സൈബർ യുഗത്തിലും ഒടിയന് പ്രസക്തിയുണ്ടോ? ഈയിടെ ഒടിയൻ എന്ന സിനിമ റിലീസായ സമയത്ത് പലരും ഉന്നയിച്ച ചോദ്യമാണിത്. ഈ ചോദ്യത്തിൽ നിന്ന് തന്നെ തുടങ്ങാം.
ഫ്ലാഷ് ബാക്ക്:
വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ ഗ്രാമത്തിലും ഒടിയന്മാർ ഉണ്ടായിരുന്നു. അവരുടെ വിളയാട്ടവുമുണ്ടായിരുന്നു. ഇതിൻ്റെ സ്മരണാർത്ഥമെന്നോണം ഒടിയൻപടി എന്ന പേരിൽ ഒരു പ്രദേശവും ഇവിടെയുണ്ട്. പണ്ട് തോട്ടപ്പായ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്ന് ഒടിയൻപടിയായി പരിണമിച്ചത്. അതുകൊണ്ട് ഒടിയനെ വിട്ടൊരു കളി ഞങ്ങൾക്കില്ല.
ഒടിയൻപടി രൂപം കൊള്ളുന്നതിനു മുമ്പ് തന്നെ ഒടിയൻ എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന ചില വ്യക്തികളും ഗ്രാമത്തിൽ ഉണ്ടായിരുന്നു.
ഞങ്ങളുടെ കുട്ടിക്കാലത്ത് പല വീടുകളിലും ഒടിയനേറ് പതിവായിരുന്നു. അന്ന് ഗ്രാമത്തിൽ വൈദ്യുതി എത്തിയിരുന്നില്ല. ഞങ്ങൾ അക്കാലത്ത് താമസിച്ചിരുന്നത് ഓലപ്പുരയിലായിരുന്നു. ചെത്തി തേക്കാത്ത ചുമരിൽ നിറയെ പൊത്തുകളുമുണ്ടായിരുന്നു.
പൊത്തുകളിൽ പല്ലികളും പാറ്റകളും തേളുകളും വസിച്ചിരുന്നു.
മണ്ണ് തിന്നുന്ന ദു:ശീലമുള്ള ചില കുട്ടികൾ ചുമരിൽ നിന്ന് മണ്ണ് അടർത്തി തിന്നാനും രഹസ്യമായി വീട്ടിലെത്തുമായിരുന്നു. ആടുമാടുകളും കോഴികളും കുട്ടികളും ഇരുട്ട് വീഴും മുമ്പ് തന്നെ വീട്ടിലെത്തും. അധികം വൈകാതെ മുതിർന്നവരും കൂടണയും.
മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന് കുട്ടികൾ പഠിച്ചതോതും. സന്ധ്യയായാൽ സ്ത്രീകളാരും പുറത്തിറങ്ങാറില്ല.
അങ്ങനെയിരിക്കെ നാട്ടിൽ ഒടിയൻ ശല്യം രൂക്ഷമായി. സന്ധ്യയായാൽ മുതിർന്നവർക്ക് പോലും പുറത്തിറങ്ങാൻ പേടി. ഇടവഴിയിലെ കരിയില അനങ്ങിയാൽ പോലും ഒടിയനാണെന്ന് കരുതും. നിലാവുള്ള രാത്രിയിലാവട്ടെ വാഴ ഇല കാറ്റിൽ അനങ്ങിയാൽ പോലും പേടി നിറയും. രാത്രിയായാൽ പല വീടുകളിലും കല്ല് വന്നു വീഴും. ഞങ്ങൾ ഉറങ്ങുന്ന മുറിയിലേക്കും കല്ലേറ് പതിവായിരുന്നു. മഴക്കാലത്ത് നനയാത്ത കല്ലുകളാണ് വന്നു വീഴുക. ഉണങ്ങിയ ഓലപ്പുറത്ത് ചറപറാന്ന് ചരൽ വന്നു വീഴുന്നതും പേടിച്ചു വിറച്ച് ഞങ്ങൾ നേരം വെളുപ്പിക്കുന്നതും അന്ന് പതിവായിരുന്നു.
