ഗ്രന്ഥകാരൻ: വി.ടി.വാസുദേവൻ.
കുട്ടിക്കാലത്ത് പഞ്ചാരമണലിൽ കൂത്താടിയ പുഴയും, നഖമുന പോലെ മൂർച്ഛയുള്ള ഓർമ്മകളും, ഒന്നും ഒളിച്ചുവെക്കാതെയുള്ള എഴുത്തും ഒന്നിച്ചെഴുന്നള്ളുമ്പോൾ വായനക്കാർക്കുണ്ടാവുന്ന അനുഭൂതി വിവരണാതീതമാണ്. എൻ്റെ ഗുരുതുല്യനായ പ്രിയപ്പെട്ട വി.ടി.വാസുദേവൻ മാഷ്ടെ പുതിയ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ ഒറ്റയിരുപ്പിന് വായിച്ചു തീർക്കാമെന്നാണ് ആദ്യം കരുതിയത്.
എന്നാൽ ഓരോ താളിലും ആറ്റിക്കുറുക്കിയ വാക്കുകൾക്കുള്ളിൽ അടയിരിക്കുന്ന ചരിത്ര സ്മൃതികൾ ആസ്വദിച്ച് തീർക്കാൻ സാവകാശമെടുത്തു. ഓടിച്ച് വായിക്കുക എന്നത് എനിക്ക് ഇഷ്ടമുള്ള സംഗതിയല്ല. ആമുഖം വായിച്ച് നിരൂപണം എഴുതുന്നവരുടെ കാലത്തും,
പേർത്തും പേർത്തും വായിച്ച് വരികൾക്കിടയിലെ കടലാഴങ്ങളിലേക്ക് ഊളിയിട്ടു പോവുന്നതാണ് എനിക്ക് ഇഷ്ടം. ഹൃദ്യമായ എഴുത്താണെങ്കിൽ വീണ്ടും വീണ്ടും വായിക്കും. അത്തരത്തിൽ വായനക്കെടുത്ത പുസ്തകമാണ് പുഴവക്കത്തെ കെടാത്ത നിലാവ്.
ഗ്രാമത്തിൻ്റെ അതിരായ പുഴയും, മടക്കു മടക്കായിക്കിടന്നിരുന്ന കുന്നിൻ ചെരിവും, പൊൻ വെയിലിന് മുല നൽകിയ പുഴയിലെ വെൺകുളിർ മണലും, കാവും കുളവും പടർ വാഴയും കവുങ്ങും നിറഞ്ഞ തോട്ടങ്ങളുമെല്ലാം ഓർമ്മകളിൽ നിറയുമ്പോൾ, പൊയ്പ്പോയ ഒരു കാലത്തിൻ്റെ കുളമ്പടിയാണ് കാതിൽ മുഴങ്ങുന്നത്.
നിളയോരങ്ങളിൽ ജീവിക്കുന്നവരും മൺമറഞ്ഞവരുമായ അനേകം മനുഷ്യർ കഥാപാത്രങ്ങളായി നമ്മുടെ മുന്നിലെത്തുന്നുണ്ടിതിൽ. അവരുമായി അടുത്തിടപഴകിയതിൻ്റെ ഓർമ്മകളുടെ ഒഴുക്കാണ് ഇരുനൂറോളം പുറങ്ങളിൽ തിരതല്ലുന്നത്.
സാംസ്കാരിക കേരളത്തിൻ്റെ രൂപീകരണത്തിൽ ഭാരതപ്പുഴയ്ക്കും അതിൻ്റെ ഇരുകരകൾക്കുമുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടു തന്നെ നിളാതീരത്ത് നടന്ന നിരവധി സംഭവങ്ങൾക്കും മുന്നേറ്റങ്ങൾക്കും നേർസാക്ഷിയായിരുന്ന ഗ്രന്ഥകാരൻ്റെ അനുഭവകുറിപ്പുകൾക്കും കെടാത്ത നിലാവിൻ്റെ മിഴിവുണ്ട്.
