പടിപ്പുര:
എം.ടി.വാസുദേവൻ നായർ എന്ന മഹാപ്രതിഭയെ കുറിച്ച് എഴുതാത്തവരുണ്ടാവില്ല.
നിരവധി എഴുത്തുകാർ ഇതിനകം അനേകം ലേഖനങ്ങളും പുസ്തകങ്ങളും അനുഭവ കുറിപ്പുകളും മറ്റും കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്.
കഴിഞ്ഞ കർക്കടകത്തിൽ 88 പിന്നിട്ട എം.ടിയെ കുറിച്ച് പ്രത്യേക പതിപ്പുകളും പുറത്തു വന്നിരുന്നു.
എഴുത്തിൻ്റെ വഴിയിൽ എത്തിയവരെല്ലാം തീർത്ഥാടകരായി കൂടല്ലൂർ ഗ്രാമത്തിൽ വന്നു പോവാറുണ്ട്. മൂന്ന് പതിറ്റാണ്ടു മുമ്പ് സാഹിത്യ വിദ്യാഭ്യാസ ജ്വര ബാധിച്ച കാലത്ത് ഞാനും കൂടല്ലൂരിലെ നിത്യസന്ദർശകനായിരുന്നു. കഥാകൃത്തും ഫോട്ടോഗ്രാഫറുമായ സുഹൃത്ത് ഗഫൂർ പട്ടാമ്പിയുമൊത്താണ് കൂടല്ലൂരിൽ പോയിരുന്നത്. ഇരുട്ടിയാൽ ബസ്സില്ലാത്ത ആ കാലത്ത് തിരിച്ചുവരവ് മിക്കവാറും നടന്നിട്ടായിരുന്നു. പുഴയോര പാതയിലൂടെ കഥ പറഞ്ഞ് നടന്നൊരു കാലത്തിൻ്റെ ഓർമ്മകൾ രണ്ട് പ്രളയത്തിലും ഒഴുകിപ്പോയിട്ടില്ല.
അന്ന് വംശാവലിയുടെ കഥ പറഞ്ഞു തന്ന ബാലേട്ടനും ഗോവിന്ദേട്ടനും നാരായണേട്ടനും ഇന്ന് ജീവിച്ചിരിപ്പില്ല. മാടത്ത് തെക്കേപ്പാട്ട് തറവാട്ടിൽ ഇന്ന് താമസക്കാരുമില്ല. രണ്ട് തവണ പ്രളയജലത്തിൽ മുങ്ങിയ 'അശ്വതി'യും അടഞ്ഞുകിടക്കുകയാണ്.
'അശ്വതി'യുടെ പടിഞ്ഞാറ് ഭാഗത്ത് 'അക്ഷര'യിൽ എം.ടി.യുടെ ചെറിയമ്മയുടെ മകൻ എം.ടി.രവീന്ദ്രൻ എന്ന രവിയേട്ടൻ താമസിക്കുന്നുണ്ട്. കൂടല്ലൂരിൻ്റെ കഥകൾ എഴുതിയും ഓർമ്മകൾ അയവിറക്കിയും കഴിയുന്ന അദ്ദേഹത്തിന് ഒരാഗ്രഹമുണ്ട്:
എം.ടി.യുടെ എല്ലാ കഥാപാത്രങ്ങളേയും ശില്പങ്ങളാക്കി മാറ്റി കൂടല്ലൂരിനെ ഒരു സാഹിത്യ മ്യൂസിയമാക്കണം. സാഹിത്യ പ്രേമികളുടെ തീർത്ഥാടന ഗ്രാമമാക്കണം.
കൂടല്ലൂർ വീരഗാഥ എം.ടിയെ കുറിച്ചുള്ള കഥ മാത്രമല്ല. എം.ടിയുടെ വംശാവലിയുടെ കഥയാണ്. എം.ടിയുടെ അച്ഛനമ്മമാരുടെ പൂർവ്വ കഥയാണ്. ജ്ഞാനപീഠം ലഭിക്കുന്നതിനു മുമ്പ് എഴുതപ്പെട്ടതാണ്. തിരക്കഥയുടെ രൂപത്തിലാണ് കൂടല്ലൂർ വീരഗാഥ എഴുതിയത്. തൃശൂർ എക്സ്പ്രസ് വാരാന്ത പതിപ്പിലാണ് അച്ചടിമഷി പുരണ്ടത്. പുതിയ തലമുറക്ക് വേണ്ടി, വായിച്ചു മറന്നവർക്ക് വേണ്ടി വീണ്ടും സമർപ്പിക്കുന്നു. (ടി.വി.എം.അലി)
കൂടല്ലൂർ ഗ്രാമം.
നിളയിൽ തൂതപ്പുഴ കൂടുന്ന ഇടം.
ഇത് എം.ടിയുടെ ഗ്രാമമാണ്.
മലയാള സാഹിത്യത്തിൽ കൂടല്ലൂരിനെ അനശ്വരമാക്കിയ കഥാകാരൻ്റെ പൂർവ്വകഥ തേടിയാണ് കൂടല്ലൂരിൽ എത്തിയത്. കൂടല്ലൂരിനെ ലോകമറിയുന്നത് എം.ടിയിലൂടെയാണ്.
എം.ടിയെ വിശ്വ സാഹിത്യകാരനാക്കിയത് കൂടല്ലൂരുമാണ്. മലയാള സാഹിത്യത്തിലും സിനിമയിലും നിത്യ വിസ്മയമായി നിറഞ്ഞുനിൽക്കുന്ന എം.ടി കഥാപ്രപഞ്ചത്തിലെ ശൂന്യതകൾ പൂരിപ്പിച്ച സാഹിത്യകാരനാണ്.
പുഴകൾ പരിണയിച്ചു ഒന്നിക്കുന്ന കൂടല്ലൂരിൽ എത്ര പെറുക്കിയാലും
തീരാത്തത്രയും കഥകൾ മറഞ്ഞു കിടക്കുന്നുണ്ട്. വേലായുധനും, ഗോവിന്ദൻകുട്ടിയും,
കോന്തുണ്ണി അമ്മാമയും, മീനാക്ഷിയേടത്തിയുമെല്ലാം കൂടല്ലൂരിൻ്റേതാണെന്ന് എം.ടി തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
എം.ടിക്ക് തൻ്റെ കഥകളെക്കാൾ പ്രിയപ്പെട്ടതായിരുന്നു കഥകളുടെ കഥകൾ! ഒരു അമൂല്യ നിധി പോലെ അദ്ദേഹം അവയെല്ലാം മനസ്സിൽ സൂക്ഷിക്കുന്നു. വേരുകൾ പറിച്ചു മാറ്റാൻ ആവാത്ത വിധം അഭേദ്യമാം വിധമാണ് എം.ടിക്ക് കൂടല്ലൂർ എന്ന തൻ്റെ ഗ്രാമത്തോടുള്ള ബന്ധം. വ്യത്യസ്തമായ ഭൂതലങ്ങൾ തേടി പലപ്പോഴും അദ്ദേഹം അലയാറുണ്ടെങ്കിലും വീണ്ടും വന്നെത്തുന്നത് കൂടല്ലൂരിൽ തന്നെയാണ്. അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അദ്ദേഹം ഇഷ്ടപ്പെടുന്നത് തൻ്റെ പ്രിയപ്പെട്ട നിളാനദിയെയാണ്!
