Sunday, 31 May 2020



ജീവൻ മണക്കുന്ന കഥകൾ

••••••••• അജേഷ്.പി •••••••••

ഒരു പട്ടാമ്പിക്കാരന്റെ വലിയ കഥകളെന്ന് 'പൂഴിപ്പുഴ' എന്ന കഥാസമാഹാരത്തെ ഞാൻ വിളിക്കുന്നു. പട്ടാമ്പിക്കാരായ എതൊരാൾക്കും ബാഗുതൂക്കി നടന്നു പോകുന്ന ആ മനുഷ്യനെ പരിചിതമാണ്.

പട്ടാമ്പിയുടെ സ്വന്തം ശ്രീ.ടി.വി.എം.അലിയുടെ (അലിമാഷ്) ഏറ്റവും പുതിയ കഥാസമാഹാരമാണ് ''പൂഴിപ്പുഴ ".
വായനക്കാരന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ
13 കഥകൾ അടങ്ങിയ സമാഹാരത്തിനു കഴിയുന്നു. താൻ നടന്നു വന്ന കാലത്തിനപ്പുറത്തേക്ക് ചിന്തകളുടെ വഴിവെട്ടാൻ  ഈ കഥകൾക്കാവുന്നു.

അസ്വസ്ഥമായ  മനസ്സുമായി നടക്കുന്ന മനുഷ്യന് ഒരിക്കലും എവിടെയും  സ്വസ്ഥമായി ഇരിക്കാൻ കഴിയില്ല എന്നു   പറഞ്ഞു വെയ്ക്കുന്ന കഥയാണ്
"ബ്രഹ്മപദം". ബാബുജി എന്ന കഥാപത്രത്തിന്റെ അശാന്തമായ മനസ്സിലൂടെയാണ് ഈ കഥ സഞ്ചരിച്ച് നമ്മിലേക്ക് എത്തുന്നത്.

"പ്രതിമയുടെ മകൻ" എന്ന കഥ വർത്തമാനകാലത്തിന്റെ പരിച്ഛേദമാണ്. ഓരോ പ്രതിമകളും ഒരോ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. ഈ സ്വപ്നങ്ങൾക്കുമേൽ പുതിയവ കടന്നു കയറുമ്പോൾ പഴയ ചിഹ്നങ്ങളും സാക്ഷാത്കാരങ്ങളും വെറും നോക്കുകുത്തികളും സ്ഥലം മുടക്കികളുമായി മാറുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറുന്ന മുഖം കഥയിൽ ദർശിക്കാം. ചരിത്രവും ചരിത്ര നിർമിതികളും ഇവിടെ പ്രതിമകളെ പോലെ നിശ്ചലമാകുന്നു ആർക്കും വേണ്ടാത്ത നോക്കുകുത്തികളാകുന്നു.

തനിക്കു ഭാഗ്യമേകിയ ഹതഭാഗ്യനായ ബാലനെ തേടിയുള്ള യാത്രയാണ് "സ്വർണനൂലിഴകൾ " എന്ന കഥ.
തനിക്കു കിട്ടിയ ഭാഗ്യത്തേക്കാൾ എത്രയോ മുകളിലാണ്, തന്റെ ഔദാര്യം തിരസ്കരിച്ച് പാടം കടന്ന് മറഞ്ഞ ആ ബാലനെന്ന് അയാൾ തിരിച്ചറിയുന്നു.

രാഷ്ട്രീയത്തിന്റെ അപചയം വരച്ചു വെയ്ക്കുന്ന കഥയാണ് "പൂഴിപ്പുഴ". മുന്നിലുള്ള നിരാലംബ ജീവിതങ്ങളെ കാണാൻ നേരമില്ലാത്ത, മുന്നിലുള്ളത് ശത്രുവാണോ, മിത്രമാണോ, ദയതേടി നിൽക്കുന്ന പാവങ്ങളാണോ എന്നു നോക്കാതെ പകരത്തിനു പകരമെന്ന പുതു രാഷ്ട്രീയ മുറകളെ കാണിച്ചു തരുന്നു ഈ കഥ. നിറങ്ങളേതായാലും
നാണം മറക്കാൻ വഴിവക്കിൽ തൂങ്ങി കിടക്കുന്ന ബാനറുകൾ കൊതിയോടെ നോക്കുന്നു സെൽവനും രാശാത്തിമാരും.  പൂഴിപ്പുഴയുടെ വരണ്ട ചൂടിലെന്ന പോലെ നഗ്നരായി ഇവർ നമുക്കിടയിലൊക്കെയുണ്ട്.

