ഗ്രന്ഥകാരൻ: ഡോ.മുഹമ്മദ് ശാഫി വാഫി
പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ അറബി വിഭാഗം പുറത്തിറക്കിയ മൂന്നാമത്തെ വിവർത്തന കൃതിയെ കുറിച്ചാണ് ഈ കുറിപ്പ്.
ഈജിപ്തിൽ നിന്നും പ്രസിദ്ധീകരിച്ച 'അൽ യൗം തബസ്സമത്ത്' എന്ന കഥാസമാഹാരമാണ് 'ഇന്ന് അവൾ പുഞ്ചിരിച്ചു' എന്ന പേരിൽ, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ മൊഴി മാറ്റി പ്രസിദ്ധീകരിച്ചത്.
മലയാളിയായ ഡോ.മുഹമ്മദ് ശാഫി വാഫി രാമപുരത്തിൻ്റെ കഥകൾ ഈജിപ്തിലെ പബ്ലിഷിങ് ബ്യൂറോ 'ദാറു സുകരിയ്യ'യാണ് പുറത്തിറക്കിയത്. അറബി നാട്ടിൽ കഥാഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയ ആദ്യ ഭാരതീയനാണ് ഡോ.മുഹമ്മദ് ശാഫി വാഫി. കേരളീയ ഗ്രാമീണ സാമൂഹ്യ പരിസരങ്ങളേയും സംസ്കൃതിയേയും അറബി വായനാസമൂഹത്തിന് പകർന്നു നൽകാനുള്ള കഥാകാരൻ്റെ ഉദ്യമം ശ്ലാഘനീയമാണ്. കഥാംശം ചോർന്ന് പോകാതെ കുട്ടികൾ മൊഴിമാറ്റം നടത്തിയതും അഭിനന്ദനമർഹിക്കുന്നു.
സ്വന്തം നാടിൻ്റെ അനുഭവങ്ങളെ മറ്റൊരു നാട്ടിലേക്ക്, അറബി ഭാഷയിലേക്ക് കഥാകൃത്ത് വിവർത്തനം ചെയ്തപ്പോൾ, ആ കഥകളെ തിരിച്ച് മലയാളത്തിലേക്ക് ഭാഷാ വിവർത്തനം നടത്തിയെന്നതാണ്ഈ കൃതിയെ വേറിട്ടു നിർത്തുന്നത്.
പ്രമുഖ അറബി മാസികകളിൽ മഷി പുരണ്ടതാണ് എല്ലാ കഥകളും. സമകാലിക അറബി ചെറുകഥയുടെ ശൈലിയിൽ ആലേഖനം ചെയ്യപ്പെട്ട ഇതിലെ കഥകൾ, മലയാളത്തിൽ ഇപ്പോൾ എഴുതപ്പെടുന്ന കഥാഖ്യാന ശൈലിയിൽ നിന്ന് തുലോം വിഭിന്നമാണെന്ന് അവതാരികയിൽ ഡോ.ജമീൽ അഹമദ് നിരീക്ഷിക്കുന്നു.
അഫ്ര, കെ.സൽവ, ടി.സുമയ്യ തസ്നി, ടി.ടി.ജസീല തസ്നി, ടി.കെ.മുബശിറ, പി.ടി.മുഹമ്മദ് മുഖ്താർ, എം.ശമീമ, ഇ.ബി.അതുൽകൃഷ്ണൻ, ടി.സുഫൈൽ സിദ്ധീഖ്, വി.കെ.ഫർഹാന, എം.പി.മറിയം റഷീദ, കെ.ഷഹന, എം.കെ.അനീസ, കെ.ടി.ഷാഹിന, ഇ.വി.സൽമാനുൽ ഫാരിസ്, ടി.കദീജത്തുലുബ്ന, എ.ജംഷീർ, പി.മുസ്തഫ, എം.ഫാത്തിമത്ത് സഫീദ, പി.കെ.മുഹമ്മദ് മുനവിർ, സി.എ.അഫ്സത്ത്, ഇ.ടി.ഹുസ്ന, ഫാത്തിമത്തുൽ മുഹ്സിന, എം.ജിൽസി ഷെറിൻ, കെ.പി.നൂർ സഹ്റ, കെ.പി.സഫ്വാനമോൾ, കെ.റിസാന ഷെറി, സി.ടി.യൂനുസ്, സി.റിസ്വാന എന്നീ വിദ്യാർത്ഥികളാണ് പത്ത് കഥകൾ തർജ്ജമ ചെയ്തത്.