കൂട്ടക്കടവ്.
എടവം കഴിഞ്ഞാലും ചടുലമാവാത്ത പുഴ. ഇടതടവില്ലാതെ മണൽ നിറച്ച് പുഴ നീന്തി കയറുന്ന ലോറികളുടെ നീണ്ട നിര കാണാം. കടവിൽ തോണിയും തോണിക്കാരനും ഇല്ല. ഓളവും തീരവും തമ്മിൽ സമരസപ്പെടുന്നില്ല. ചൂളമിട്ട് കടന്നുപോകുന്ന പടിഞ്ഞാറൻ കാറ്റിൽ മമ്മദ്ക്കയുടെ കെസ്സ് പാട്ടിനുവേണ്ടി കാതോർത്തു. കടവ് പുരയും മമ്മദ്ക്കയും ഇല്ലാത്ത കൂട്ടക്കടവ്.
അണച്ചുകെട്ടിയ തോണി
ഓളപ്പാളികളിൽ കുണുങ്ങി നിൽക്കുന്നതും സങ്കല്പിച്ച് ഏറെ നേരം നിന്നു. വേദനയുടെ മന്ദഹാസം പോലെ.
നേർത്ത പകൽ വെളിച്ചം. മാനവികതയുടെ മഹാനദികൾ മനസ്സിൽ സൂക്ഷിച്ച ബാപ്പുട്ടിയെ ഇവിടെ കണ്ടെത്താനാവുമോ?
പാതിരാവും പകൽവെളിച്ചവും
ഇണ ചേരുന്ന മണൽ മെത്തയിൽ കൂർത്ത ഇലകളുള്ള പുല്ലുകളാണ് തഴയ്ക്കുന്നത്.
അശ്വതി.
ആദ്യ നക്ഷത്രത്തിൻ്റെ ഐശ്വര്യം തങ്ങിനിൽക്കുന്ന വീട്.
അശ്വതിയിലിരുന്നാൽ പുഴ കാണാം. പുഴയിൽ ഓളങ്ങൾ ഇളകുന്നതും കാണാം. എം.ടിയുടെ സഹോദരൻ ബാലേട്ടൻ്റെ പറമ്പിൽനിന്ന് 30 സെൻറ് സ്ഥലം വാങ്ങിയാണ് അശ്വതി പണിതത്.
തിരക്ക് പിടിച്ച നഗര ജീവിതത്തിൽ നിന്ന് മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങൾ ഊരിയെടുത്തു എം.ടി അശ്വതിയിൽ കൂടണയാൻ എത്തുക പതിവാണ്. ഇവിടെ വന്നില്ലെങ്കിൽ എം.ടിക്ക് വീർപ്പുമുട്ടൽ അനുഭവപ്പെടും. നിളയിൽ നീരാടി തിമിർത്ത കുട്ടിക്കാലം ഒരു വേണുഗാനം പോലെ എം.ടിയുടെ മനസ്സിലുണ്ട്.
ഈ പുഴയും ഈ കടവും ഈ ഗ്രാമവും എല്ലാം എം.ടിയുടെ കഥകളുടെ ഭൂമികയാണ്. ഓരോ എഴുത്തുകാരനും സ്വന്തമായി ഇത്തിരി കൃഷിഭൂമിയുണ്ട്. എഴുതുവാനുള്ള മെറ്റീരിയൽസ് അവിടെ നിന്നാണ് ലഭിക്കുന്നത്. അതിനോട് അയാൾ വല്ലാത്തൊരു വൈകാരിക ബന്ധം പ്രകടിപ്പിക്കുന്നു എന്ന് എം.ടി പ്രസ്താവിക്കുമ്പോൾ തൻ്റെ പൂർവ ബോധത്തിൽ കിടക്കുന്ന കൃഷിഭൂമി കൂടല്ലൂർ ആണെന്ന് അടിവരയിട്ടു ഉറപ്പിക്കുകയാണല്ലോ.
തൃത്താല കുമ്പിടി റോഡ്.
കൂട്ടക്കടവിൽനിന്ന് അൽപ്പദൂരം
തെക്കോട്ട് നടന്നാൽ നിരത്തിനോട് ചേർന്ന് പാടം കാണാം.
പാടം മുറിച്ചുകടന്നാൽ താന്നിക്കുന്നിൻ്റെ താഴ്വാരത്ത് എത്താം. ഇവിടെയാണ് എം.ടിയുടെ തറവാട്.
കൂടല്ലൂരിൻ്റെ എല്ലുറപ്പുള്ള താന്നിക്കുന്നും നട്ടെല്ലായ നാലുകെട്ടും. മാടത്ത് തെക്കേപ്പാട്ട് തറവാട്. കൂടല്ലൂരിൻ്റെ ഇതിഹാസങ്ങൾ ലോകത്തിന് കാഴ്ചവെച്ച കാഥികൻ്റെ പണിപ്പുര.
പണ്ട് പടിപ്പുര ഉണ്ടായിരുന്നു. 99ലെ വെള്ളപ്പൊക്കത്തിലത് വീണുപോയി. പടവുകൾ കയറി ചെന്നപ്പോൾ താന്നിക്കുന്നിൻ്റെ ശിരസ്സിൽ മുടിയഴിച്ചാടുന്ന കാറ്റിൻ്റെ ഊറ്റമറിഞ്ഞു. പഴയ പാരമ്പര്യത്തിൻ്റെ ജീവസ്സുറ്റ സ്മരണ പോലെ തറവാട് ഉയർന്നുനിൽക്കുന്നു.
നാലുകെട്ടും അസുരവിത്തും
കുട്ട്യേടത്തിയും ഓപ്പോളുമെല്ലാം ഇരുട്ടിൻ്റെ ആത്മാവ് കീറി പുറത്തുചാടുന്നതു പോലെ തോന്നി.
സർപ്പക്കാവും കേരാദി ഫലവൃക്ഷങ്ങളും നിറഞ്ഞ കാനനഭംഗിയിൽ പ്രകൃതിയുടെ നിറച്ചാർത്ത് പോലെ തറവാട്. പണ്ട് നാലുകെട്ടായിരുന്നു. അല്പസ്വല്പം രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിലും പഴമയുടെ ഗന്ധം വിടാതെ തങ്ങി നിൽക്കുന്നുണ്ട്.
ഫ്ലാഷ് ബാക്ക്.
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാദം. വലിയൊരു തറവാട്ടിലെ ക്ഷീണിത
താവഴിക്കായിരുന്നു തെക്കേപ്പാട്ടുകാർ. ഇവിടെ നാരായണി അമ്മയും നാലു മക്കളും. (രണ്ടാണും രണ്ടു പെണ്ണും).