ആരാണ് ഒടിയൻ? ആർക്കു വേണ്ടിയാണിത് ചെയ്യുന്നത്? എന്തിനു വേണ്ടിയാണ് ഞങ്ങളെ ഭയപ്പെടുത്തുന്നത്? ഒട്ടേറെ ചോദ്യമുനകൾ ഉയർന്നെങ്കിലും ആർക്കും ഉത്തരമില്ലായിരുന്നു. ഒടിയൻ്റെ ശല്യം നിത്യസംഭവമായതോടെ
പട്ടാമ്പിയിൽ നിന്ന് ഒരു വിദഗ്ദനെ ആരോ വിളിച്ചുകൊണ്ടുവന്നു. അയാളുടെ പേര് ഹിറ്റ്ലർ എന്നായിരുന്നു. ഒടിയനെ ഒടിക്കുന്നവനായിരുന്നു ഹിറ്റ്ലർ എന്നാണ് പറഞ്ഞു കേട്ടിരുന്നത്.
നൂൽബന്ധമില്ലാതെ വേണമത്രെ ഒടിയനെ പിടിക്കാൻ!
അങ്ങനെ ഒരു രാത്രി ഡിജിറ്റൽ സംഗീതത്തിൻ്റെ അകമ്പടിയില്ലാതെ ഹിറ്റ്ലർ രംഗത്തിറങ്ങി ഒടിയൻ വേട്ട തുടങ്ങി. ഉടുവസ്ത്രമില്ലാതെയാണ് ഹിറ്റ്ലറും കൂട്ടാളിയും വേട്ടക്കിറങ്ങിയത്.
കൂരാക്കൂരിരുട്ടുള്ള രാത്രിയായതിനാൽ വസ്ത്രമുണ്ടായാലും ഇല്ലെങ്കിലും
ആരും കാണുകയില്ലല്ലൊ.
രാത്രി പത്ത് മണിയായിക്കാണും.
ഓലപ്പുരക്ക് മീതെ ചരൽ കല്ലുകളുടെ പേമാരി തുടങ്ങി. അസുരന്മാരുടെ ആട്ടങ്ങയേറ് ദീർഘനേരം നീണ്ടുനിന്നു. വളപ്പിലെ കരിമ്പനയിലും തെങ്ങിലും കല്ല് വന്നു വീഴുന്ന ശബ്ദം കേട്ട് ഞങ്ങൾ ഭയന്നു വിറച്ചു.
ഏറെ നേരം പരസ്പരം ഏറ് തുടർന്നെങ്കിലും ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം തീർന്നതുകൊണ്ടാവാം പാതിരാ നേരത്ത് യുദ്ധം നിന്നു. അന്ന് രാത്രി തന്നെ ഹിറ്റ്ലറും ഒടിയനും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച് പിരിഞ്ഞു.
പിന്നീട് ഒടിയൻ്റെ പൊടി പോലും കണ്ടില്ലെന്നത് നേരാണ്. വൈദ്യുതി വന്ന് വർഷങ്ങൾ ഏറെ കഴിഞ്ഞ ശേഷമാണ് ഒടിയൻപടി
എന്ന പേര് അടുത്ത പ്രദേശത്തിന് പതിച്ചു കിട്ടിയത്. ഡിജിറ്റൽ യുഗത്തിലും ആ പേര് നിലനിൽക്കുന്നുണ്ട്.
ആമുഖമായി ഇത്രയും പറഞ്ഞത് ദേശീയ പ്രാധാന്യം ലഭിച്ച മറ്റൊരു ഒടിയൻ കഥ പറയാനാണ്.
1993 നവംബറിലാണ് സംഭവം.
പാലക്കാട് ജില്ലയിലെ വിളയൂർ പഞ്ചായത്തിലെ പേരടിയൂർ എന്ന ഗ്രാമം ദേശീയ മാധ്യമങ്ങളിൽ പോലും നിറഞ്ഞു നിന്ന കഥയാണിത്.
1993 നവംബർ 11ന് ഈ കഥ ഞാൻ എക്സ്പ്രസ്സ് പത്രത്തിൽ ബൈലൈൻ സ്റ്റോറിയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒടിയൻ ശരണം ഗച്ഛാമി എന്ന പേരിൽ എഴുതിയ ആലേഖനം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ആ കഥയുടെ രത്നചുരുക്കം ഇങ്ങനെ:
പേരടിയൂർ ഗ്രാമത്തിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ടതോടെയാണ് ഒടിയൻ കഥയുടെ തുടക്കം. ഇതിൽ രണ്ടു പേർ രോഗം പിടിപെട്ടും, ഒരാൾ കിണറ്റിൽ വീണുമാണ് മരിച്ചത്. എന്നാൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഒരു സംശയം. ഈ മരണങ്ങൾ മൂന്നും അസ്വാഭാവികമാണെന്ന് ചിലർക്ക് ഒരു തോന്നൽ. സംശയ നിവാരണത്തിന് സിദ്ധനും ജ്യോത്സ്യനും രംഗത്തെത്തി. പ്രശ്നം വെച്ചു, വിധിയെഴുതി.