മുറിയുന്തോറും വളർന്നു കൊണ്ടിരിക്കുന്ന നഖം പോലെ മൂർച്ചയുള്ള ഓർമ്മകളുടെ പോറലുണ്ടിതിൽ. പക്ഷേ മൃദുലമായ ഭാഷയുടെ ലേപനം കൊണ്ട് മുറിവുണക്കാൻ അധ്യാപകനും പത്രപ്രവർത്തകനുമായ ഗ്രന്ഥകാരന് അനായാസേന കഴിയുന്നുണ്ട്. പുഴവക്കത്തെ കെടാത്ത നിലാവ് അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ജീവിക്കുന്നവരും മൺമറഞ്ഞവരുമായ കുറെ മനുഷ്യരെ പുഴവക്കത്തെ നിലാവെട്ടത്തിൽ ഉടനീളം കാണാം. ജീവിത പരിസരത്തെ നിലാവെട്ടമാക്കിയ കഥാപാത്രങ്ങളെ നേരിട്ടറിയുന്നവർക്ക്
ഈ കുറിപ്പുകൾ ഏറെ ഹൃദ്യമാവും. അല്ലാത്തവർക്കാവട്ടെ ഇത്തരം നിലാവെട്ടങ്ങളെ കാണാൻ കഴിഞ്ഞില്ലല്ലൊ എന്ന നൊമ്പരം അവശേഷിക്കുകയും ചെയ്യും.
കവി സി.വി.ഗോവിന്ദനെ ഓർത്തെടുക്കുമ്പോൾ എം.ഗോവിന്ദനേയും, ടി.വി.ശൂലപാണി വാരിയരേയും, വി.ടി.ഭട്ടതിരിപ്പാടിനേയും, കേളപ്പജിയേയും, ഏ.വി ഗോവിന്ദമേനോനെയും, എൻ.പി.ദാമോദരനേയും, ഇടശ്ശേരിയേയും, പി.കെ.എ റഹീമിനേയും, എൻ.കൃഷ്ണപിള്ളയേയും, എം.പി.പോൾ, എം.വി ദേവൻ, സി.ജെ.തോമസ്, കെ.എ. കൊടുങ്ങല്ലൂർ തുടങ്ങിയവരെയും കണ്ടുമുട്ടും.
ഒരു കടവിൽ നിന്ന് അനേകരിലേക്ക് എത്തിചേരാനുള്ള കുണ്ടനിടവഴികൾ നിളാതീരത്ത് കാണപ്പെടുന്നതുപോലെ ഈ ഗ്രന്ഥത്തിലെ ഓരോ കുറിപ്പിലുമുണ്ട് അനേകം പേരിലേക്ക് എത്തിചേരാനുള്ള കൈവഴികൾ.
36 കുറിപ്പുകളിലൂടെ കടന്നു പോകുമ്പോൾ നിളാതീരത്തെ സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിലൂടെ യാത്ര ചെയ്തതിൻ്റെ അനുഭൂതി വായനക്കാരിലുണ്ടാവും.
വള്ളുവനാട്ടിലെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ നെടുനായകത്വം വഹിച്ച വി.ടി.ഭട്ടതിരിപ്പാടിൻ്റെ കാൽപ്പാടുകളും ഓരോ കുറിപ്പിലും അന്തർലീനമാണ്.
നിളയിലെ നാട്ടുവെളിച്ചം എന്ന കൃതിക്ക് ശേഷം രചിക്കപ്പെട്ട കനപ്പെട്ട ഗ്രന്ഥമാണ് പുഴവക്കത്തെ കെടാത്ത നിലാവ്. സാഹിത്യ വിദ്യാർത്ഥികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും റഫറൻസായി ഉപയോഗിക്കാവുന്നതു പോലെ തന്നെ സാധാരണ വായനക്കാരന് നെഞ്ചോട് ചേർത്തുവെക്കാവുന്ന സംഗതികൾ കെടാത്ത നിലാവിലുണ്ട്. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുസ്തക പ്രസാധകർ.
ടി വി എം അലി