നാരായണി അമ്മയുടെ മൂത്ത മകളാണ് അമ്മാളുക്കുട്ടി. അവൾക്ക് വിവാഹ പ്രായമായി. മനസ്സിൽ സ്വപ്നങ്ങൾ പൂത്തു നിൽക്കുന്ന കാലമാണ്. താന്നിക്കുന്നിലും താഴ്വാരത്തിലും പുഴയിലും പാടവരമ്പിലും ഒരു പൂത്തുമ്പി പോലെ അമ്മാളു പാറി നടന്നു. ഒരു ദിവസം അമ്മാളു അപരിചിതനായ
ഒരു യുവാവിനെ കാണാനിടയായി.
ആഗതനെ കുറിച്ച് അറിയുവാൻ അവളിൽ ആകാംക്ഷ വളർന്നു.
ആഗതൻ പുന്നയൂർക്കുളത്തുകാരനാണ്.
പേര് നാരായണൻനായർ.
പുന്നയൂർക്കുളത്തുകാരനായ തെണ്ടിയത്ത് വീട്ടിൽ നാരായണൻനായർ, മാടത്ത് തെക്കേപ്പാട്ട് വീട്ടിലെ അമ്മാളുവുമായി ലോഹ്യത്തിലാവാൻ അധികനാൾ വേണ്ടി വന്നില്ല.
അയാൾ മെട്രിക്കുലേഷൻ പാസായി വെറുതെ നടക്കുകയാണ്. അയാൾക്ക് കൂടല്ലൂരിൽ ഒരു സതീർത്ഥ്യനുണ്ട്. പാറക്കുളങ്ങര ഗോവിന്ദമേനോൻ. (പിന്നീട് ഗോവിന്ദമേനോൻ സുപ്രീം കോടതി ജഡ്ജിയായി വിരമിച്ചു).
ഉപരിപഠനത്തിന് മദ്രാസിൽ പോകണമെന്നായിരുന്നു നാരായണൻനായർ ആഗ്രഹിച്ചിരുന്നത്. അക്കാര്യത്തെക്കുറിച്ച്
ആലോചിക്കാനാണ് അയാൾ കൂടല്ലൂർ വന്നത്. എന്നാൽ ഒരു നിയോഗം പോലെ അയാൾ കൂടല്ലൂരിൽ തങ്ങി.
പള്ളിമഞ്ഞാലിൽ കുഞ്ഞുമുഹമ്മദ് സാഹിബിൻ്റെ മക്കളെയും മറ്റും പഠിപ്പിക്കാൻ നിയുക്തനാവുകയും ചെയ്തു. അക്കാലത്താണ് നാരായണൻ നായർ അമ്മാളുവിനെ പരിണയിച്ചത്.
പുതുക്കാട് പാലപ്പിള്ളി എസ്റ്റേറ്റ്.
കൂടല്ലൂരിൽ നിന്ന് സുമാർ 70 കിലോമീറ്റർ ദൂരം കാണും പുതുക്കാട്ടേക്ക്. നാരായണൻ നായർ പുതുക്കാട് പാലപ്പിള്ളി എസ്റ്റേറ്റിൽ ക്ലാർക്കായി ചേർന്നു. ഇക്കാലത്താണ് അമ്മാളു സാഹസിക യാത്രയ്ക്ക് തുടക്കം കുറിച്ചത്. അമ്മാളു പുലരും മുമ്പ് കൂടല്ലൂരിൽ നിന്ന് പുറപ്പെടും. 70 കിലോമീറ്റർ നടക്കണം. വാഹനങ്ങൾ ഒന്നുമില്ല. നടന്നേ പറ്റൂ. തൃശ്ശൂർ വഴി നടന്ന് പാലപ്പള്ളി എസ്റ്റേറ്റിൽ എത്തുമ്പോൾ രാത്രിയാവും. കൂടെ ആങ്ങള പയ്യൻ ഉണ്ടാവും. ഇത്രയും ദൂരം നടന്നു ചെന്നാണ് അമ്മാളു ഭർതൃസന്നിധിയിൽ എത്തിയിരുന്നത്. ഇന്നത് ആലോചിക്കാൻ പോലുമാവാത്ത കാര്യമാണ്.
പുന്നയൂർക്കുളത്ത് ഭർതൃഗൃഹത്തിൽ അമ്മാളു അധികനാൾ നിന്നിട്ടില്ല.
നാരായണൻ നായർക്ക് അതത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല. അമ്മാളു ഗർഭിണിയായിരിക്കെയാണ് നാരായണൻ നായർ സിലോണിലേക്ക് പോയത്. അവിടെ തലശ്ശേരിക്കാരനായ ടി.പി കുഞ്ഞുമൂസയുടെ കമ്പനിയിൽ മാനേജരായി ചേർന്നു.
അതിനിടയിൽ അമ്മാളു ഗോവിന്ദനെ പ്രസവിച്ചു. സീമന്തപുത്രനെ ലാളിച്ച് വർഷമൊന്ന് തള്ളിനീക്കിയ അമ്മാളുവിന് ഒരു ദിവസം ഭർത്താവിൻ്റെ സന്ദേശം കിട്ടി. കുഞ്ഞിനെയുമെടുത്ത് ഉടനെ
പുറപ്പെടണം എന്നായിരുന്നു സന്ദേശം. നാരായണൻ നായർ ധനുഷ്കോടി മണ്ഡപം ക്യാമ്പിൽ കാത്തു നിൽക്കാം എന്നും അറിയിച്ചിരുന്നു.
സാഹസികത അമ്മാളുവിൻ്റെ കൂടപ്പിറപ്പാണല്ലോ. പുതുക്കാട്ടേക്ക് നടന്നുപോയ അനുഭവമുണ്ട്. വരുന്നതു വരട്ടെ എന്ന് നിനച്ച് അമ്മാളു പുറപ്പെട്ടു.
പൈതലിനെ തോളിലിട്ട് പതിനാറുകാരനായ പയ്യനെ കൂട്ടിയാണ് യാത്ര. അമ്മാളുവിൻ്റെ അപാര ധൈര്യം കണ്ടു നാട്ടുകാർ അത്ഭുതം കൂറി. അന്ന് തീവണ്ടിയാത്ര ആലോചിക്കുമ്പോൾ തന്നെ കിടിലം കൊള്ളണം. യാത്രക്കാരെ കവർച്ച ചെയ്യുന്ന കൊള്ളക്കാരുടെ കാലമാണ്. ഏതായാലും അതൊരു സാഹസിക യാത്രയായിരുന്നു.
ധനുഷ്കോടി മണ്ഡപം ക്യാമ്പിൽ വച്ചാണ് നാരായണൻ നായർ പ്രഥമ പുത്രനെ കാണുന്നത്.
സിലോൺ.
ഭർത്താവിനൊപ്പം അമ്മാളു സിലോണിൽ കുടുംബ ജീവിതം ആരംഭിച്ചു. ഗോവിന്ദനെ തമിഴ് സ്കൂളിൽ ചേർത്തു. കൂടല്ലൂരിൽ ജനിച്ചു വളർന്ന അമ്മാളുവിന് സിലോൺ ജീവിതവും തമിഴ് പേച്ചും സഹിക്കാനാവുമായിരുന്നില്ല. മകൻ്റെ തമിഴ് പേച്ച് കേട്ട് അമ്മാളു ഭയന്നു. ഗോവിന്ദന് വയസ്സായപ്പോൾ അമ്മാളു ബാലനെ പ്രസവിച്ചു.
