Tuesday, 27 October 2020

സാന്ത്വനം സഹയാത്ര

മൂന്നര പതിറ്റാണ്ടിലേറെക്കാലമായി  

ചക്രകസേരയിൽ ജീവിതം ഉരുട്ടി നീക്കുന്ന വാസുണ്ണിക്ക് നാടുനീളെ യാത്ര ചെയ്യാൻ സഹപാഠികളുടെ സ്നേഹ സമ്മാനം.

എല്ലാം അവസാനിച്ചു എന്ന തോന്നലില്ലാതെ സഹജീവികളെ ചേർത്തു പിടിക്കാനും നമ്മളൊന്നാണ് എന്ന് ഉറക്കെ വിളിച്ചു പറയാനും ഇനി വാസുണ്ണിക്ക് പുതിയ പ്രഭാതങ്ങളിലേക്ക് പുതിയ കാറിൽ 

യാത്ര ചെയ്യാം. ഒന്നും അവസാനിച്ചിട്ടില്ല;  അവസാനിക്കുകയുമില്ല എന്നാണ് പരുതൂർ ഹൈസ്കൂളിലെ ആദ്യ ബാച്ചുകാരായ വാസുണ്ണിയുടെ കൂട്ടുകാർ ഇതിലൂടെ തെളിയിക്കുന്നത്. 


1979 ലെ എസ്.എസ്.എൽ.സി പഠിതാക്കൾ ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ഒത്തുചേരൽ പദ്ധതിയിട്ടത്. നിരന്തരമായ ശ്രമത്തിൻ്റെ ഫലമായി ആദ്യ ബാച്ചിലെ മുഴുവൻ കൂട്ടുകാരുടേയും മേൽവിലാസം കണ്ടെത്തി അവരുമായി ബന്ധപ്പെട്ടു. ഒരു കമ്മിറ്റി ഉടലെടുത്തു.

2020 ഏപ്രിൽ മാസത്തിൽ നടക്കുന്ന ഒത്തുചേരലിന് നമ്മളൊന്ന് എന്ന പേരു നൽകി. അധ്യാപകരെ ക്ഷണിച്ചു. പരിപാടികൾ ആസൂത്രണം ചെയ്തു. എന്നാൽ നിനച്ചിരിക്കാതെ വന്നു ചേർന്ന കോവിഡ് മഹാമാരി സംഗമത്തിനു തടസ്സമായി. 


ഒരു കാര്യം അവർ ആദ്യമേ തീരുമാനിച്ചിരുന്നു. കേവലം ഒരു ഒത്തുചേരലിനപ്പുറം തങ്ങളാലാവുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നായിരുന്നു ആ തീരുമാനം. മഹാമാരി നീണ്ടുപോകുന്നുവെന്ന തോന്നലുണ്ടായപ്പോൾ ഏറ്റെടുക്കേണ്ട കാരുണ്യ പ്രവർത്തനത്തെപ്പറ്റിയുള്ള ചർച്ചയും കനപ്പെട്ടു. പല തരം നിർദ്ദേശങ്ങൾ ഉയർന്നു വന്നു. അപ്പോഴാണ് സഹപാഠി വാസുണ്ണി എന്ന വാസുദേവൻ ചർച്ചയിൽ ഇടം പിടിച്ചത്. നമ്മളൊന്ന് പരിപാടിയുടെ ആസൂത്രണത്തിൽ മുന്നിൽ വാസുണ്ണിയുണ്ട്. കഠിനമായ ജീവിത പരീക്ഷണങ്ങളെ മനോബലം കൊണ്ട് കീഴടക്കി ചക്രക്കസേരയിൽ ജീവിതം നയിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ. ഏറെക്കാലം ഒരു മുറിയിൽ ഒതുങ്ങിക്കൂടി ജീവിക്കേണ്ടി വന്ന വാസുണ്ണി ഇന്ന് സവിശേഷമായി രൂപകൽപ്പന ചെയ്ത വാഹനത്തിൽ കേരളത്തിലാകെ സഞ്ചരിക്കുകയും അരയ്ക്കു താഴെ തളർന്നു പോയവരുടെ ക്ഷേമത്തിനായി ജീവിതം മാറ്റി വയ്ക്കുകയും ചെയ്തിരിക്കുകയാണ്.


കൂറ്റനാട് പ്രവർത്തിക്കുന്ന 'സഹയാത്ര'യുടെ നേതൃനിരയിലും വാസുണ്ണിയുണ്ട്.

വാസുണ്ണി ഇപ്പോൾ ഉപയോഗിക്കുന്ന വാഹനത്തിന് പഴക്കമുണ്ട്. അതിൻ്റെ കണ്ടീഷൻ മോശമാണെന്ന് അവർക്കറിയാം. ആ വാഹനം ഓട്ടം നിർത്തിയാൽ വാസുണ്ണിയുടെ പ്രവർത്തനങ്ങളാകെ താളം തെറ്റും. അങ്ങനെ സംഭവിച്ചുകൂടാ എന്ന് കൂട്ടുകാർ തീരുമാനിച്ചു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സുഹൃത്തുക്കൾ തങ്ങൾക്കാവുന്നതിലുമപ്പുറം സാമ്പത്തിക സഹായം നൽകി. ഒരു വാഹനം അവർ കണ്ടെത്തി, കൈവശപ്പെടുത്തി.

ഈ വിവരം വാസുണ്ണിയിൽ നിന്നും അവർ മറച്ചുവെച്ചു. ഈ തീരുമാനം വാസുണ്ണി പെട്ടെന്ന് അംഗീകരിക്കില്ല എന്നു സഹപാഠികൾക്കറിയാമായിരുന്നു. 

