Wednesday, 30 June 2021

അറിവും തിരിച്ചറിവും


ഗ്രന്ഥകാരൻ: ഡോ.അബ്ദു പതിയിൽ.


പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ അറബിക് വിഭാഗം മേധാവിയും അസോസിയേറ്റ് എൻ.സി.സി.ഓഫീസർ ക്യാപ്റ്റനുമായ ഡോ.അബ്ദു പതിയിൽ എഴുതിയ അറിവും തിരിച്ചറിവും എന്ന ലേഖന സമാഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

മലപ്പുറം വിക്ടറി ബുക്സ് പ്രസിദ്ധപ്പെടുത്തിയ പുസ്തകം പ്രകാശനം ചെയ്തപ്പോൾ തന്നെ ഗ്രന്ഥകാരൻ സ്നേഹപൂർവ്വം ഓതേഴ്സ് കോപ്പി തന്നിരുന്നു. പേജുകൾ മറിച്ചു നോക്കിയപ്പോൾ തന്നെ ഇത് ഒറ്റ വായനയിൽ ഒതുക്കാവുന്നതല്ലെന്ന് ബോധ്യമായിരുന്നു. ഗൗരവമായ വായന ആവശ്യമായതിനാൽ വളരെ സമയമെടുത്താണ് പുസ്തകം വായിച്ചു തീർത്തത്. പുസ്തകത്തിൻ്റെ പേര് അന്വർത്ഥമാക്കുന്ന വിധം വായനക്കാരന് അറിവും തിരിച്ചറിവും നൽകുന്ന കൃതിയാണിത്. ക്ലാസ് മുറിയിൽ തൻ്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന തരത്തിൽ ഗഹനമായ വിഷയങ്ങൾ പോലും ലളിതമായി വിവരിക്കാൻ ഗ്രന്ഥകാരനെ സഹായിച്ചത് തൻ്റെ അധ്യാപന രീതി തന്നെയാവാം. 

ഇരുപത് അധ്യായങ്ങളാണ് 120 പുറങ്ങളിലുള്ളത്. വർത്തമാനകാല സാഹചര്യത്തിൽ ഏറെ പ്രസക്തങ്ങളായ വിഷയങ്ങളാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്. വിവിധ ആനുകാലികങ്ങളിൽ വെളിച്ചം കണ്ട രചനകളുടെ സമാഹാരമാണിത്. ഇതിൽ യാത്രാ വിവരണമുണ്ട്. വിദ്യാഭ്യാസ ചിന്തകളുണ്ട്. കാർഷിക ദർശനമുണ്ട്. ഖുർആൻ്റെ ആത്മാവ് തൊടുന്ന ആഖ്യാനങ്ങളുണ്ട്. ഒരു ചരടിൽ വ്യത്യസ്ഥ നിറങ്ങളുള്ള മുത്തു മണികൾ കോർത്തിട്ടതു പോലെ വൈവിധ്യങ്ങളായ വിഷയങ്ങൾ പുസ്തകത്തിൽ അടുക്കി വെച്ചിരിക്കുകയാണ്.