കൂടല്ലൂരും താന്നിക്കുന്നും പുഴയും പാടവും ഇടവഴിയും എല്ലാം അമ്മാളുവിൻ്റെ മനസ്സിൽ പച്ച പിടിച്ചിരുന്നു. തൻ്റെ പൊന്നോമന മക്കൾ തമിഴന്മാരായി വളരുകയാണ് എന്ന വിചാരം ആ അമ്മയെ വല്ലാതെ വേദനിപ്പിച്ചു.
1928ൽ രണ്ടു മക്കളെയും കൂട്ടി
അവർ സിലോൺ വിട്ടു. മക്കളെ മലയാളികളാക്കി വളർത്താനുള്ള ഉൾക്കടമായ അഭിനിവേശം അവർക്ക് ഇല്ലായിരുന്നുവെങ്കിൽ മലയാളസാഹിത്യം എത്രമേൽ ദരിദ്രമാവുമായിരുന്നു?
തൻ്റെ സുഖവും സന്തോഷവും മാത്രം ഇച്ഛിച്ചിരുന്നുവെങ്കിൽ അമ്മാളു സിലോണിൽ തന്നെ തങ്ങുമായിരുന്നുവല്ലോ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കൂടല്ലൂരും
തെക്കേപ്പാട്ട് തറവാടും, എം.ടിയുമെല്ലാം അറിയപ്പെടാത്ത ഏതോ ഗ്രഹത്തിൽ അകപ്പെടുമായിരുന്നു.
വീണ്ടും കൂടല്ലൂരിൽ
താന്നിക്കുന്നിൻ്റെ ചരിവിലുള്ള ഒരു മൺകുടിലിലാണ് അമ്മയും മക്കളും താമസിച്ചത്. സുഭിക്ഷമായ സിലോൺ ജീവിതത്തിൽനിന്ന് വിരുദ്ധമായിരുന്നു കാര്യങ്ങളുടെ കിടപ്പ്.
ചാക്കരി കഞ്ഞി കുടിച്ചാണ് കുട്ടികൾ വളർന്നത്. വളരെ ദാരിദ്ര്യം നിറഞ്ഞ കാലഘട്ടമാണ് പിന്നിട്ടത്. എങ്കിലും ഗോവിന്ദനെ വീട്ടിലിരുത്തി മലയാളം പഠിപ്പിക്കാൻ കിഴക്കേപ്പാട്ട് ശങ്കരൻ നായരെ നിയോഗിച്ചു.
ഒരു വർഷംകൊണ്ട് ഗോവിന്ദൻ മലയാളം നന്നായി പഠിച്ചു. തുടർന്ന് ആറു നാഴിക ദൂരെയുള്ള
കുമരനല്ലൂർ ഹൈസ്കൂളിൽ ഫസ്റ്റ് ഫോമിൽ ഗോവിന്ദനെ ചേർത്തു.
മലമക്കാവ് ഡിസ്ട്രിക്റ്റ് ബോർഡ് എലിമെൻ്ററി സ്കൂളിൽ ബാലനെയും ചേർത്തു.
സിലോണിൽ നിന്ന് നാരായണൻ നായർ അയക്കുന്ന തുക കൊണ്ടാണ് നാളുന്തിയിരുന്നത്. വീട്ടിൽ ഏഴ് പേരുണ്ടായിരുന്നു. അമ്മാളു, ഗോവിന്ദൻ, ബാലൻ, അമ്മാളുവിൻ്റെ അച്ഛനും അമ്മയും രണ്ട് അനിയന്മാരും. പിന്നെ ആശ്രിതർ വേറെയും. വളരെ അരിഷ്ടിച്ച് കഴിഞ്ഞുപോന്ന ആ കാലഘട്ടം എം.ടിയുടെ ജനനത്തിനു മുമ്പായിരുന്നു. പിന്നീടാണ് അഞ്ചുവയസ്സിൻ്റെ അകലമിട്ട് നാരായണനും വാസുവും ജനിച്ചത്.
തെക്കേപ്പാട്ട് തറവാട്ടിലെ പൂമുഖം.
വാസു കൂടല്ലൂരിൽ വന്നാൽ തറവാട്ടിൽ നിന്നാണ് ഊണു കഴിക്കുക പതിവ്. ചിലപ്പോൾ അശ്വതിയിലേക്ക് ഊണ് കൊടുത്തു വിടും.
മൂത്ത ജേഷ്ഠൻ ഗോവിന്ദൻ മാഷ് അടിയുറച്ച ഗാന്ധിയനായിരുന്നു.
1967ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചത് ഗോവിന്ദൻ മാഷ്ക്കായിരുന്നു. എസ്.എസ്.എൽ.സി യിലും, ബി.എയിലും റാങ്ക് നേടിയിട്ടുണ്ട്. മദ്രാസും, ആന്ധ്രയും, മലബാറും ഉൾപ്പെടുന്ന പഴയ മദിരാശി സംസ്ഥാനത്തിൽ പി.എസ്.സി പരീക്ഷയിലും അദ്ദേഹം റാങ്ക് നേടിയിട്ടുണ്ട്
1943ൽ മദിരാശി സെക്രട്ടറിയേറ്റിൽ
യു.ഡി.ക്ലാർക്ക് ആയി ജോലി ലഭിച്ചതാണ്. പക്ഷേ നിർഭാഗ്യം കൊണ്ടത് നഷ്ടപ്പെട്ടു. ഗോവിന്ദൻ കോൺഗ്രസ് പ്രവർത്തകൻ ആണെന്ന് സി.ഐ.ഡി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ജോലി നഷ്ടപ്പെട്ടത്.
ചീഫ് സെക്രട്ടറിയുടെ പദവി വരെ എത്തേണ്ടതായിരുന്നു, ജോലിയിൽ ഉണ്ടായിരുന്നുവെങ്കിൽ. പിന്നീട് മദ്രാസിൽ ബാച്ചിലർ ഓഫ് ടീച്ചിങിൽ ചേർന്നു.
തുടർന്ന് മലബാർ ഡിസ്ട്രിക്റ്റ്
ബോർഡിൻ്റെ കീഴിലുള്ള നിരവധി ഹൈസ്കൂളുകളിൽ അദ്ധ്യാപക വൃത്തി ചെയ്തു. ഒടുവിൽ കുമരനെല്ലൂർ ഹൈസ്കൂളിൽ നിന്നാണ് അടുത്തു പറ്റിയത്. ഭാര്യയും അഞ്ചു മക്കളും ഉണ്ട് തെക്കേപ്പാട്ടിലെ കാരണവരായി ഗോവിന്ദൻ മാഷ് പൂർവ്വ സ്മൃതികൾ അയവിറക്കി ഏറെ കാലം ജീവിച്ച ശേഷമാണ് മരണപ്പെട്ടത്.
പത്തായപുര.
