പട്ടാമ്പി സരസ്വതി ഇൻസ്റ്റിറ്റ്യൂട്ടിൽ നാൽപ്പത് വർഷം മുമ്പ് ഞാൻ ടൈപ്പും ഷോർട്ട് ഹാൻറും പഠിച്ചിരുന്നു.
1980കളിലെ ഓർമ്മകളാണ്. അക്കാലത്ത് പത്ത് കഴിഞ്ഞാൽ മിക്കവരുടേയും ഉന്നത വിദ്യാഭ്യാസം ടൈപ്പിങ്ങാണ്. മദിരാശിയിലോ ബോംബെയിലോ പോയാൽ ഏറെ തൊഴിൽ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് ആൺകുട്ടികളും പെൺകുട്ടികളും ടൈപ്പ് പഠിക്കാൻ നല്ല പോലെ ഉത്സാഹിച്ചിരുന്നു. അവർക്കെല്ലാം ആശ്രയം സരസ്വതി ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു.
ഏഴ് പതിറ്റാണ്ടു മുമ്പ് പട്ടാമ്പി ടൗണിൽ, വീരമണി ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിൻ്റെ മുൻവശത്തുള്ള കെട്ടിടത്തിലാണ് മാരാർ മാഷ്ടെ പ്രസ്തുത സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇടുങ്ങിയ ഗോവണി കയറി ചെന്നാൽ രണ്ടു മുറികളിൽ നിന്ന് ഹാൽഡയുടേയും റെമിങ്ങ്ടൻ്റെയും തായമ്പക കേൾക്കാം.
പകൽ സമയങ്ങളിൽ പഠിതാക്കളുടെ തിരക്ക് പതിവാണ്. തൊഴിൽ തേടി തമിഴ്നാട്ടിൽ പോയ ഞാൻ അവിടെ നിന്നാണ് ടൈപ്പും പിറ്റ്മാൻ ഷോർട്ട് ഹാൻറും ആദ്യം അഭ്യസിച്ചത്. കോവൈയിലെ നാഷണൽ കോളേജ് ഓഫ് കൊമേഴ്സിലായിരുന്നു കന്നിക്കളരി. മദിരാശി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെനോഗ്രാഫേഴ്സ് ഗിൽഡ് നടത്തിയ ടൈപ്പ് റൈറ്റിങ്ങ് പരീക്ഷയിൽ ഒന്നാം ക്ലാസ് നേടിയെങ്കിലും, കേരളത്തിൽ ആ സർടിഫിക്കറ്റിന് വിലയില്ലായിരുന്നു. അതുകൊണ്ട് നാട്ടിൽ തിരിച്ചെത്തി കെ.ജി.ടി.ഇ പരീക്ഷയെഴുതാൻ തീരുമാനിച്ചു. അങ്ങനെയാണ് മാരാർ മാഷ്ടെ മഹനീയ സ്ഥാപനത്തിൽ ചേർന്നത്. കേരള സർക്കാരിൻ്റെ പരീക്ഷ പാസായെങ്കിലും ഇവിടെ ജോലി സാധ്യത വിരളമായിരുന്നു.
അങ്ങനെയിരിക്കെ 1982ൽ തപാൽ വകുപ്പ് (എക്സ്ട്രാ ഡിപ്പാർട്ട്മെൻ്റ്) നടത്തിയ പോസ്റ്റ്മേൻ പരീക്ഷയിൽ ഞാനും പങ്കെടുത്തു. കൂടെ 10-15 ഉദ്യോഗാർത്ഥികളുണ്ടായിരുന്നു. പലരും അധിക യോഗ്യതയുള്ളവരായിരുന്നെങ്കിലും എഴുത്തുപരീക്ഷയിൽ മിക്കവരുടേയും കൈയിടറി. ഇംഗ്ലീഷിലും മലയാളത്തിലും നടത്തിയ ഡിറ്റേഷനിൽ എനിക്ക് നന്നായി പെർഫോം ചെയ്യാൻ സാധിച്ചതിൻ്റെ രഹസ്യം ടൈപ്പും ഷോർട്ട് ഹാൻ്റ് പഠനവുമായിരുന്നു എന്നതാണ് വാസ്തവം. 1982 ജൂൺ 26ന് ഞാൻ ജോലിയിൽ പ്രവേശിച്ചു. ( 2024 ജൂണിൽ പടിയിറങ്ങും).
ഇരുപത് വർഷം മുമ്പ് സരസ്വതി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപകൻ മാരാർ മാഷ് മരണപ്പെട്ടു. നാൽപ്പത് വർഷം മുമ്പത്തെ പൂർവ്വ വിദ്യാർത്ഥി ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. ഇപ്പോൾ സ്ഥാപനം നടത്തുന്ന വിജയൻ മാരാർ മാഷ്ടെ ആരോഗ്യസ്ഥിതി ആരാഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം ഫോൺ ചെയ്തപ്പോഴാണ് പുതുവർഷത്തെ വരവേറ്റുകൊണ്ട് ചെറിയൊരു ആഘോഷമുണ്ടെന്ന് പറഞ്ഞത്. പൂനെയിലെ VAMNICOM ൽ അസി.പ്രൊഫസർ ആയിരുന്ന ശ്രീ.കെ.സി.എസ് കുട്ടിയും സരസ്വതി ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഞങ്ങൾ ഇരുവരും പട്ടാമ്പി പള്ളിപ്പുറം റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ എത്തിപ്പെടുകയും ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു.
ടി.വി.എം അലി