Monday, 17 August 2020

അലീമ

 /കഥ/


       *            അലീമ         *


~~~~~~  ടി.വി.എം.അലി ~~~~~


വാതിൽ തുറന്നപ്പോൾ മുന്നിൽ അലീമ നിൽക്കുന്നു.

അലീമ തന്നെയല്ലേ അവൾ ?

അതെ ! അലീമ തന്നെ ! അലീമ ബീവി.

കൊടുങ്കാറ്റിൽ ആടിയുലഞ്ഞ പനിനീർ 

പൂ പോലെ …

 - ങും… എന്തുപറ്റി നിനക്ക്? 

ഈ അസമയത്ത് എന്തിനു വന്നൂ?


അവൾ ഒന്നും പറയുന്നില്ല. 

അല്ലെങ്കിൽ പറയാനെന്തുണ്ട്? 

എല്ലാം അറിഞ്ഞിട്ടും ചോദിക്കുന്നു, 

എന്തു വേണമെന്ന് ? ദുഷ്ടൻ.

- വരൂ... കയറി ഇരിക്കൂ ബീവി.

മാനത്ത് മിന്നൽ പിണരുകൾ പുളയുന്നു.

എന്തൊരു ചൂട്? 

മഴ പെയ്തേക്കാം. 

മഴ പെയ്യുക തന്നെ ചെയ്യും.


അലീമ മുറ്റത്തു തന്നെ നിൽക്കുകയാണ്. 

അലീമയുടെ കണ്ണുകളിൽ മഴ പെയ്യുന്നു. 

ദൂരെ നിന്ന് കാറ്റിന്റെ ചൂളം വിളി.

അലീമ എന്തോ പറയാൻ തുടിക്കുന്നുണ്ട്. 

എന്നിട്ടും കറുത്ത ശില കണക്കെ അവൾ നിൽക്കുകയാണ്. 

ഇടക്കിടെ പുളയുന്ന മിന്നൽ പ്രകാശത്തിൽ ആ കറുത്ത ശില കത്തുന്നതു പോലെ…

- എന്റെ കൂടെ ഒന്ന് വരണം.

എന്റെ ഹൃദയത്തിൽ ഇടിയും മിന്നലും.

അലീമയുടെ കൂടെ ഞാൻ ചെല്ലണമെന്ന്!


എങ്ങോട്ട്?

ഞാനെന്തിന് ചെല്ലണം?

അലീമ എനിയ്ക്കാരാണ് ?

ഞാൻ പൂർണ്ണ നിസംഗതയിൽ നിന്നു. 

എന്റെ മൗനത്തിന്റെ ഭീകരമായ മുഴക്കം കേട്ടിട്ടാവാം അലീമ വിതുമ്പി കരയാൻ തുടങ്ങി.

ഞാൻ അസ്വസ്ഥനായി.

- കരയേണ്ട... ഞാൻ വരാം. 

എങ്ങോട്ടു വേണമെങ്കിലും വരാം എന്ന് പറയണമെന്ന് തോന്നി. 

പക്ഷേ പറഞ്ഞില്ല.

ഇത് പറയാൻ ഞാനാര്?


ബീവി ഒന്നും വിചാരിക്കരുത്. 

മക്കന കൊണ്ട് മുഖം മറച്ച് വന്ന വഴി പൊയ്ക്കോളൂ... അതല്ലേ നല്ലത്?

അയ്യോ…കഷ്ടം! വീണ്ടും എന്നിലെ നീചൻ ഉണരുന്നത് കണ്ടില്ലേ?

ഈ പട്ടണത്തിൽ എത്രയോ ആളുകൾ താമസിക്കുന്നു. എന്നിട്ടും അലീമ ഓടിവന്നത് എന്റെ അടുത്തേയ്ക്കല്ലെ ? 

അപ്പോൾ ഞാൻ…

- നടക്കൂ... ബീവി … ഇതാ ഈ കുട ചൂടിക്കോളൂ…

- ഹാവൂ.. അലീമ നെടുവീർപ്പിട്ടു. 

അവളുടെ കണ്ണിൽ ആശ്വാസത്തിന്റെ വെളിച്ചം കണ്ടു.


