിന് മുമ്പ് ഫോണോഗ്രാമായി എത്തിയ ടെലിഗ്രാം സന്ദേശങ്ങൾ വിതരണത്തിനായി എന്നെ വീണ്ടും ഏല്പിക്കും. മിക്കതും അടിയന്തിര സ്വഭാവമുള്ള സന്ദേശങ്ങളായതിനാൽ രാത്രിയെന്നോ പെരുമഴയെന്നോ നോക്കാതെ വീണ്ടും ബീറ്റിലേക്ക് ഓടും. നാലോ അഞ്ചോ കിലോമീറ്റർ അകലെയുള്ള വിലാസക്കാരൻ്റെ വീട്ടിലേക്കുള്ള യാത്രകൾ പലപ്പോഴും സംഭവ ബഹുലമാണ്.
ചാക്കുരുത്തി കുന്നിലേക്കും ചെമ്മാൻ കുന്നിലേക്കും താന്നിക്കുന്നിലേക്കും കുറ്റ്യാനിക്കാട്ടിലേക്കും കോഴിക്കാട്ടിരി പാലത്തിലേക്കും പഴയ കടവത്തേക്കും അമ്പലവട്ടത്തേക്കും അരഞ്ഞി പറമ്പിലേക്കും കവളപ്പാറയിലേക്കും മറ്റും നീളുന്ന യാത്രകൾ എങ്ങിനെ മറക്കാനാവും. കൂരാകൂരിരുട്ടു വീണുറങ്ങുന്ന കുണ്ടനിടവഴികളിലൂടെ, വിഷസർപ്പങ്ങളും പേനായ്ക്കളും വിഹരിക്കുന്ന നാട്ടുപാതയിലൂടെ, ദയാവായ്പോടെ ആരെങ്കിലും നൽകുന്ന ഓലച്ചൂട്ടും മിന്നിച്ച് മരണദൂതനായി ഓടുന്ന മെസ്സഞ്ചറുടെ സേവനം ഒരു ചരിത്രവും രേഖപ്പെടുത്തുകയില്ലല്ലൊ!
മധുവിധു തീരുംമുമ്പ് അവധി റദ്ദാക്കിയ സന്ദേശം ലഭിച്ച് അതിർത്തിയിലേക്ക് മടങ്ങുന്ന സൈനികനും, ദൂരദിക്കിലുള്ള മകൻ അപകടത്തിൽ മരണപ്പെട്ടെന്ന് അറിയിക്കാൻ കഴിയാതെ വിഷമിക്കുന്ന മെസ്സഞ്ചറും ഒരു കടലാസിന്റെ ഇരുപുറങ്ങളാണ്. തിരിഞ്ഞു നോക്കുമ്പോൾ കാതിൽ മുഴങ്ങുന്നതിലേറെയും നിലവിളികളാണ്. സന്തോഷ സന്ദേശങ്ങൾ ഏറെയുണ്ടെങ്കിലും അവ ഓർമകളെ തൊട്ടുണർത്തുന്നില്ലെന്നു കൂടി പറയട്ടെ.
ഇടിയും മിന്നലും തുലാമഴയും കാലൻ കുടയും ഓലച്ചൂട്ടും പഞ്ചറായ സൈക്കിളും പിന്നെ നെടുവീർപ്പുകളും നെട്ടോട്ടവും എല്ലാം എന്നും ഓർമകളെ ഉണർത്തുമെന്നുറപ്പാണ്. പുതിയ തലമുറക്ക് ഓർത്തുവെക്കാൻ ഒരിക്കലുമുണ്ടാവില്ല ഇത്തരം ഓലച്ചൂട്ടുകൾ. ദീപ്തമായ ഓർമകൾ സമ്മാനിച്ച ടെലിഗ്രാഫ് വകുപ്പിനും ടെലിഗ്രാം സന്ദേശങ്ങൾക്കും ദേശീയ തപാൽ ദിനത്തിൽ നന്ദി!
/ടി.വി.എം അലി /