മകന്റെ വേർപ്പാടിൽ വെന്തുരുകുന്ന മാതൃഹൃദയത്തെ "മിഴിനാരുകൾ" എന്ന കഥയിൽ കാണാം. വരുന്നവരിലൊക്കെ മകനെ കാണാൻ അമ്മ ഹൃദയങ്ങൾക്കല്ലാതെ ആർക്കാണാവുക. വർത്തമാന കാലത്തെ പാരിസ്ഥിതിക - ദളിത് രാഷ്ട്രീയങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന കഥയാണ് "കോലങ്ങൾ".
തങ്ങളുടെ ഇടത്തിലേക്ക് കടന്നു വരുന്ന ശക്തികൾക്കെതിരെ തങ്ങളുടെ സ്വത്വത്തോടെ ചാത്തുണ്ണിയും, ചെമ്പിയും, മലമുത്തപ്പനും അവർക്കു കൂട്ടായ് പ്രകൃതിയും ചെറുത്തു നിൽക്കുന്നു. ദുരന്തപൂരിതമായ വർത്തമാനത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ കഥ.

"ഉത്തമൻ" എന്ന കഥയിൽ, പങ്കുവെയ്ക്കാതെ പോയ ബന്ധങ്ങളുടെ ഊഷ്മളത കാണിച്ചുതരുന്നു. പ്രവാസിയും പിന്നീട് ഉത്തമ കൃഷിക്കാരനുമായി മാറിയ അയാളും, തന്നെ ഉത്തമനായ  കൃഷിക്കാരനാക്കി മാറ്റിയ ഷബാനു എന്ന കൃഷി ഓഫസറും തങ്ങൾക്ക് തങ്ങൾ ആരായിരുന്നു എന്ന് തേടുന്ന കഥയാണിത്.

ജനപ്രിയ നോവലിസ്റ്റ് കൃഷ്ണനുണ്ണിയെന്ന മനുഷ്യന്റെ ഒറ്റപ്പെടലിന്റെ കഥ പറയുന്ന "സൂര്യകളങ്കം''. ദാരിദ്യത്തിന്റെയും മാറി മറയുന്ന സൗന്ദര്യബോധത്തിന്റെ കഥ പറയുന്ന ''നൊങ്ക് ", വസുമതിയിൽ നിന്ന് 'വാസു'മതിയിലേക്ക് കാത്തുനില്പാണ് ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന "മുഖമുദ്ര" എന്ന കഥ.

"ചക്കി" എന്ന കഥയക്ക് കാലഭേദങ്ങളില്ല, എല്ലാ കാലത്തും സംഭവിക്കാനിടയുള്ളതാണത്. താനിരിക്കുന്ന സ്ഥാനത്തിനനുസരിച്ച് അമ്മയുടെ ചൂരും, വർത്തമാനവും, സ്നേഹവും തൊട്ടുകൂടാത്തതാവുന്ന മനോഭാവത്തിനു മുന്നിൽ ഒറ്റയ്ക്ക് ഉയർന്നു നിൽക്കുന്നു ചക്കി.
കുറത്തി, അർദ്ധവിരാമം തുടങ്ങിയ കഥകൾ കൂടി ഉൾപ്പെടുന്ന ഈ പുസ്തകം ലോക്ക്ഡൗൺ പിറക്കുന്നതിന് രണ്ടു ദിവസം മുൻപാണ് കൈകളിലെത്തുന്നത്.

കാലത്തിനതീതമായി നിലനിൽക്കുന്ന ഈ കഥകൾ മനസ്സിൽ വലിയ വലിയ ചോദ്യങ്ങൾ ഉയർത്തും. വൈവിധ്യമായ ആഖ്യാനങ്ങളും ഭാഷാപരമായ മികവും, ഗ്രാമീണതയുടെ ബിംബങ്ങളും ചേരുന്ന ഈ കഥകൾ നല്ല വായനാനുഭവം പകരുന്നു.
കാലത്തിന്റെ അതിരുകൾ ഭേദിച്ച് നിലനിൽക്കും ടി.വി.എം.അലിയെന്ന മനുഷ്യന്റെ ഈ 'വലിയ'കഥകൾ.


