പട്ടാമ്പി ലിമെൻ്റ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി കുമാരി വിന്ധ്യാജിയുടെ കഥകളും കവിതകളുമാണ് ഈ കുറിപ്പിനാധാരം. തുമ്പി എന്ന തൂലികാനാമത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്ന വിന്ധ്യാജിയുടെ ശലഭം എന്ന കവിതാ സമാഹാരവും ഹരിനന്ദനം എന്ന നീണ്ടകഥയും നേരത്തെ ഇ- ബുക്ക് എന്ന നിലയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിൻ്റെ പ്രകാശനം ഓൺലൈനിൽ നിർവഹിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
ഇപ്പോഴിതാ പുതിയൊരു കഥയുമായി (ജവാൻ്റെ പെണ്ണ്) വിന്ധ്യാജി വായനക്കാരുടെ മുന്നിലെത്തിയിരിക്കുന്നു. ഗൗതമിൻ്റേയും ഭാമയുടെയും അനശ്വര പ്രണയത്തിൻ്റെ കഥയാണിത്. പ്രണയത്തിൻ്റെ പേരിൽ, നിരാശ മൂത്ത് പ്രതികാര വാഞ്ഛയോടെ ഇണയെ കുത്തിക്കീറുകയും കത്തിച്ചു കളയുകയും വെടിയുതിർത്ത് തീർക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് ഗൗതമിൻ്റെയും ഭാമയുടെയും പ്രണയത്തിന് ജീവനുണ്ട്.
എത്ര എഴുതിയാലും തീരാത്തതാണ് പ്രണയകഥകൾ. മനുഷ്യ മനസ്സിൽ സർഗാത്മകത നിലനിൽക്കുന്ന കാലത്തോളം പ്രണയകഥ എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യും. കുയിൽ പാടുന്നതു പോലെ,
മയിൽ നൃത്തമാടുന്നതു പോലെ,
റോസാപ്പൂ വിടരുന്നതുപോലെ,
അമ്മ പ്രസവിക്കുന്നതു പോലെ ഓരോ കഥയും തൂലികയിൽ നിന്ന് വാർന്നു വീഴുക തന്നെ ചെയ്യും.
ചെറുകഥയുടെ പിറവി പഴയ മുത്തശ്ശി കഥകളിൽ നിന്നാണല്ലൊ. കഥകളുടെ ചരിത്രം തേടി പോകുമ്പോൾ പത്തൊമ്പൊതാം
ശതകത്തിന്റെ ആദ്യദശകങ്ങളിലാണ് പാശ്ചാത്യ ഭാഷകളിൽ ചെറുകഥ വളർച്ച പ്രാപിച്ചതെന്ന് കാണാം. ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമായി ചെറുകഥ വളർന്നു കൊണ്ടിരുന്നു. ഗദ്യത്തിലുള്ള കല്പിതകഥ
(Fiction) യുടെ ഒരു ഉപ വിഭാഗമാണ് ചെറുകഥ എന്നു പറയാം.
എന്താണ് ചെറുകഥ എന്നും അത് എങ്ങിനെ എഴുതണമെന്നും കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ഒറ്റയിരുപ്പില്‍ വായിക്കാവുന്നതാവണം ചെറുകഥ എന്നു വേണമെങ്കിൽ നിർവചിക്കാമെന്നു മാത്രം.
പാശ്ചാത്യ സാഹിത്യ കൃതികളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഭാഷയിലെ ചെറുകഥാ പ്രസ്ഥാനത്തിനു ഇന്നും വളരെ ചെറുപ്പമാണ്. അതായത് ഒരു നൂറ്റാണ്ട് തികഞ്ഞിട്ടില്ലെന്ന് സാരം.
അമ്പതാണ്ടുമുമ്പ് കഥകൾ എഴുതിയിരുന്നതു പോലെയല്ല ഇന്ന് എഴുതപ്പെടുന്നത്. നാം ജീവിക്കുന്ന ലോകം ഏറെ മാറിക്കഴിഞ്ഞു. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും വിവര വിജ്ഞാന വിസ്ഫോടനങ്ങളും നമ്മുടെ ജീവിത ശൈലി തന്നെ ഏറെ മാറ്റിമറിച്ചിട്ടുണ്ട്. ഭാഷയും അനുദിനം മാറ്റത്തിനു വിധേയമാണ്.
എഴുത്തിൻ്റെ രീതിശാസ്ത്രവും നവീകരിക്കപ്പെടുകയാണ്.
എഴുത്തിൻ്റെ പുതു ലോകത്തേക്ക് കടന്നു വന്ന വിന്ധ്യാജിയുടെ രചനകൾ ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർക്കാൻ കഴിയുന്നവയാണ്. ഒട്ടും ദുർഗ്രഹതയോ വൃഥാസ്ഥൂലതയോ ഇല്ലെന്ന് പറയാം. ഭാഷ സരളവും ലളിതവുമാണ്. എഴുതി തെളിഞ്ഞതിൻ്റെ കൈ തഴക്കവും കാണാം. മലയാള സാഹിത്യ രംഗത്ത് ഒരിടം കണ്ടെത്താൻ വിന്ധ്യാജിക്ക് കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് പുസ്തക പ്രകാശനം നിർവഹിക്കുന്നു.
ഭാവുകങ്ങൾ നേരുന്നു.
ടി.വി.എം അലി