ഒടിബാധ തന്നെ.
പിന്നെയും സംശയം മൂത്തു. രാശി മൂത്തു. കൂട്ടരാശിയായി. കൂട്ടവിധിയും വന്നു. സംശയം തീർന്നു. ഒടിബാധ തന്നെ! ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ!
ഒടിയനാര്? സംശയമുന നീണ്ടത് നാട്ടിലെ പാണന്മാരുടെ നേരെ!
വിദ്യാസമ്പന്നരും സാക്ഷര കക്ഷികളും കമ്പ്യൂട്ടർ മസ്തിഷ്കങ്ങളും സവർണരും വർണമില്ലാത്തവരും, ചെങ്കോൽ എന്തുന്നവരും, ഏന്താനിരിക്കുന്നവരും എല്ലാവരും ഒന്നിച്ചപ്പോൾ നാട്ടിലെ പാണകുടുംബങ്ങൾക്ക് രക്ഷ ഇല്ലാതായി. ഒടിയന്മാരെ നാട്ടിൽ നിന്ന് ഓടിച്ചു വിടാൻ ആഹ്വാനം ചെയ്തുകൊണ്ട് മൈക്ക് കെട്ടിയ ജീപ്പ് മുക്കിലും മൂലയിലും പാഞ്ഞു. ജനം തടിച്ചുകൂടി. ശകുനം മുടക്കാൻ പോലീസ് എത്തിയതുകൊണ്ട്
നാടുകടത്താൻ കഴിഞ്ഞില്ല.
പാവം ജീപ്പ് ഡ്രൈവറും ഉച്ചഭാഷിണി ഉടമയും കേസിൽ പെട്ടു.
വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമം പോലെ പേരടിയൂർ ഗ്രാമം കേരളത്തിൻ്റെ നെഞ്ചിൽ കളങ്കമായി കിടന്നു. പാണ സമുദായക്കാർക്ക് വഴിനടക്കാനും കുടിവെള്ളം എടുക്കാനും ഭയമായി. ദേശീയ മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു. രാജ്യത്തിൻ്റെ കണ്ണും കാതും പേരടിയൂരിൻ്റെ ആകാശത്ത് തമ്പടിച്ചു. സൈബർ യുഗത്തിൽ കഴിയുന്ന ഒടിയന്മാർ പുതിയ വഴികൾ തേടണം എന്നാണ് പേരടിയൂർ നൽകുന്ന പാഠം.
കാളവണ്ടി യുഗത്തിൽ ഒടിയന് നല്ല വിലയും നിലയും ഉണ്ടായിരുന്നുവെന്ന് പഴമക്കാർ പറയാറുണ്ട്. ജന്മിത്തവും നാടുവാഴിത്തവും അടിയാള വർഗ്ഗത്തിൻ്റെ നെഞ്ചിൽ പത്തി വിടർത്തിയാടിയിരുന്ന അക്കാലങ്ങളിൽ സ്വയരക്ഷയ്ക്ക് വേണ്ടി പാണൻമാരും പറയൻമാരും (നിന്ദിതരും പീഡിതരും) ഒടിവേഷം കെട്ടിയിരുന്നു.
കൊലകൊമ്പൻമാരും വില്ലാളിവീരൻമാരും ആയിരുന്ന സവർണ്ണ പ്രഭുക്കന്മാർക്ക് ഒടിയന്മാരെ ഭയമായിരുന്നു. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ സമുദായാംഗങ്ങൾക്ക് പീഡനം ഏൽക്കാതെ കഴിഞ്ഞുകൂടാമായിരുന്നു.
കാലാന്തരത്തിൽ ഒടിയൻ എന്ന കഥാപാത്രം മുത്തശ്ശിക്കഥകളിലൂടെ തലമുറകളിലേക്ക് പകർന്നു നൽകപ്പെട്ടു. വാശിപിടിച്ചു കരയുന്ന
കുട്ടികളെ മെരുക്കാനും രാത്രി സഞ്ചാരം നടത്തുന്ന യുവാക്കളെ തളർത്താനും മുതിർന്നവർ, ഒടിയൻ കഥ ബീഭത്സകരമാംവിധം വർണിച്ച് ഭയപ്പെടുത്തുമായിരുന്നു.