Wednesday, 27 May 2020

~~~ മരണം ~~~

കൂടെയുണ്ടൊരാൾ
കൂട്ടുകാരൻ
കൂടെ കൂട്ടുവാൻ
കനിവുള്ള നാഥൻ!
~~~~~~~~~~~~~
വരവേൽക്കാൻ
കാത്തു നിന്നു;
വന്നപ്പോൾ
അറിഞ്ഞതേയില്ല!
~~~~~~~~~~~~~
ഇരുട്ടുമുറിയിലുണ്ടൊരു
കറുത്ത പൂച്ച;
തുണിക്കടയിലുണ്ടൊരു
വെളുത്ത കച്ച!
~~~~~~~~~~~~~~~~
ഇരുളിലിരിക്കില്ല
ഉഷസ്സ്!
വെട്ടത്ത് നിൽക്കില്ല
തമസ്സ്!

~~~ ടി.വി.എം.അലി ~~~

Sunday, 3 May 2020


ലോക് ഡൗണിന്റെ കാലത്ത്
വാർത്താ മാധ്യമങ്ങളുടെ ഭാവി...
~~~~~~~~~~~~~~~~~~~

സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസര കാലത്ത്, മത്സരത്വരയോടെ വെല്ലുവിളി ഏറ്റെടുത്തു പ്രവർത്തിച്ചു കൊണ്ടിരുന്ന വാർത്താ മാധ്യമങ്ങൾ ഇന്ന് കോവിഡിന്റെ മുന്നിൽ ഇടിവെട്ടേറ്റ് നിൽക്കുകയാണ്. അടച്ചിട്ട ലോകത്ത് അടിത്തറ തകർന്ന നിലയിലാണ് മിക്ക മാധ്യമ സ്ഥാപനങ്ങളും. അതിജീവനത്തിന്റെ ഇന്നലെകളെപ്പോലെ നാളെകളിൽ നില നിൽക്കാൻ കഴിയുമോ എന്ന ആശങ്ക വ്യാപകമാണ്. മോഹിപ്പിക്കുന്ന പരസ്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കളർ പേജുകൾ ഓർമ്മയാവുമോ എന്നാണ് മാധ്യമ ലോകം ഉറ്റുനോക്കുന്നത്. പത്രത്തിന്റെ താളുകൾ വെട്ടിക്കുറച്ചു കൊണ്ടാണ് പ്രമുഖ പത്രങ്ങൾ വായനക്കാരിലെത്തുന്നത്.
കോവിഡ് വ്യാപനം ഭയന്ന് പത്രങ്ങൾ വേണ്ടെന്ന് വെച്ചവരും ഏറെയാണ്. പരസ്യ വരുമാനവും സർക്കുലേഷൻ പ്രതിസന്ധിയും ചേർന്ന് പത്രങ്ങളെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ലോക പത്ര സ്വാതന്ത്ര്യ ദിനം കൊണ്ടാടപ്പെടുന്നത്.

വിജ്ഞാനം വിരൽ തുമ്പിൽ എത്തിയതോടെ പത്രങ്ങൾ മത്സരിക്കുന്നത് സോഷ്യൽ മീഡിയയോടാണ്. ഒരു സ്മാർട് ഫോൺ കൈയിൽ ഉണ്ടെങ്കിൽ പത്രപ്രവർത്തനത്തിൽ താൽപ്പര്യമുള്ള ആർക്കും തത്സമയ റിപ്പോർട്ടിങ് നടത്താമെന്ന സ്ഥിതി നിലവിലുണ്ട്.
പല പ്രധാന സംഭവങ്ങളും ആദ്യം പുറം ലോകത്ത് എത്തിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയാണ്. ഇത് പത്രങ്ങളേക്കാൾ ഏറെ ദോഷകരമായി ബാധിച്ചത് സാറ്റലൈറ്റ് മാധ്യമങ്ങളെയാണ്. മത്സരം കടുത്തപ്പോൾ പ്രാദേശിക കേബിൾ ചാനലുകാരെ കൂട്ടുപിടിച്ചു കൊണ്ടാണ് കുത്തക സാറ്റലൈറ്റ് വാർത്താ മാധ്യമങ്ങൾ പിടിച്ചു നിന്നത്. എന്നാൽ കോവിഡ് വ്യാപനം വന്നപ്പോൾ ചരടറ്റ പട്ടം പോലെ വാർത്താ സംപ്രേഷണം കൈ വിട്ട കളിയായി.
ഇതിനിടയിൽ ഓൺലൈൻ മാധ്യമങ്ങളാണ് അടിത്തറ ഉറപ്പിക്കാൻ കിണഞ്ഞ് ശ്രമം നടത്തുന്നത്.