മനനം ചെയ്യുന്നവനാണല്ലൊ മനുഷ്യൻ. കണ്ടതും കേട്ടതും അപ്പടി സ്വീകരിക്കുന്ന സ്വഭാവം പൊതുവെ ആരും കൊണ്ടു നടക്കാറില്ലല്ലൊ. മനുഷ്യസൃഷ്ടിയുടെ മുഖ്യ സവിശേഷതകളിലൊന്ന് അറിവ് നേടാനും ഓർത്തുവെക്കാനും വിശകലനം ചെയ്യാനും കൈമാറാനുമുള്ള കഴിവാണ്. ആദ്യ മനുഷ്യൻ മുതൽ ഈ പ്രക്രിയ തുടങ്ങി.അത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. തനിക്ക് എല്ലാം അറിയാൻ കഴിയുമെന്ന അഹങ്കാരം അലങ്കാരമായി കൊണ്ടു നടക്കുന്നവരുണ്ടാവാം.  ലോകം കണ്ട പ്രഗത്ഭ ശാസ്ത്രജ്ഞൻ ആൽബർട് ഐൻസ്റ്റീൻ പോലും പറഞ്ഞത് കടൽ തീരത്തെ ഒരു മണൽ തരിയോളം അറിവേ ലഭിച്ചിട്ടുള്ളൂവെന്നും അറിവിൻ്റെ പാരാവാരം മുന്നിൽ പരന്നു കിടക്കുന്നു എന്നുമാണ്. അറിവിൽ നിന്ന് അൽപ്പമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ലെന്ന് വിശുദ്ധ ഖുർആൻ വചനവും ഉണർത്തുന്നുണ്ട്. അന്തമാൻ ദ്വീപിലെ കാഴ്ചകൾ കാട്ടി തന്നു കൊണ്ടാണ് ഒന്നാം അധ്യായം ആരംഭിക്കുന്നത്. കാഴ്ചകൾ അതേപടി പകർത്തി വെച്ചാൽ യാത്രാ വിവരണമായി എന്ന് കരുതുന്നവരിൽ ഗ്രന്ഥകാരൻ പെടില്ല. ആ നാടിൻ്റെ വർത്തമാന കാല ചരിത്രത്തിലൂടെ നടന്ന് ചെന്ന് ഭൂതകാലത്തിൻ്റെ ഇരുട്ടറ കളിലേക്ക് ടോർച്ചടിച്ച് കാഴ്ചക്കാർക്ക് വെളിച്ചമെത്തിക്കാൻ കൂടി ഗ്രന്ഥകാരൻമുതിരുന്നുണ്ട്. രണ്ടാം അധ്യായമായ കശ്മീർ യാത്രാവിവരണവും അതേ രീതി പിന്തുടരുന്നു. പ്രകൃതി സൗന്ദര്യത്തിൻ്റെ സമ്മോഹന ദൃശ്യങ്ങൾക്ക് പിറകിൽ പതിയിരിക്കുന്ന അദൃശ്യ വസ്തുതകൾ പോലും വരികൾക്കിടയിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. തുടർന്ന് വരുന്ന ഓരോ അധ്യായങ്ങളും ഖുർആൻ ഗ്രന്ഥത്തിലൂടെയുള്ള തീർത്ഥാടനമാണ്. ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇസ്ലാമും തീവ്രവാദവും, ഇസ്ലാമും സ്ത്രീകളും തുടങ്ങിയ വിഷയങ്ങൾ ഗൗരവ വായന ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാമിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഈ ഗ്രന്ഥം പ്രയോജനപ്പെടുമെന്ന് അവതാരികയിൽ ഡോ.സലീം ചെർപ്ലശ്ശേരി സാക്ഷ്യപ്പെടുത്തുന്നു.

ഒരറിവും പങ്ക് വെക്കാത്തതായി ഒരു പുസ്തകവുമില്ല എന്ന് ഡോ.സുകുമാർ അഴീക്കോട് വായനയുടെ ഉപനിഷത്തിൽ നിരീക്ഷിച്ചിട്ടുണ്ടല്ലൊ. ഈ ഗ്രന്ഥത്തിൽ അറിവ് മാത്രമല്ല തിരിച്ചറിവും കൂടി ലഭിക്കുമെന്ന് നിസ്സംശയം പറയാം.


~~~~~~ ടി.വി.എം.അലി ~~~~~~

Friday, 4 June 2021

ലക്ഷദ്വീപ്



പറയാതെ വയ്യ,

പൊരുതാതെ വയ്യ,

പക്ഷി തൂവൽ 

പോലുള്ളൊരു

പവിഴ ദ്വീപിനെ

പുണരാതെ വയ്യ!

സുനാമി തിരകളിൽ

മുങ്ങാതെ നിന്നിട്ടും

കോവിഡ് കാലത്ത് 

കോപാഗ്നി പെയ്യുന്നു...

അക്കരെയക്കരെ

ദൂരെയാണെങ്കിലും

ഇക്കരെ നിന്ന് ഞാൻ

നെഞ്ചോട് ചേർക്കുന്നു!