അലീമയും ഞാനും നടക്കുകയാണ്. 

നേരിയ ചാറ്റൽ മഴ വീഴുന്നുണ്ട്. 

റോഡിൽ നിന്ന് ആവി പൊങ്ങുന്നത് കാണാം. നിരത്തിൽ വലിയ ബഹളമില്ല.

നിനച്ചിരിക്കാതെയാണല്ലൊ മഴ പെയ്തത്. 

കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും കനകം വിളയുമത്രെ! 

ചൂട് കൂടുകയേയുള്ളു. 

ഇപ്പോൾ തന്നെ എന്തൊരു ചൂടാണ്.

പർദ്ദയണിഞ്ഞ സ്ത്രീകളെപ്പോലെ ഓട്ടോറിക്ഷകൾ ഓടുന്നു. 

കൈകൊട്ടി നോക്കി. ആരും ശ്രദ്ധിച്ചില്ല.

- നമുക്ക് ഇത്തിരി ദൂരം നടക്കാം… 

അലീമയ്ക്കും അതാണിഷ്ടം. എനിക്കറിയാം!


അലീമ എന്നോടൊപ്പമോ അതോ ഞാൻ അലീമയോടൊപ്പമോ എന്നറിയില്ല, ഞങ്ങൾ ഫുട്പാത്തിലൂടെ നടക്കുകയാണ്. 

വാഹനങ്ങൾ ചളി തെറിപ്പിച്ചുകൊണ്ട് പാഞ്ഞു പോവുന്നു. 

- മേലൊക്കെ ചളിയായി…

അലീമ എന്റെ വസ്ത്രങ്ങളിലേക്ക് വിരൽ ചൂണ്ടി.

- ഓ… ഇത് കഴുകിയാൽ പോവും. 

നമ്മുടെ മനസിലേക്ക് ആരും ചളി എറിയാതിരുന്നാൽ മതി.

- എനിയ്ക്കൊരു തെറ്റുപറ്റി. 

ഞാൻ അങ്ങോട്ടു വരേണ്ടിയിരുന്നില്ല. 

അലീമ സ്വയം കുറ്റപ്പെടുത്തുകയാണ്.

- ബീവി ഒരു തെറ്റും ചെയ്തിട്ടില്ല. സമാധാനപ്പെട്…

- ആരെങ്കിലും കണ്ടാൽ …?

- എന്തെങ്കിലും വിചാരിച്ചോട്ടെ…

ആൾക്കാരുടെ വിചാരങ്ങളെ മാറ്റാൻ നമുക്കാവുമോ? ഇല്ലല്ലൊ….

- അപ്പൊ വിചാരിച്ചോട്ടെ അല്ലേ ?

ഞാൻ എന്താണ് പറയുന്നത് എന്ന് എനിക്കു തന്നെ നല്ല തിട്ടമുണ്ടായിരുന്നില്ല. 

പനി പിടിച്ചവൻ പിച്ചും പേയും പറയുന്നതു പോലെ എന്തൊക്കെയോ പറയുന്നു.

- എന്തെങ്കിലും പറയൂ…

- എന്തു പറയാൻ? എല്ലാം എന്റെ വിധി…


എല്ലാം വിധിയാണ് പോലും. 

നോക്കണേ, ഈ പെണ്ണുങ്ങളുടെ ഒരു വിചാരം!

 - ഇത് ചതിയാണ്. ഭയങ്കര ചതി. 

ഞാൻ അന്നേ പറഞ്ഞതാണ്. ആരും കേട്ടില്ല. വേണ്ടാ കേൾക്കണ്ടാ …അനുഭവിച്ചോ …


അല്ലിങ്ങൽ പൂക്കുഞ്ഞിക്കോയ തങ്ങൾ പ്രഗത്ഭനും പ്രശസ്ഥനുമാണ്. ഇത്തിരി മന്ത്രവാദവും സമുദായ പ്രവർത്തനവും ഉള്ളതു കൊണ്ട് എല്ലാവരും അറിയും

അദ്ദേഹത്തിന്റെ മകൻ അൻവർ സിദ്ധീഖ് ഗൾഫിൽ ബിസിനസുകാരനാണ്. 

എല്ലാം എനിക്കറിയാം.