ഒരു പത്രം പിറന്നു വീഴുന്നത് പലപ്പോഴും കാലഘട്ടത്തിന്റെ അനിവാര്യതയിൽ നിന്നും തീക്ഷ്ണ മുഹൂർത്തങ്ങളിൽ നിന്നുമാണ്. എന്നാൽ മത്സരാധിഷ്ഠിത കാലത്ത് പ്രമുഖ പത്രങ്ങളും ചാനലുകളും സ്വാർത്ഥ താൽപ്പര്യമനുസരിച്ച് വാർത്തകൾ വളച്ചൊടിക്കുകയോ വികൃതമായി വ്യാഖ്യാനിക്കുകയോ ചെയ്താൽ, ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് സോഷ്യൽ മീഡിയയാണ് എന്ന് കാണാം.  കമ്പോളത്തിൽ വാർത്തയും ഒരു ഉല്പന്നമാണ്. മത്സരാധിഷ്ഠിത സമൂഹത്തിൽ നിലനിൽപ്പിനുവേണ്ടി പൊരുതുന്ന ദൃശ്യമാധ്യമങ്ങൾ അതിശയോക്തി നിറഞ്ഞ ബ്രേക്കിങ് ന്യൂസ് തള്ളിയാണ് ഉയർന്ന റേറ്റിങ് യോഗ്യത നേടിയിരുന്നത്.

പത്രങ്ങളുടെ പിന്നാമ്പുറ ചരിത്രമൊന്ന് പരിശോധിക്കാം. ബി.സി. 53മുതൽ റോമാ സാമ്രാജ്യത്തു നിന്ന് ഉത്ഭവിച്ച പത്രങ്ങളുടെ ചരിത്രത്തിന് അനുബന്ധമെന്നോണം നമ്മുടെ നാട്ടിൽ ഇന്നും ചുമർ പത്രങ്ങൾ നിലനിൽക്കുന്നുണ്ട്. കവലകളിൽ കൂറ്റൻ ബോർഡുകളിൽ വാർത്ത എഴുതി പ്രദർശിപ്പിച്ചു കൊണ്ടാണ് റോമാ നഗരത്തിൽ പത്രപ്രവർത്തന ചരിത്രത്തിന് നാന്ദി കുറിച്ചത്. വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയുമാണ്‌ പത്ര പ്രവർത്തനത്തിന്റെ
തുടർ ചരിത്രം രേഖപ്പെടുത്തുന്നത്‌.

പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്‌. ദ്വൈവാരികയായിട്ടായിരുന്നു ആദ്യ പ്രസിദ്ധീകരണം. ദി ഡയ്ലി കോറന്റ്‌ എന്ന പേരിൽ പിന്നീട്‌ അറിയപ്പെട്ട പത്രമായിരുന്നു അത്‌. 1690ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു.
ഈ കാലഘട്ടത്തിൽ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.
1800 ആയപ്പോഴേക്കും നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു.

1920 മുതൽക്കാണ്‌ ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്‌. ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും, തത്വ ചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ നടന്നിട്ടുണ്ട്‌.
ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ വിവിധ തത്വ ചിന്തകൾ ഇന്നും തുടരുന്നു.

ജെയിംസ്‌ അഗസ്റ്റസ് ഹിക്കി എന്ന സായിപ്പാണ്‌ ഇന്ത്യയിലെ ആദ്യത്തെ പത്രം പുറത്തിറക്കിയത്‌. ബംഗാൾ ഗസറ്റ് (കൽക്കട്ട അഡ്വർടൈസർ) എന്നായിരുന്നു അതിന്റെ നാമം. എല്ലാവർക്കും വായിക്കാവുന്നതും എന്നാൽ ആരാലും
സ്വാധീനിക്കാൻ കഴിയാത്തതും എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ആ വർത്തമാന പത്രം വായനക്കാരുടെ കൈകളിൽ എത്തിയത്. 1780 ജനവരി 29നാണ് ആ പത്രം പിറന്നു വീണത്‌. എന്നാൽ രണ്ടു വർഷം പിന്നിട്ടപ്പോൾ
പത്രാധിപർ ജയിലിൽ അടക്കപ്പെട്ടു.
തുടർന്ന് പത്രം അടച്ചു പൂട്ടി. പത്ര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം തന്നെയായിരുന്നു അതിന്റെ അന്ത്യം കുറിച്ചത്.
അങ്ങിനെ ആദ്യത്തെ പത്രം തന്നെ ചരിത്രം കുറിച്ചു.