തറവാടിനോട് ചേർന്ന് തെക്കു ഭാഗത്താണ് എം.ടി.എൻ നായർ
എന്ന നാരായണൻ നായർ താമസിച്ചിരുന്നത്. പഴയ പത്തായപ്പുരയുടെ സ്ഥാനത്താണിത് പണിതിട്ടുള്ളത്. എം.ടി.എൻ നായർ എം.ടിയുടെ നേരെ മൂത്ത ജേഷ്ഠൻ ആണ്. ആദ്യകാലത്ത് ധാരാളം കവിതകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. നിരവധി കഥകളും രചിച്ചിട്ടുണ്ട്.
1945 ലാണ് കവിതകൾ എഴുതാൻ തുടങ്ങിയത്. യോഗക്ഷേമം, ജയകേരളം, മംഗളോദയം, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ആണ് കഥകൾ വന്നിട്ടുള്ളത്.
31 വർഷം റെയിൽവേയിൽ ജോലി ചെയ്തു. ഒടുവിൽ കൺട്രോളർ പദവിയിൽ നിന്നാണ് വിരമിച്ചത്. നിരവധി ഇതര ഭാഷാ ഗ്രന്ഥങ്ങൾ വിവർത്തനം നടത്തിയിട്ടുണ്ട്.
കവാബത്തയുടെ ഹിമഭൂമി,
സാർത്രെയുടെ എറോസ്റ്റ് റാറ്റസ്, ജെ.കൃഷ്ണമൂർത്തിയുടെ അറിഞ്ഞതിൽ നിന്നുള്ള മോചനം,
ജീവിതത്തിൻ്റെ ദാർശനികത, കാഫ്കയുടെ മെറ്റമോർഫസിസ്,
ലോക കഥ തുടങ്ങിയവയാണ് മൊഴിമാറ്റം ചെയ്യപ്പെട്ട പ്രധാന ഗ്രന്ഥങ്ങൾ. ഉദ്യോഗസ്ഥരായ രണ്ട് പെൺമക്കൾ ഉൾപ്പെടെയുള്ള കുടുംബം പാലക്കാട്ടാണ് താമസിച്ചിരുന്നത്. ഏതാനും വർഷം മുമ്പ് എം.ടി.എൻ മരണപ്പെട്ടു.
ബാലേട്ടൻ
പുഴക്ക് അഭിമുഖമാണ് എം.ടി.ബി നായർ എന്ന ബാലേട്ടൻ്റെ വീട്. പുന്നയൂർക്കുളത്ത് നിന്ന് അച്ഛൻ്റെ ഓഹരി വിറ്റുകിട്ടിയ തുക കൊണ്ട് ഒരേക്കർ നിലം വാങ്ങിയാണ് വീട് പണിതത്. ഇതിൽ നിന്നാണ് 'അശ്വതി' പണിയാൻ എം.ടിക്ക് 30 സെൻറ് സ്ഥലം നൽകിയത്.
എം.ടി.ബി നായർ എന്ന ബാലേട്ടൻ റെയിൽവേയിലെ ജോലി ഒഴിവാക്കിയ ശേഷം പിന്നീട് കോഴിക്കോട് നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ദിനപ്രഭയിൽ
രണ്ടുവർഷം സബ് എഡിറ്ററായി പ്രവർത്തിച്ചു. അന്ന് തിക്കോടിയനും കൂടെയുണ്ടായിരുന്നു. രണ്ടുവർഷം കഴിഞ്ഞതും പത്രം നിന്നു.
1950ൽ തൃശ്ശൂർ എക്സ്പ്രസിൽ ആറുമാസത്തോളം സബ് എഡിറ്ററായി. എ.പി.പി നമ്പ്യാർ അവധിയെടുത്ത കാലത്താണിത്. ജേർണലിസം കൊണ്ട് ജീവിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ഒരു ബ്രിട്ടീഷ് കമ്പനിയിൽ
സെയിൽസ് വിഭാഗത്തിൽ
പ്രവേശിച്ചു. 32 വർഷം പ്രസ്തുത കമ്പനിയെ സേവിച്ചു. ഇക്കാലത്ത് കേരളത്തിന് പുറത്തും സഞ്ചരിച്ചു. ആദ്യകാലത്ത് ധാരാളം കഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയിൽ ആണ് കൂടുതൽ കമ്പം. എം.ടി.ബി നായരുടെ രണ്ട് സീരിയലുകൾ ദൂരദർശൻ സംപ്രേഷണം ചെയ്തിട്ടുണ്ട്. എം.ടി.ബി നായർക്ക് നാല് പെൺമക്കളും രണ്ട് ആൺമക്കളും ഉണ്ട്. മരണപ്പെട്ട മകൻ മധു തെക്കേപ്പാട്ട് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായിരുന്നു.
ബാലേട്ടൻ മരണപ്പെട്ട ശേഷം ഇവിടെ സന്ദർശകരുടെ ബാഹുല്യം കണ്ടിട്ടില്ല.
വാസുവിൻ്റെ പൂർവ്വകഥ: ഫ്ലാഷ് ബാക്ക്.
1933ലാണ് അമ്മാളുകുട്ടി നാലാമത്തെ മകനെ പ്രസവിച്ചത്. മൂന്നാൺമക്കൾക്ക് ശേഷം നാലാം പേറ് പെണ്ണാവണമെന്ന് അമ്മാളു ആഗ്രഹിച്ചു കാണും. നിൻ്റെ ഓർമ്മയ്ക്ക് എന്ന കഥയിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്:
ഞങ്ങൾ നാലാൺമക്കളാണ്. സഹോദരിമാർ ആരുമില്ല. പാറുവമ്മയുടെ അഭിപ്രായത്തിൽ അതാണ് അമ്മയുടെ ഏറ്റവും വലിയ സുകൃതം. ഒരു പെൺകുട്ടി ഉണ്ടാവാൻ അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. മൂന്നാൺമക്കൾക്കു ശേഷം അമ്മ ഗർഭിണിയായപ്പോൾ കണിയാർ പറഞ്ഞു, ഇത് പെൺകുട്ടി തന്നെ. എല്ലാവർക്കും സന്തോഷമായി. ചെയ്യാത്ത വഴിപാടുകളും കയറാത്ത അമ്പലങ്ങളുമില്ല. പക്ഷേ പ്രതീക്ഷകളെല്ലാം തട്ടിമാറ്റിക്കൊണ്ട് ഒരു ചാവാളി ചെറുക്കൻ ഭൂജാതനായി. വിനയപൂർവ്വം അറിയിച്ചുകൊള്ളട്ടെ
ആ നിർഭാഗ്യവാൻ ഞാനാണ്. ഒരു മകളുടെ സ്ഥാനത്ത് വന്ന് പിറന്നത് കൊണ്ടായിരിക്കാം അമ്മയുടെ വക ധാരാളം അടി വന്നുചേരാറുണ്ട്. ഏട്ടന്മാരും ഇടയ്ക്കെല്ലാം ദ്രോഹിക്കും. തനിച്ചിരിക്കുമ്പോൾ എൻ്റെ ദുരവസ്ഥയെപ്പറ്റി ഞാൻ ഓർത്തുപോവും.
ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരു പഴയ താളാണ് ഈ കഥയെന്ന് എം.ടി. എഴുതിയിട്ടുണ്ട്. കുടുക്കുകൾ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയിൽ കുടുക്കി നിർത്തിയാണ് വാസു എന്ന കഥാപാത്രം നടക്കുന്നത്. പത്തോ പതിനൊന്നോ വയസ്സാണ് അവന്. അമ്മാളു അമ്മയുടെ മകൻ വാസു വല്ലാത്ത വികൃതിയും വല്യേ വാശിക്കാരനുമായിരുന്നു. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കും. ഒടുവിൽ കരച്ചിൽ നിർത്താൻ ഒരു വഴി കണ്ടുപിടിച്ചു. വാസുവിൻ്റെ കൈപിടിച്ചു ബാലേട്ടൻ പുഴയിൽ ചെന്നിരിക്കും. പുഴ കണ്ട് അവൻ ശാന്തനാകും. പിന്നെ വാശിയോ ശാഠ്യമോ ഒന്നുമുണ്ടാവില്ല. പുഴയിലെ ഓളങ്ങൾ നോക്കി ഏറെ നേരം അവൻ ഇരിക്കും. പിന്നെ തിരിച്ചു പോരും. പലപ്പോഴും ഇതായിരുന്നു പതിവ്.
മൂന്നാം വയസ്സിലാണ് വാസുവിനെ എഴുത്തിനിരുത്തിയത്. കോപ്പൻ മാഷ് നടത്തിയിരുന്ന സ്വകാര്യ വിദ്യാലയത്തിലാണ് ആദ്യാക്ഷരങ്ങൾ പഠിച്ചത്. അവിടെ മൂന്ന് ക്ലാസാണ് ആകെ ഉണ്ടായിരുന്നത്. രണ്ടുവർഷം കൊണ്ട് മൂന്നാം ക്ലാസ് വരെയുള്ള പാഠങ്ങൾ പഠിച്ചു. അഞ്ചാം വയസ്സിൽ മലമക്കാവ് എലിമെൻ്ററി സ്കൂളിൽ ചേർത്തു.
ഏഴാം വയസ്സിൽ അഞ്ചാം തരം വരെയുള്ള എല്ലാ പാഠങ്ങളും പഠിച്ചു തീർത്തു. അവന് അസാമാന്യ ബുദ്ധിയായിരുന്നു. എട്ടാം വയസ്സിൽ കുമരനെല്ലൂർ ഹൈസ്കൂളിൽ ഫസ്റ്റ് ഫോമിൽ ചേർന്നു. പതിനാലാം വയസ്സിൽ എസ്.എസ്.എൽ.സി പാസ്സായി. മിടുക്കനായ വിദ്യാർത്ഥി എന്ന പരിഗണനയിൽ എല്ലാവർഷവും സ്റ്റൈപ്പൻ്റ് കിട്ടിയിരുന്നു.
പ്രൈമറി ക്ലാസ്സിൽ ഡബിൾ പ്രമോഷനും ഫസ്റ്റ് ഫോം തൊട്ട് സ്റ്റൈപ്പൻഡ് നേടിയ വാസുവിന് രണ്ടുവർഷം ഉഴപ്പി നടക്കേണ്ടി വന്നു.
പതിനാലാം വയസ്സിൽ എസ്.എസ്.എൽ.സി പാസ്സായങ്കിലും കോളേജിൽ ചേരാൻ 16 തികയണമായിരുന്നു. ഇക്കാലത്താണ് സാഹിത്യകൃതികളുമായി വാസു സഹവാസത്തിലായത്. അതിനുമുമ്പുതന്നെ ഏട്ടന്മാരുടെ കഥകളും കവിതകളും അച്ചടിച്ചു വന്നിരുന്നതും വാസുവിനെ പ്രചോദിപ്പിച്ചു കാണണം.
അഞ്ച് നാഴിക ദൂരെയാണ് വായനശാല. ആനക്കര ഗോവിന്ദ കൃഷ്ണാലയം വായനശാലയിൽ ധാരാളം ഗ്രന്ഥശേഖരം ഉണ്ടായിരുന്നു. എല്ലാ ആനുകാലികങ്ങളും അവിടെ എത്തിയിരുന്നു. ഉച്ചയൂണ് കഴിഞ്ഞാൽ ഒരു നടത്തമാണ്. സന്ധ്യവരെ അവിടെ കൂടും. ഇക്കാലത്താണ് അച്ഛൻ സമ്പാദ്യവുമായി സിലോണിൽ നിന്ന് വന്നതും തെക്കേപ്പാട്ട് തറവാട് വിലക്കെടുത്തതും.
എഴുത്തിൻ്റെ വഴിയിലൂടെ...
1947ലാണ് തുടക്കം. ആദ്യം എഴുതിയത് ലേഖനമായിരുന്നു. രത്നവ്യവസായത്തെ പറ്റിയാണ് എഴുതിയത്. മദ്രാസിൽനിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ചിത്രകേരളം മാസികയിലായിരുന്നു വിഷുക്കൈനീട്ടം എന്ന ആദ്യ കഥ അച്ചടിച്ചുവന്നത്. ബാലേട്ടനാണ് ഈ കഥയ്ക്ക് ഇല്യുസ്ട്രേഷൻ വരച്ചത്.
പതിനാറ് തികഞ്ഞപ്പോൾ പാലക്കാട് വിക്റ്റോറിയയിൽ ചേർന്ന് പഠിക്കുന്ന സമയത്താണ് രക്തം പുരണ്ട മൺതരികൾ എന്ന കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയത്. ഇതിന് മുൻകൈയെടുത്തത് സഹപാഠികളായിരുന്നു. പിന്നീട് മാതൃഭൂമി നടത്തിയ ലോക കഥാമത്സരത്തിൽ വളർത്തുമൃഗങ്ങൾ എന്ന കഥ മലയാള വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി. ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കേന്ദ്രബിന്ദു.
കഥകളിലേക്ക് കടക്കാം. നിരവധി കഥകളിൽ വാസു തന്നെയാണ് കേന്ദ്രബിന്ദു. ബാല്യകാലം ചിത്രീകരിക്കുന്ന കഥകളിൽ കാൽപ്പനികത തുളുമ്പി നിൽക്കുന്നു. അദ്ദേഹം കഥ പറയുന്നില്ല; കഥ അനുഭവിപ്പിക്കുകയാണ്. ഹൃദയത്തോടാണ് കഥ സംവദിക്കുന്നത്. കഥാപാത്രങ്ങൾ നിലവിളിക്കുകയല്ല, തേങ്ങിക്കരയുകയാണ്. ഇതൊരു നീറുന്ന നൊമ്പരമായി മനസ്സിൽ തങ്ങിനിൽക്കും.
തെറ്റും തിരുത്തും, പടക്കം, നിൻ്റെ ഓർമ്മയ്ക്ക് എന്നീ കഥകളിൽ കഥാനായകൻ വാസു തന്നെയാണ്.
നീലക്കടലാസിലെ വേണുവിനെയും, നുറുങ്ങുന്ന ശൃംഖലകളിലെ ശേഖരനേയും, ഒരു പിറന്നാളിൻ്റെ ഓർമ്മയിലെ കുഞ്ഞികൃഷ്ണനെയും, ഓപ്പോളിലെ അപ്പുവിനെയും കണ്ടെടുത്തത് പൂർവ്വബോധത്തിൻ്റെ സ്മരണയിൽ നിന്നാവാതെ തരമില്ലല്ലോ.