സന്ധ്യയായാൽ സ്ത്രീകൾ, പ്രത്യേകിച്ച് നവഗർഭിണികൾ പുറത്തിറങ്ങുമായിരുന്നില്ല. ഒടിയൻ തീണ്ടിയാൽ ഗർഭച്ഛിദ്രമോ മരണം തന്നെയോ സംഭവിച്ചേക്കാം എന്നായിരുന്നു കാരണം. ഗർഭം കലക്കുന്നവനും പിള്ളത്തൈലം ഉണ്ടാക്കി വേഷം മാറുന്നവനും പൂച്ചയായും നായയായും കാളയായും മൂന്നു കാലുള്ള ജീവിയായും മറ്റും ആരോപിക്കപ്പെട്ടിരുന്ന ഒടിയന്മാർ സത്യത്തിൽ അന്നത്തെ സൂപ്പർസ്റ്റാർ തന്നെയായിരുന്നു.
വൈദ്യുതി എത്താത്ത അക്കാലത്ത് നിലാവിനെയും നിഴലിനെയും ഭയമായിരുന്നു. ഏതു കോലത്തിൽ എപ്പോൾ വന്നു ചാടും എന്നറിയാതെ ഹൃദയമിടിപ്പോടെ വഴി നടന്നിരുന്ന പലരും ഹൃദയസ്തംഭനം മൂലം മരണപ്പെട്ടാൽ പോലും അതിൻ്റെ ക്രെഡിറ്റ് ഒടിയന് തന്നെയായിരുന്നു.
ഒടിയനെ ഏർപ്പാടാക്കി കൊടുക്കാൻ ഇടനിലക്കാർ ഉണ്ടായിരുന്നു. ദുർമന്ത്രവാദവും മുറിവൈദ്യവും തൊഴിലാക്കിയവരാണ് ഒടിയനുമായി സഖ്യം ഉണ്ടാക്കിയിരുന്നത്.
ഒടിശല്യം ഒഴിവാക്കാൻ തയ്യാറായി എത്തുന്ന മന്ത്രവാദി നൂൽ ബന്ധമില്ലാതെ ഇരുട്ടിലേക്കിറങ്ങും.
നേരം പലരും മുമ്പ് കളം വരച്ച് കത്തി കുത്തി നിർത്തുന്നതോടെ ഒടിയൻ കീഴടങ്ങി എന്ന് വിധി എഴുതപ്പെടും. ഒടിയൻ ആരാണെന്ന് മാത്രം പ്രഖ്യാപിക്കില്ല. ഇതാണ് അവരുടെ രഹസ്യ ഇടപാടിൻ്റെ ആണിക്കല്ല്.
തിരി ഉഴിച്ചിൽ, മുട്ടിറക്കൽ, ഹോമം നടത്തൽ, ചെമ്പുതകിടിൽ കള്ളികൾ വരച്ച് മന്ത്രാക്ഷരം എഴുതൽ, അവ ലോഹക്കൂട്ടിലും കുപ്പിയിലും വെച്ച് അടുപ്പിലും പുരയുടെ ചുറ്റിലും കുഴിച്ചിടൽ, ആൾരൂപം ഉണ്ടാക്കി ആണിയടിക്കൽ, ഒഴുകുന്ന വെള്ളത്തിൽ കുടം ഒഴുക്കൽ എന്നിങ്ങനെയുള്ള വിദ്യകളെല്ലാം പ്രയോഗിച്ചാണ് ഒടിശല്യം തീർത്തിരുന്നത്. തട്ടകം മാറി ഒടിവിദ്യ പ്രയോഗിക്കില്ലെന്ന് ഒരു അലിഖിത കരാറും ഒടിയന്മാർ തമ്മിൽ ഉണ്ടാക്കിയിരുന്നു.
എന്നാൽ വൈദ്യുതിയുടെ വരപ്രസാദം ഉണ്ടായ സ്ഥലങ്ങളിൽ ഒടിയൻമാർക്ക് കഷ്ടകാലം തുടങ്ങി. ഒടിവിദ്യ കൊണ്ട് വയർ നിറയില്ലെന്നു വന്നതോടെ അവർ കൂലിപ്പണിക്കാരായി മാറി. പോരാത്തതിന് സമൂഹത്തിൽ സർവതല സ്പർശിയായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു.
പാടവരമ്പിലൂടെ നടന്നു പോയവരൊക്കെ കർഷകത്തൊഴിലാളികളും, പെൻഷൻ ഉടമകളുമായി. തൊഴിലില്ലാത്ത യുവതീ യുവാക്കൾക്ക് തൊഴിലില്ലായ്മാ വേതനവും കിട്ടിത്തുടങ്ങി.