ലോകത്തിലെ ആദ്യത്തെ പത്രം പുറത്തിറങ്ങിയത് ആയിരം വർഷം മുമ്പാണ്. ''പിങ്ങ് പാവൊ " എന്ന് പേരുള്ള ആ പത്രത്തിന്റെ ജന്മഭൂമി ചൈനയാണ്. തലസ്ഥാന വാർത്തകൾ എന്നാണ് അതിന്റെ അർത്ഥം. എന്നാൽ ആദ്യത്തെ ലക്ഷണമൊത്ത പത്രമായി അറിയപ്പെട്ടത് 1609 ജനവരി 15ന് ജർമനിയിൽ നിന്ന് പുറത്തിറങ്ങിയ
"അവിസൊ" ആണ്. ജൂലിയസ് അഡോൾഫ് മോൻസോഹിനി
എന്ന വ്യക്തിയായിരുന്നു ഉടമ. ഇന്ന് നാം കാണുന്ന പത്രങ്ങളുടെ ആദ്യ രൂപം പിറന്നത്‌ 400 വർഷം മുമ്പ് മാത്രമാണ്. ലോക ചരിത്രത്തിൽ ഇത് ചെറിയൊരു
കാലയളവു മാത്രമായതിനാൽ പത്രങ്ങളുടെ വളർച്ച കൂമ്പടഞ്ഞു എന്ന് പറഞ്ഞ് വിലപിക്കാൻ സമയമായിട്ടില്ല. ആർജവമുള്ളതും പ്രതികരണ ശേഷി നില നിൽക്കുന്നതുമായ ഒരു സമൂഹത്തിൽ മാധ്യമങ്ങളുടെ വളർച്ചയും വികാസവും ഇനിയും പൂർണത പ്രാപിക്കുക തന്നെ ചെയ്യും.

ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പത്രങ്ങൾ വലിയ ചാലകശക്തി തന്നെയായിരുന്നു.
1868ൽ 'അമൃത ബസാർ' പത്രികയും, 1878ൽ 'ദ ഹിന്ദു'വും, പോരാട്ട ഭൂമിയിൽ പതാകാ വാഹകരായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ മറാഠി ഭാഷയിൽ പുറത്തിറങ്ങിയ കേസരി, സുധാരക്, വന്ദേമാതരം, യുഗാന്തർ, ബോംബെ ക്രോണിക്കിൾ തുടങ്ങിയ പത്രങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നിരുന്നു. ബോംബെ ക്രോണിക്കിളിന്റെ മുഖ്യ പത്രാധിപരായിരുന്ന ബെഞ്ചമിൻ ഗൈ ബോർണിമാനെ 1919ൽ ബ്രിട്ടീഷ് സർക്കാർ നാടുകടത്തിയത് ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ വിമർശിച്ചതിനായിരുന്നു.

എന്നാൽ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു കൊണ്ട് പുതിയ പത്രങ്ങൾ പിറന്നു കൊണ്ടിരുന്നു.
സി.വൈ.ചിന്താമണിയുടെ ലീഡർ, സുരേന്ദ്രനാഥ് ബാനർജിയുടെ ബംഗാളി, സി.ആർ.ദാസിന്റെ ഫോർവേഡ്‌, മോത്തിലാൽ നെഹ്റുവിന്റെ ലീഡർ, ഇൻറിപെന്റ്,
ജവഹർലാൽ നെഹ്റുവിന്റെ നാഷണൽ ഹെറാൾഡ്, ആനി ബസന്റിന്റെ ന്യൂ ഇന്ത്യ, ടി.പ്രകാശത്തിന്റെ സ്വരാജ്, രാമനാഥ് ചാറ്റർജിയുടെ മോഡേൺ റിവ്യൂ എന്നീ പത്രങ്ങൾ ശക്തമായ ജിഹ്വകളായിരുന്നു. 1919ൽ യങ് ഇന്ത്യയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു കൊണ്ടാണ് മഹാത്മാഗാന്ധി ദേശീയ പോരാട്ടത്തിന് കരുത്ത് പകർന്നത്. നവജീവൻ, ഹരിജൻ, ഹരിജൻ സേവക്, ഹരിജൻ ബന്ധു തുടങ്ങിയ പത്രങ്ങളും ഗാന്ധിജിയുടെ മേൽനോട്ടത്തിലായിരുന്നു.

ജർമൻ പൗരനും ഭാഷാ പണ്ഡിതനുമായിരുന്ന ഹെർമൻ ഗുണ്ടർട്ടാണ് കേരളത്തിൽ പത്രപ്രവർത്തനത്തിന്റെ വിത്ത് പാകിയത്. 1847ൽ തലശ്ശേരിയിലെ നെട്ടൂർ ഇല്ലിക്കുന്നിൽ ബാസൽ മിഷൻ പള്ളിയുടെ പൂമുഖത്താണ് ആദ്യത്തെ പത്രമായ രാജ്യസമാചാരം ഉയിർത്തത്. ഗുണ്ടർടിന്റെ ശിഷ്യൻ എഫ്.മുള്ളറാണ് രണ്ടാമത്തെ പത്രമായ പശ്ചിമോദയം പുറത്തിറക്കിയത്.