ഇരുട്ടിൻ്റെ ആത്മാവ്.
അകത്തു നിന്നും ഒരു കോലാഹലം
ഉമ്മറത്തേക്ക് നീങ്ങി വരികയാണ്.
ഭ്രാന്തൻ! ഭ്രാന്തൻ! വേലായുധൻ പിന്നെ നിന്നില്ല. ചുണ്ടുകൾ നനച്ചപ്പോൾ ഉപ്പ് ചുവച്ചു. നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങിയ ചോരയാണ്. കാലിലെ ചങ്ങല കഷ്ണവും വലിച്ചുകൊണ്ട് വേലായുധൻ പടിയിറങ്ങി. ശരീരം തളർന്നു വീഴാറായിരുന്നു. എങ്കിലും ഒരു ചുഴലിക്കാറ്റിൻ്റെ വേഗത്തിൽ അവൻ ഓടി.
ഓടിവരുന്നത് ഇരുട്ടിൻ്റെ ആത്മാവിലെ വേലായുധനാണ്. വാസുവിന് അന്ന് ഏഴോ എട്ടോ ആണ് പ്രായം. അന്നാണ് വാസു വേലായുധനെ കണ്ടത്. ഭ്രാന്തൻ വേലായുധൻ വീട്ടിൽ കയറി വന്ന രംഗം എം.ടിയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. വടക്കേ വീട്ടിൽ നിന്ന് രക്ഷപ്പെട്ടാണ് അവൻ വന്നത്. കോലായിലേക്ക് അവൻ കയറി. നിലവിളക്കിൻ്റെ വെളിച്ചത്തിൽ വേലായുധനെ കണ്ടു. മാളോടത്തി എനിക്കിത്തിരി ചോറ് തരൂ... അവൻ അമ്മയോട് പറഞ്ഞു. കുഞ്ഞുനാളിൽ കണ്ട വേലായുധൻ ഇരുട്ടിൻ്റെ ആത്മാവിൽ അനശ്വരനായത് എത്രയോ വർഷങ്ങൾക്കു ശേഷമാണ്. അതെഴുതുമ്പോൾ എം.ടിക്ക് 20 വയസ്സ് കഴിഞ്ഞു കാണും. ഒരു വ്യാഴവട്ടക്കാലം മനസ്സിൽ ജീവിച്ചതിനുശേഷമാണ് വേലായുധൻ ഇരുട്ടിൻ്റെ ആത്മാവിലെ അനശ്വര കഥാപാത്രമായത് എന്നോർക്കുമ്പോൾ എം.ടിയുടെ തപസ്യയുടെ ആഴം കാണാനാകും.
വെള്ളിനാണയം.
എം.ടി ബി.എസ്.സിക്ക് പഠിക്കുകയാണ്. അക്കാലത്താണ് അമ്മയ്ക്ക് ക്യാൻസർ പിടിപെട്ടത്. അമ്മയെ ചികിത്സിക്കാൻ മദ്രാസിലേക്ക് കൊണ്ടു പോകുകയാണെന്ന് വാസുവിന് വിവരം കിട്ടി. വീട്ടിലെത്താൻ വാസുവിൻ്റെ മനസ്സ് തുടിച്ചു. പക്ഷേ പരീക്ഷയുടെ വാൾമുനയാണ് ശിരസ്സിൽ.
അമ്മയെ തീവണ്ടിയിലാണ് കൊണ്ടുപോകുന്നത്. വിവരമറിഞ്ഞ് വാസു ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഓടി.
തീവണ്ടിയിൽ അമ്മയുണ്ടായിരുന്നു.
മകൻ അമ്മയെ കണ്ടു. അമ്മ മകൻ്റെ ശിരസ്സിൽ തലോടി. അത് അമ്മയുടെ അവസാനത്തെ അനുഗ്രഹമായിരുന്നു എന്ന് കരുതിയില്ല. വണ്ടി ചൂളം വിളിച്ച് നീങ്ങാൻ തുടങ്ങും മുമ്പ് അമ്മ കോന്തല അഴിച്ച് ഒരു വെള്ളിനാണയം എടുത്തു മകൻ്റെ കരം കവർന്ന് ഉള്ളംകൈയിൽ അത് വെച്ചുകൊടുത്തു. അതിൽ അമ്മയുടെ സ്നേഹം മുഴുവൻ ഉണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വിട ചൊല്ലിയപ്പോൾ അത് ഒടുക്കത്തെ കൂടിക്കാഴ്ചയാകുമെന്ന് കരുതിയില്ല. ആ വെള്ളിനാണയമാണ്
സർവ്വ ഐശ്വര്യങ്ങളുടേയും ഉറവിടം എന്ന് പറയാം. അതിനുശേഷം എം.ടിക്ക് പണവും പ്രശസ്തിയും പെരുകി കൊണ്ടിരുന്നു. അമ്പത്തി അഞ്ചാം വയസ്സിൽ അമ്മ മരണപ്പെടുമ്പോൾ വാസു ബി.എസ്.സി പരീക്ഷ എഴുതുകയായിരുന്നു. അമ്മ മരിച്ച വിവരം വാസുവിനെ അറിയിച്ചില്ല. പരീക്ഷയ്ക്ക് വിഘ്നം വരാതിരിക്കാൻ വേണ്ടിയാണ് അറിയിക്കാതിരുന്നത്.
പരീക്ഷ തീർന്നതും വാസുവിനെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു.
വാസു ബി.എസ്.സി പാസായി. പാലക്കാട് എം.വി ട്യൂട്ടോറിയലിൽ എം.ടി.വാധ്യാരായി ചേർന്നു. നല്ല വാഗ്മി ആയിരുന്നതിനാൽ വിദ്യാർഥികൾക്കെല്ലാം എം.ടിയെ വളരെ ഇഷ്ടമായിരുന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ കളമൊന്നു മാറ്റി ചവിട്ടാൻ എം.ടിക്ക് മോഹമുണ്ടായി. അതിനെ തുടർന്ന് ഗ്രാമസേവകൻ ആയിത്തീരാനുള്ള പരിശീലനത്തിന് തളിപ്പറമ്പിലേക്ക് പോയി.
തളിപ്പറമ്പ്.
ഗ്രാമസേവകൻ ആകാനുള്ള പരിശീലന കളരിയിലാണ് എം.ടി. ആ കാലം വളരെ ഹ്രസ്വമായിരുന്നു. ഇവിടെ രസകരമായ ഒരു സംഭവം ഉണ്ടായി.
എം.ടി പണ്ടുമുതൽക്കേ ബീഡി വലി കമ്പക്കാരനാണ്. ഇന്നും ചുണ്ടിൽ എരിയുന്ന ബീഡി കാണാം. ഒന്നിൽ നിന്നും മറ്റൊന്ന് കത്തിച്ചു വലിക്കുന്ന കാലം. വലിയോട് വലി. മുറിയിൽ പുകമയം. പ്രിൻസിപ്പാളിൻ്റെ കണ്ണിൽ പെടാൻ അധികം വൈകിയില്ല. ബീഡി വലിക്കാരനെ ഉടനെ പിടികൂടി. പ്രിൻസിപ്പാൾ കടുത്ത ഗാന്ധിയനാണ്. പോരാത്തതിന് പുകവലി വിരുദ്ധനും.