ദൂരദർശനും ക്രൂരദർശനവും ഗ്രാമങ്ങളിൽ വന്നെത്തി. കമ്പ്യൂട്ടർ മനുഷ്യൻ്റെ അവശ്യ വസ്തുവായി.
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ മനുഷ്യ സംസ്കാരത്തെ മാറ്റിമറിച്ചിട്ടും നമ്മുടെ ശാസ്ത്രജ്ഞന്മാർ നാളികേരം ഉടച്ച് പൂജ നടത്തി, മുഹൂർത്തം കുറിച്ച് റോക്കറ്റ് വിക്ഷേപിക്കുന്നു.
നാട് ഭരിക്കുന്ന മന്ത്രിമാരും മറ്റു ഉന്നത വ്യക്തികളും നഗ്നസന്യാസിമാരുടെയും ആൾ ദൈവങ്ങളുടെയും തടവുകാരായി മാറുന്നു. മുഷ്ടിചുരുട്ടി ആകാശം
പിളർക്കുമാറുച്ചത്തിൽ ഇങ്കിലാബ് വിളിക്കുന്നവർ പോലും, അതേ സ്പിരിറ്റിൽ ശബരിമല ശാസ്താവിന് ശരണം വിളിക്കുന്നു.
ഏതു വിദൂര നൂറ്റാണ്ടിൽ എത്തിപ്പെട്ടാലും ഇതൊന്നും മാറ്റാൻ കഴിഞ്ഞെന്നുവരില്ല. കാരണം ഇതെല്ലാം നമ്മുടെ രക്തത്തിലലിഞ്ഞു കിടക്കുകയാണ്. തലമുറകളിലേക്ക് പകർന്നു നൽകുകയാണ്.
അതുകൊണ്ട് ഒടിയനും വിരാമ ചിഹ്നം ഇടേണ്ട കാര്യമില്ല. മുറിവൈദ്യന്മാരും സിദ്ധന്മാരും ദുർമന്ത്രവാദികളും ഒടിയന്മാരുമെല്ലാം ഇനിയും വന്നുകൊണ്ടിരിക്കും.
പതിരായതെല്ലാം കതിരായി മാറുന്ന
നവമാധ്യമ അതിപ്രസര കാലത്ത്
ഒടിവിദ്യ പഠിപ്പിക്കാൻ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാമെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയരുതല്ലൊ. സർക്കാർ
അതിന് അക്കാദമിക തലത്തിൽ അംഗീകാരം നൽകണം. ഭൗതികസൗകര്യങ്ങളും ഗ്രാൻ്റും കൊടുക്കണം. ആസന്ന ഭാവിയിൽ സർവകലാശാല ആവാനുള്ള സാധ്യത അതിന് ഉണ്ടാവണം.
ഓൺലൈനിലും സൗജന്യ പഠനം നൽകണം. ഒടിവിദ്യയിൽ പ്രാവീണ്യമുള്ളവരെ ഭാവിയിൽ ഗവർണർമാരായും നിയമിക്കാം.
പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവർക്ക് തൊഴിൽ ലഭിക്കുമോ? ഭയം ഒട്ടും വേണ്ട. അഗ്നിപഥ് മോഡലിൽ നാല് വർഷത്തേക്ക് നിയമനം നൽകാം. പരിശീലന കാലശേഷം ക്വട്ടേഷൻ സംഘങ്ങളായി മാറാം.
ഭരണകക്ഷിക്കും പ്രതിപക്ഷ കക്ഷികൾക്കും ഒടി സേനയുടെ സേവനം സ്വീകരിക്കാം. കോടികൾ കൊടുക്കാതെ തന്നെ ജനപ്രതിനിധികളെ വരുതിയിൽ നിർത്താം. പാകിസ്ഥാനേയും ചൈനീസ് ഭീഷണിയേയും നേരിടാൻ ഒടിയൻ സേന രൂപീകരിക്കാം. വിഘടന, വിഭജന വാദികളായ സകല ദുർ മന്ത്രവാദികളെയും തളക്കാൻ എന്തെളുപ്പം. ഇപ്പോൾ മനസ്സിലായില്ലേ എല്ലാകാലത്തും ഒടിയന് പ്രസക്തിയുണ്ട്. ഒടിയൻ ശരണം ഗച്ഛാമി!
ഒടിയന്മാർ നീണാൾ വാഴട്ടെ!
-ടി വി എം അലി-