1866ൽ കൊച്ചിയിൽ നിന്ന് തുടങ്ങിയ വെസ്റ്റേൺ സ്റ്റാർ പത്രമാണ് കേരളത്തിലെ ആദ്യത്തെ വർത്തമാനപത്രം.
അത് ഇംഗ്ലീഷിലായിരുന്നു. ഈ പത്രത്തിൽ തിരുവിതാംകൂർ രാജാവിനേയും ദിവാനേയും വിമർശിച്ച് ലേഖനമെഴുതിയതിന് ജി.പരമേശ്വരൻപിള്ള എന്ന വിദ്യാർത്ഥിയെ കോളേജിൽ നിന്ന് പുറത്താക്കിയത് വിവാദമായിരുന്നു. പിന്നീട് ബാരിസ്റ്റർ ജി.പി.പിള്ള എന്ന തൂലിക നാമത്തിലാണ് അദ്ദേഹം രചന നടത്തിയത്.

ആദ്യ മലയാളപത്രം എന്ന പദവി പശ്ചിമതാരകക്കാണ്. കേരള പതാക, സന്ദിഷ്ട വാദി, സത്യനാദ കാഹളം, നസ്രാണി ദീപിക തുടങ്ങിയ പത്രങ്ങളും അക്കാലത്ത് പിറവിയെടുത്തു. 1887ൽ പത്തനംതിട്ടയിൽ നിന്ന് പുറത്തിറക്കിയ നസ്രാണി ദീപികയാണ് ഇന്നത്തെ ദീപിക. 1890ലാണ് കോട്ടയത്തുനിന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തിയത്. 1938ൽ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ മനോരമ പത്രം നിരോധിക്കുകയും ഓഫീസും പ്രസും മുദ്രവെക്കുകയും ചെയ്തു. സ്റ്റേറ്റ് കോൺഗ്രസിന്റെ സമരത്തെ പിന്തുണച്ചതിന്റെ പേരിലായിരുന്നു ഈ നടപടി. അന്ന് മാമ്മൻമാപ്പിളയായിരുന്നു മനോരമയുടെ മുഖ്യ പത്രാധിപർ.

1905ൽ വക്കം മുഹമ്മദ്
അബ്ദുൽഖാദർ മൗലവി ആരംഭിച്ച സ്വദേശാഭിമാനി പത്രം ചരിത്രത്തിലെ ചുവന്ന ഏടാണ്. 1906ൽ പത്രാധിപ ചുമതല ഏറ്റെടുത്ത കെ.രാമകൃഷ്ണപിള്ളയെ
1910 സെപ്തംബർ 26ന് നാടുകടത്തി. സ്വദേശാഭിമാനി പത്രത്തിന്റെ ഓഫീസും  പ്രസും കണ്ടു കെട്ടി. ദിവാൻ സർ സി.രാജഗോപാലാചാരിയേയും ശ്രീമൂലം തിരുനാൾ മഹാരാജാവിനേയും വിമർശിച്ചതിനായിരുന്നു നാടുകടത്തൽ.

1935ൽ കേസരി ബാലകൃഷ്ണപിള്ളക്കും വൈതരണികൾ സമാനമായിരുന്നു. തുടർന്ന് കേസരിയും മുദ്രവെച്ചു. സ്വാതന്ത്ര്യ പോരാട്ടത്തിന് കരുത്തു പകർന്ന മാതൃഭൂമിയും, 1937ൽ സി.കേശവൻ ആരംഭിച്ച കൗമുദിയും സർ സി.പി.യുടെ കോപത്തിനിരയായി താഴിട്ടു. സി.വി.കുഞ്ഞിരാമൻ നായരുടെ കേരള കൗമുദിയും, 1942ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായിറങ്ങിയ ദേശാഭിമാനിയും ഷൊർണൂരിൽ നിന്ന് ഇറങ്ങിയ ഇ.എം.എസിന്റെ പ്രഭാതവും ഭരണകൂടത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്.