പിന്നത്തെ കഥ പറയാനുണ്ടോ? ഗ്രാമസേവകനാവാനുള്ള യുവാവ് ബീഡി സേവകനായി മാറുന്നത്
പ്രിൻസിപ്പാൾക്ക് പൊറുക്കാൻ കഴിഞ്ഞില്ല. കയ്യോടെ പിടികൂടി ശാസിച്ചു നോക്കി. വീണ്ടും നോട്ടപ്പുള്ളിയാക്കി. വീണ്ടും ശാസിച്ചു. പക്ഷേ വാസുവിൻ്റെ ബീഡി എരിഞ്ഞുകൊണ്ടിരുന്നു. മുറിയാകെ പുക നിറഞ്ഞുകൊണ്ടിരുന്നു. ബീഡിവലി അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. അതുപേക്ഷിച്ചു ഉദ്യോഗം വേണ്ടെന്ന് വാസു കരുതി. ഒരു മാസം കൊണ്ട് പരിശീലനം മതിയാക്കി വാസു മുങ്ങി. പിന്നെ പൊങ്ങിയത് പഴയ ലാവണത്തിൽതന്നെ. എം.ടി ട്യൂട്ടോറിയലിൽ വീണ്ടും തിരിച്ചെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് അതൊരു ഉത്സവമായിരുന്നു.
പത്രാധിപർ.
ട്യൂട്ടോറിയലിൽ വാദ്ധ്യാരായിരുന്ന കാലം. മാതൃഭൂമിയിൽ ഒരു പരസ്യം കണ്ടു. സബ് എഡിറ്ററെ ആവശ്യമുണ്ട്. അപേക്ഷ അയച്ചു. വൈകാതെ നിയമനം കിട്ടി. എൻ.വി കൃഷ്ണവാര്യരുടെ കൂടെയായിരുന്നു എം.ടിയുടെ പ്രവർത്തനം. 12 വർഷം സബ് എഡിറ്ററായി പ്രവർത്തിച്ചതിന് ശേഷം മുഖ്യ പത്രാധിപരായി. ഇക്കാലത്താണ് നിർമ്മാല്യം എന്ന സിനിമ സംവിധാനം ചെയ്തത്. അതിനുമുമ്പുതന്നെ മുറപ്പെണ്ണ്, നഗരമേ നന്ദി എന്നിവ തിരശീലയിൽ എത്തിയിരുന്നു. മാണിക്യക്കല്ല് (ബാല നോവൽ),
നാലുകെട്ട്, അസുരവിത്ത്, ഇരുട്ടിൻ്റെ ആത്മാവ് തുടങ്ങിയവ പ്രസിദ്ധപ്പെടുത്തി പ്രശസ്തിയുടെ ഗോപുരനടയിൽ എത്തിക്കഴിഞ്ഞിരുന്നു.
രണ്ടാമൂഴം.
1980- 82 കാലം. ശരിക്കും ഒരു രണ്ടാമൂഴക്കാരനായി പുനർജ്ജനിച്ച കാലമാണിത്. ഗുരുതരമായ കരൾ രോഗം പിടിപെട്ട് മരണത്തിൻ്റെ വക്കിലെത്തി. രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നു വന്ന മരണദൂതൻ രണ്ടാമൂഴം നൽകി അനുഗ്രഹിച്ച് പിന്മാറി. ഇക്കാലത്താണ് രണ്ടാമൂഴം, ആൾക്കൂട്ടത്തിൽ തനിയെ എന്നിവ രചിച്ചത്.
കോഴിക്കോട് സിതാരയിൽ താമസിക്കുന്ന എം.ടിക്ക് ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്. മൂത്തവൾ സിതാര അമേരിക്കയിലാണ്. രണ്ടാമത്തെ മകൾ അശ്വതി. സഹധർമ്മിണി സരസ്വതി കലാമണ്ഡലം നൃത്താധ്യാപികയായിരുന്നു. ഇപ്പോൾ നൃത്തവിദ്യാലയം നടത്തി വരുന്നു.
എം.ടി.യുടെ അമ്മ മരിച്ച് 10 വർഷം കഴിഞ്ഞപ്പോൾ കാൻസർമൂലം അച്ഛനും മരിച്ചു.
ആത്മകഥ.
എം.ടിയുടെ എല്ലാ കഥകളും കൂട്ടിവെച്ചാൽ അദ്ദേഹത്തിൻ്റെ ആത്മകഥയായി. ഇക്കാര്യം എം.ടി.തന്നെ പറഞ്ഞിട്ടുണ്ട്.
എൻ്റെ ദുഃഖങ്ങളും ആഹ്ലാദങ്ങളും വിഹ്വലതകളും സ്വപ്നങ്ങളും എന്നെ കീഴടക്കുമ്പോൾ എനിക്ക് എഴുതണം. എഴുതാതെ വയ്യ. എഴുതിയില്ലെങ്കിൽ എന്നോട് കാട്ടിയ നെറികേടായി ഏതോ അജ്ഞാത ശബ്ദം എവിടെയിരുന്നോ അപലപിക്കുന്നത് നിശബ്ദമായി ഞാൻ കേൾക്കുന്നു.
എം.ടി കേൾക്കുന്ന അജ്ഞാത ശബ്ദം തീർച്ചയായും കൂടല്ലൂരിൻ്റേതാണ്. ഇവിടുത്തെ മനുഷ്യരുടെ കണ്ണീരും പുഞ്ചിരിയും അദ്ദേഹം കാണുന്നു. നിളയുടെ തെളിനീരും ഉൾപുളകവും എം.ടി അറിയുന്നു. അതുകൊണ്ട് എം.ടിക്ക് എഴുതാതെ വയ്യ.
അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിൻ്റെ അസുലഭ നിമിഷങ്ങൾക്ക് വേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി എഴുതുന്ന എം.ടിക്ക് ആ സ്വാതന്ത്ര്യമാണ് അസ്തിത്വമായിട്ടുള്ളത്. അതില്ലെങ്കിൽ എം.ടി കാനേഷുമാരി കണക്കിലെ ഒരക്കം മാത്രമാവുമായിരുന്നു.
ഈ സ്വാതന്ത്ര്യവും അസ്തിത്വവും എം.ടിക്ക് നൽകിയത് കൂടല്ലൂരാണ്. എം.ടി കൂടല്ലൂരിനോട് കടപ്പെട്ടിരിക്കുന്നത് പോലെ മലയാളസാഹിത്യവും കൂടല്ലൂരിനോട് കടപ്പെട്ടിരിക്കുന്നു.
('എക്സ്പ്രസ്' വാരാന്ത പതിപ്പ് 1994 ജൂലൈ 10 / 17 തീയതികളിൽ പ്രസിദ്ധപ്പെടുത്തിയത് )