*പോസ്റ്റമ്മ*
നാൽപത് വർഷത്തോളമായി ചെമ്പ്ര തപാൽ ഓഫീസിൽ പോസ്റ്റമ്മയായി ജീവിക്കുന്ന പത്മാവതിച്ചേച്ചിയെക്കുറിച്ച് പരുതൂർ ഹൈസ്കൂളിലെ കുട്ടികൾ എഴുതിയ ചെറുകുറിപ്പുകൾ സമാഹരിച്ച് തയ്യാറാക്കിയ ഫോൺ ബുക്ക് പ്രകാശനം ചെയ്തു.
ക്രിസ്തുമസ് ദിനത്തിൽ പത്മാവതി ചേച്ചിക്കുള്ള സമ്മാനമായി സൂം മീറ്റിലാണ് ഇത് പ്രകാശനം ചെയ്തത്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ടി.വി.എം.അലി ഫോൺ ബുക്ക് പ്രകാശനം നിർവഹിച്ചു. തപാൽ വകുപ്പ് ജീവനക്കാരായ സുഭാഷ്, പ്രമോദ്, മുൻ പ്രധാനധ്യാപകൻ വി.ആർ.അച്യുതൻ തുടങ്ങിയവർ അതിഥികളായി. പ്രധാനദ്ധ്യാപിക ഇ.ലത, അധ്യാപകൻ കെ.ജയാനന്ദ്, കുറിപ്പുകൾ എഴുതിയ സന ഷെറിൻ, എം.ഡി.പവിത്ര, കെ.നിധി എന്നിവരും സൂം മീറ്റിൽ സംസാരിച്ചു.പോസ്റ്റമ്മയുടെ രേഖാചിത്രങ്ങൾ പ്രകാശനും, കവർ ജയൻ മന്ത്രയുമാണ് തയ്യാറാക്കിയത്.
1980ൽ ചെമ്പ്ര തപാൽ ഓഫീസിൽ ഗ്രാമീണ തപാൽ ജീവനക്കാരിയായി സേവനം തുടങ്ങിയ പത്മാവതി അടുത്ത വർഷം സർവീസിൽ നിന്ന് വിരമിക്കും. അവരോടുള്ള നാടിൻ്റെ സ്നേഹാദരമാണ് പോസ്റ്റമ്മ എന്ന ഫോൺ ബുക്കിൻ്റെ ഉള്ളടക്കം.