ആ കാലഘട്ടത്തിൽ നിന്ന് ഏറെ ദൂരം പിന്നിട്ടെങ്കിലും പത്രങ്ങളോടും മറ്റു മാധ്യമങ്ങളോടുമുള്ള ഭരണകൂട സമീപനം ഇന്നും അസഹിഷ്ണുത നിറഞ്ഞതാണ്. മാധ്യമങ്ങളെ വിലക്കെടുക്കാൻ ഭരണകൂടം എല്ലാ കാലത്തും മുതിർന്നിട്ടുണ്ട്. ഇപ്പോഴാവട്ടെ ഭരണകൂടത്തിനു പുറമെ ബിസിനസ് മാഫിയകളും രാഷ്ട്രീയ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും മാധ്യമങ്ങളെ നക്കിയും ഞെക്കിയും കീഴടക്കാൻ ശ്രമിക്കുന്നു. പരസ്യം നിഷേധിച്ചു കൊണ്ട് സർക്കാരും കോർപ്പറേറ്റുകളും മാധ്യമങ്ങളെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, ഗുണ്ടാ രാഷ്ട്രീയ ശക്തികൾ ഗൗരി ലങ്കേഷ്മാരെയാണ് എന്നന്നേക്കുമായി നാടുകടത്തുന്നത്. ഭരണകൂടത്തിന് ഇഷ്ടമാവാത്ത വാർത്തകൾ എഴുതുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തി നിഷ്ക്രിയരാക്കുന്ന പ്രവണത വർധിക്കുന്നു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കപ്പെടുന്നു. കലാപങ്ങൾക്ക് പ്രേരണയാവുന്ന തരത്തിൽ വാർത്തകൾ പടച്ചുവിട്ടു എന്ന തരത്തിൽ നിയമ നടപടികൾ ഉണ്ടാവുന്നു. മത തീവ്രവാദവും ആഗോള ഭീകരതയും ആസുരമാവുന്ന വർത്തമാനകാലത്ത് മാധ്യമ പ്രവർത്തനം കൂടുതൽ അപകടം പിടിച്ച പ്രവൃത്തിയായി മാറിയിട്ടുണ്ട്. ലോകത്തെല്ലായിടത്തും അസ്വസ്ഥത പടർന്നു കയറുമ്പോൾ ആദ്യം ഇരകളാവുന്നത് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തകരാണ്. നിരവധി മാധ്യമ പ്രവർത്തകർ തൊഴിലിടത്തിൽ പിടഞ്ഞു വീണ് ജീവാർപ്പണം ചെയ്തിരിക്കുന്നു. ഈ ദിനത്തിൽ അവരെ നമുക്ക് സ്മരിക്കാം.

കാലത്തിന്റെ മുഖം കാണിക്കുന്ന കണ്ണാടിയാണ് മാധ്യമങ്ങൾ എന്നതിനാൽ കാലമുള്ളിടത്തോളം കണ്ണാടി ഉടയാതിരിക്കേണ്ടത് ആവശ്യമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന മീഡിയയുടെ വിശ്വാസ്യത തകർക്കാൻ സർക്കാരും നിക്ഷിപ്ത താൽപ്പര്യക്കാരും ഒളിഞ്ഞും തെളിഞ്ഞും കരുക്കൾ നീക്കുന്നുണ്ട്.  സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പാരമ്പര്യമുള്ള പത്രങ്ങൾ പോലും ചില സന്ദർഭങ്ങളിൽ കാലിടറി വീഴുന്നതും കാണുന്നുണ്ട്. പ്രതിസന്ധികളോട് സന്ധി ചെയ്യുന്നവരും ശിരസ് കുനിക്കുന്നവരും സ്വതന്ത്ര മാധ്യമ ധർമം വിസ്മരിക്കുന്നവരാണ്.  പത്ര, ദൃശ്യ, നവ മാധ്യമങ്ങളില്ലാതാവുന്ന ഒരു സമൂഹത്തിൽ, സൂര്യപ്രകാശമുണ്ടാവില്ലെന്നതാണ് വാസ്തവം.