നിന്നെ കെട്ടുന്നതിനു മുമ്പ് അൻവറിന് നിരവധി വെപ്പാട്ടികളുണ്ടായിരുന്നു. 

കൂടാതെ ഒന്നോ രണ്ടോ കെട്ടി തീർത്തിട്ടുമുണ്ട്. അവർക്ക് യത്തീമായ സന്താനങ്ങളുണ്ട്. 

എന്നിട്ടും നിന്റെ ബാപ്പ പറഞ്ഞു: ആണുങ്ങളായാൽ അതൊക്കെ കാണുമെന്ന്!

കണ്ടോ… നല്ലോണം കണ്ടോ …

അയാൾ ഇനിയും കെട്ടും!

നിന്നെ ആര് കെട്ടും?

- എന്താ മിണ്ടാത്തത്?

- ഒന്നും പറയാനില്ല… 

എല്ലാം വിധി!


മഴ തോർന്നിട്ടില്ല.

അലീമ ഓർക്കുകയാണ്. 

അവളുടെ ഓർമകൾ തീമഴയാണ്.

റമദാൻ മാസത്തിനു മുമ്പാണ് അൻവർ അലീമയെ നിക്കാഹ് ചെയ്തത്.

അൻവറിന് ജീവിതമെന്നാൽ മധുചഷകമാണ്.

അവൻ വണ്ടാണ് പോലും! കരിവണ്ട്!

ആ തെമ്മാടി എന്നോട് പറഞ്ഞിട്ടുള്ളതാണ്.


- അലീമ അതാ ബസ് …

ഹാവൂ… തിരക്കില്ല.

ഞങ്ങൾ ഒരു സീറ്റ് പങ്കിട്ടു. 

എന്റെ ചങ്കിടിപ്പ് കൂടി.

തൊലി പൊള്ളുന്നു.

പക്ഷേ അലീമ ആഹ്ലാദിച്ചു. 


അൻവർ സിദ്ധീഖിന്റെ മണവാട്ടിയായി അലീമ പടി ഇറങ്ങുമ്പോൾ ദൂരെ നിന്ന് എന്റെ മനസ് കരയുകയായിരുന്നു.

അമ്പതു പവന്റെ പൊന്നും അത്ര തന്നെ പണവും മറ്റു സ്ഥാവര ജംഗമ വസ്തുക്കളും നൽകിയിട്ടാണ് അലീമ അൻവറിന്റെ ബീവിയായത്.

കേമം! കെങ്കേമം!


നോമ്പ് തീർന്നാൽ അൻവർ പറന്നു പോവും.

മധുവിധു നാളുകൾ വ്രതമാസത്തിലാണ്. 

അലീമ ശങ്കിച്ചു: എന്തു ചെയ്യും? 

നോൽമ്പ് നിർബന്ധമാണ്. പുണ്യ മാസത്തിൽ മധുവിധു മാറ്റി വെക്കാം. 

രണ്ടും കൂടി കൂട്ടി കുഴക്കാനാവില്ല.

- മണവാട്ടി പെണ്ണ് നോമ്പെടുത്താൽ നൂറിരട്ടി പുണ്യം കിട്ടും. നോമ്പെടുക്കാതെ മദിച്ചു നടന്നാൽ നരകത്തിലെ തീക്കുണ്ഡത്തില് വീഴും. അമ്മായിഅമ്മ നിലപാട് വ്യക്തമാക്കി.


അലീമ തളർന്നു. മോഹങ്ങളും സ്വപ്നങ്ങളും വേഴാമ്പലായി.

- അൻവർ സിദ്ധീഖോരെ, എന്താദ് കഥ? 

രണ്ടും കൂടി വയ്യ! 

മണിയറയിൽ അലീമ നിലപാട് തുറന്നു പറഞ്ഞു. 

- ഇവിടത്തെ പെണ്ണുങ്ങൾക്ക് ഇതൊക്കെ നിർബന്ധമാണ്.

അൻവറിലെ പൗരുഷം ഉണർന്നു. 

- അപ്പൊ ആണുങ്ങൾക്ക് ഇതൊന്നും ബാധകമല്ലേ? അവൾ ചോദിച്ചു.