എങ്കിലും തങ്ങളുടെ സ്നേഹത്തിനു  

മുന്നിൽ വാസുണ്ണി വഴങ്ങും എന്ന ചിന്ത കൂട്ടുകാർക്കുണ്ടായിരുന്നു.


വാസുണ്ണിക്ക് ഒരു വാഹനം കൈമാറുമ്പോൾ അത് ലഭിക്കുന്നത് അവനു മാത്രമല്ല, ഒരു കൈത്താങ്ങ് ആവശ്യമുള്ള മുഴുവൻ മനുഷ്യർക്കുമാണ് എന്ന ബോധ്യമാണ് ഈ ശ്രമത്തിലേക്ക് അവരെ നയിച്ചത്.

37വർഷങ്ങൾക്ക് മുമ്പ് ബാംഗളൂരിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് വാസുണ്ണിയുടെ അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്. തിരുവേഗപ്പുറ പട്ടാഴി കോമത്ത് വാസുദേവൻ എന്ന വാസുണ്ണിയുടെ ജീവിതം തന്നെ അതോടെ മാറിമറിഞ്ഞു. പട്ടാളത്തിൽ ചേരാനുളള മോഹവുമായാണ് വാസുണ്ണി ബാംഗ്ലൂരിലേക്ക് അന്ന് വണ്ടി കയറിയത്. വാസുണ്ണി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ട്രക്ക് ഇടിച്ചായിരുന്നു അപകടം. നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടർന്ന് വർഷങ്ങളോളം ചികിത്സ നടന്നെങ്കിലും ഫലം കണ്ടില്ല. 

രണ്ട് പതിറ്റാണ്ടുകാലം വീട്ടിലെ മുറിയിൽ ജീവിതം തളച്ചിട്ടു. എന്നാൽ വിധിയെ പഴിചാരി  ജീവിതത്തെ തളച്ചിടാൻ വാസുണ്ണി തയ്യാറായില്ല. വർഷങ്ങൾക്ക് ശേഷം  പരസഹായമില്ലാതെ യാത്ര ചെയ്യാവുന്ന കാർ  സ്വന്തമാക്കി. 2003ൽ വാസ്സുണ്ണി പുറംലോകത്തേക്ക് കടന്ന് വന്നു.


2004ൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിന് സമീപം സഹോദരൻ്റെ സഹായത്തോടെ സ്‌പെയർ പാർട്‌സ് കട സ്വന്തമായി ആരംഭിച്ചു. ശരീരത്തിന്റെ പരിമിതിയെ മറികടന്നപ്പോൾ, തന്നെ പോലെ സങ്കടപ്പെടുന്നവർക്ക് താങ്ങാവണമെന്ന് വാസുണ്ണിക്ക് തോന്നി. അവധി ദിവസങ്ങളിൽ സമാന ദുരിതമനുഭവിക്കുന്നവരെ നേരിൽ കാണാൻ സമയം കണ്ടെത്തി.

പിന്നീട് സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായി. കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൊറ്റിയിലും, ആൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റായും വാസുണ്ണി പ്രവർത്തിക്കുന്നുണ്ട്.


വാസുണ്ണിയുടെ ഇച്ഛാശക്തിയും മനോബലവും സഹപാഠികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. 

പരുതൂർ ഹൈസ്‌കൂളിലെ 1979ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ചുകാരനാണ് വാസുണ്ണി. 40 വർഷങ്ങൾക്ക് ശേഷം സഹപാഠികൾ ഒത്തുകൂടി. കഴിഞ്ഞ ഏപ്രിലിൽ വിപുലമായ പൂർവ്വവിദ്യാർഥി സംഗമം ലക്ഷ്യമിട്ടെങ്കിലും കോവിഡ് വില്ലനായി. എങ്കിലും എന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനം നടത്താമെന്ന കൂട്ടായ്മയുടെ തിരുമാനത്തിന് തടസ്സമുണ്ടായില്ല. അങ്ങനെയാണ് സഹപാഠികൾ എല്ലാവരും ചേർന്ന് വാസുണ്ണിക്ക് സമ്മാനിക്കാൻ മാരുതി സെലേറിയോ കാർ വാങ്ങിയത്. 

കാറിൽ പ്രത്യേകം സജ്ജമാക്കിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വാസുണ്ണി കാർ ഓടിക്കുന്നത്. 

സ്‌കൂളിലെ പൂർവ്വ അധ്യാപകനും ഗുരുനാഥനുമായ ചെമ്പ്രയിലെ വി.ആർ. അച്ച്യുതന്റെ വീട്ടിലാണ് വിജയദശമി ദിനത്തിൽ കൂട്ടുകാർ ഒത്തുകൂടിയത്. വാസുണ്ണിക്കൊപ്പം എല്ലാവരുമുണ്ടെന്നുള്ള ഓർമ്മപ്പെടുത്തലാണ് ഈ സമ്മാനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും വാസുണ്ണിയുടെ ജീവിതത്തിന് ഇനി കൂടുതൽ കരുത്തും വേഗവും ലഭിക്കുമെന്നും താക്കോൽദാനം നിർവഹിച്ച അച്ച്യുതൻ മാഷ് പറഞ്ഞു.

ചെമ്പ്രയിൽ നടന്ന ചടങ്ങിൽ പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് അബ്ദുൾ അസീസ്,  ഹരിദാസ്, പ്രകാശൻ, തങ്കമണി, ശരത് ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. കൂട്ടുകാരുടെ സ്നോപഹാരത്തിന് വാസുണ്ണി നന്ദി പറഞ്ഞു.