- മോളെ അലീമാബി… ഒന്നിനു വേണ്ടി മറ്റൊന്ന് ബലി കഴിക്കേണ്ടതില്ല. എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് … 

പരിശുദ്ധ മാസം. അന്നപാനീയങ്ങൾ വെടിഞ്ഞ് പരിശുദ്ധമായ ശരീരം. അംഗശുദ്ധിയും അനുഷ്ഠാനവുമായി നമ്മളങ്ങനെ…

കഷ്ടം! എന്തു പറയാൻ?

അലീമ അൻവറിന്റെ ഭാര്യയാണ്.

സഹനത്തിന്റെ സഹ്യനെ ചുമക്കേണ്ടവളാണ്.


അലീമ, ഒന്നും ഓർക്കരുത്. 

രണ്ട് മിസ്ക്കാൽ മഹറിനു പകരമായി നിന്നെയും നിന്റെ യൗവ്വനത്തേയും നിന്റെ സൗന്ദര്യത്തേയും മറ്റു സ്ഥാവര ജംഗമ വസ്തുക്കളേയും അൻവർ സിദ്ധീഖ് പൊരുത്തപ്പെട്ട് സ്വീകരിച്ചിരിക്കുന്നു.

ഇനി മിണ്ടരുത്.

ക്രൂരമായ ഒരു ഓർമ്മ കുറിപ്പായി, വ്രണിത ഹൃദയവുമായി, ചടച്ച ഉടലുമായി നീ അവശേഷിക്കുന്നു.


ഭാഗ്യം! 

നിനക്ക് ജീവനുണ്ട്. 

നരച്ച ഏകാന്തതയിൽ ശിഷ്ടകാലം കഴിഞ്ഞുകൂടാം.

നിരത്തോരത്ത് നിന്റെ പർദ്ദ കൊത്തിവലിക്കാൻ കഴുകൻ കണ്ണുകളുണ്ടാവും.

കോടതി മുറിയിൽ നിന്നെ പിച്ചിചീന്താൻ നിയമ സംഹിതകളുടെ കറുത്ത കൈകളുണ്ടാവും.

എല്ലാം നിന്റെ ശാന്തത തകർക്കും. 

അപ്പോൾ നീ അലകടലാവും.


ഓ! അലീമാ... നീ ഇപ്പോൾ തന്നെ അലകടലാണല്ലൊ.

നീ എന്തിനാണ് കിതയ്ക്കുന്നത്?

- ഇറങ്ങൂ… വീടെത്തി…

അലീമ വിയർക്കുകയാണ്. 

അവൾ ദൂരേയ്ക്ക് മിഴി നട്ട് അമർന്നിരിക്കുകയാണ്.

അലീമയെ ബസ്സിൽ നിന്ന് താഴെ ഇറക്കാൻ ബലം പ്രയോഗിക്കേണ്ടി വന്നു. 

- അലീമ… ഇങ്ങോട്ട് നോക്കൂ... നിനക്കെന്തുപറ്റി?

അവൾ ക്ഷോഭത്തോടെ എന്നെ തുറിച്ചു നോക്കി.

- നിങ്ങൾ … നിങ്ങൾ അൻവറാണ്… 

നിങ്ങളെ ഞാൻ കൊല്ലും…


ഒരു ഭ്രാന്തിയെപ്പോലെ അവൾ എന്നെ കടന്നു പിടിച്ചു. ഭാഗ്യം!

നിരത്തിൽ ആരും ഉണ്ടായിരുന്നില്ല. 

ചുറ്റും ഇരുട്ടായിരുന്നു. 

- എന്താണിത് അലീമാ … ഞാൻ അൻവറല്ലാ... എന്നെ മനസിലായില്ലേ ? 

എന്റെ കഴുത്ത് തിരിച്ചെടുക്കാൻ ഞാൻ വളരെ പണിപ്പെട്ടു. 

പക്ഷേ നൊടിയിടയിൽ അലീമ എന്നെ തനിയെ വിട്ടു കൊണ്ട് … 

- അലീമാ… അലീമാ… നിൽക്കൂ…

ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് അലീമ ഓടുകയാണ്.

~~~~~~~~~~~~~~~~~~~

(ചിരി മറന്ന കോമാളി എന്ന കഥാസമാഹാരത്തിൽ നിന്ന്)