/ www.kathalayam.blogs

Friday, 1 May 2020

∆ കോവിഡ് കാലത്തെ മേയ്ദിന ചിന്തകൾ ∆
   ~~~~~~~~~~~~~~~~~~~~~~~~~~

ലോക്ഡൗണിൽ ലോകം അടച്ചിട്ട പ്രതിസന്ധി ഘട്ടത്തിലാണ് ഇത്തവണ മെയ്ദിന സൂര്യനുണർന്നത്. ആഗോളീകരണത്തിൻ്റെ ആഘോഷ തിമിർപ്പിലായിരുന്ന വൻകിട കുത്തക സ്ഥാപനങ്ങളും അതിനെ പിന്തുണക്കുന്ന ഭരണകൂടങ്ങളും തൊഴിലാളികളുടെ വിലപേശൽ ശക്തി തകർക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണല്ലൊ കൊറോണ വൈറസ് എന്ന മഹാമാരി മരണമാരിയായി പെയ്തിറങ്ങിയത്. എല്ലാം അടച്ചിട്ട കാലത്ത് തൊഴിൽ നഷ്ടപ്പെട്ട കോടാനുകോടി തൊഴിലാളികളുടെ വിലാപങ്ങളാണ് ഇക്കുറി മെയ് ദിന ചിന്തകളായി ഉയരുന്നത്.

അതാത് ദിവസം പണിയെടുത്ത് അന്നത്തിന് വക തേടുന്ന കൂലി തൊഴിലാളികളുടെ അവസ്ഥ എന്താണ്?
പാടത്തും പറമ്പിലും തോട്ടങ്ങളിലും പണിയെടുക്കുന്നവർ, ചുമട്ടുതൊഴിലാളികൾ, കെട്ടിട നിർമാണ തൊഴിലാളികൾ, പീടികതൊഴിലാളികൾ, പരമ്പരാഗത തൊഴിലാളികൾ, മോട്ടോർ വാഹന തൊഴിലാളികൾ, ലോട്ടറി ഏജൻ്റുമാർ, പുറം കരാർ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയ അസംഘടിത മേഖലയിലുള്ള ലക്ഷകണക്കിന് മനുഷ്യർ തൊഴിൽ നഷ്ടം നേരിട്ട് വരുമാനമൊന്നുമില്ലാതെ നട്ടം തിരിയുകയാണ്. കേരളത്തിൽ സൗജന്യ റേഷനും പല വ്യഞ്ജന കിറ്റും കിട്ടുന്നതു കൊണ്ട് പട്ടിണിയിലായിട്ടില്ലെന്ന് സമാധാനിക്കാം. എന്നാൽ നമ്മുടെ അയൽ സംസ്ഥാനങ്ങളിലും അമേരിക്ക ഉൾപ്പെടെയുള്ള ഒന്നാം കിട വികസന നാടുകളിലും ഭക്ഷണവും ചികിത്സയും താഴെ തട്ടിലുള്ളവർക്ക് കിട്ടാക്കനിയാണ്.

മുതലാളിത്തം കൊടിയ ചൂഷണത്തിന് കച്ചകെട്ടിയ കാലത്ത് തൊഴിലാളി വർഗ്ഗത്തിൻ്റെ സംഘശക്തിയിൽ വിള്ളലുണ്ടാക്കാനും അവകാശങ്ങൾ കവർന്നെടുക്കാനും തൊഴിൽ മേഖലയിൽ കരാർവൽക്കരണം ത്വരിതപ്പെടുത്താനും കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. രണ്ടു നൂറ്റാണ്ടു മുമ്പുണ്ടായിരുന്ന തൊഴിൽ സാഹചര്യങ്ങൾ തിരിച്ചു കൊണ്ടുവരാൻ അവർ നീക്കം നടത്തുകയും ചെയ്തു കൊണ്ടിരുന്നു. തൊഴിലാളി വിരുദ്ധ നയങ്ങൾ സംഹാര താണ്ഡവമാടിയപ്പോൾ സ്ഥിരം തൊഴിലാളികൾ പോലും അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളിലും ഇതിൻ്റെ അലയൊലികളുണ്ടായി. താഴെ തട്ടിലുള്ള തൊഴിലാളികളുടെ ജോലി ഭാരം വർധിപ്പിക്കുകയും ആനുകൂല്യങ്ങൾ വെട്ടി കുറക്കുകയും ചെയ്തു.
ഒരേ സമയം ഇരട്ടപ്രഹരമാണ് വിവിധ മേഖലകളിൽ തൊഴിലാളികൾ അനുഭവിച്ചത്.
ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ കെടുകാര്യസ്ഥത മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. അതേ സമയം സ്വകാര്യ കമ്പനികൾ വൻതോതിൽ ലാഭം കൊയ്തു.

അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾ ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത് 1886 ലായിരുന്നു. അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നാരംഭിച്ച തൊഴിലാളി വർഗ്ഗ പോരാട്ടം ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തും ഇനിയും തുടരേണ്ട സാഹചര്യമാണ് കോവിഡാനന്തര കാലത്ത് കാത്തിരിക്കുന്നത്.
1904ൽ ആംസ്റ്റർഡാമിൽ നടന്ന ഇൻറർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസിന്റെ വാർഷിക യോഗത്തിലാണ് മെയ്ദിനം ആചരിക്കാൻ ആദ്യമായി തീരുമാനിച്ചത്. 1923 ലാണ് ഇന്ത്യയിൽ മെയ് ദിനാചരണം തുടങ്ങിയത്. ലേബർ കിസാൻ പാർടി ഓഫ് ഹിന്ദുസ്ഥാൻ എന്ന ട്രേഡ് യൂനിയനാണ് മെയ്ദിനത്തിൽ ചെങ്കൊടി ഉയർത്തിയത്.
മദിരാശി ഹൈക്കോടതിയുടെ മുന്നിൽ നടന്ന മെയ്ദിന സമ്മേളനത്തിലാണ് ദേശീയ അവധി വേണമെന്ന ആവശ്യം പ്രമേയത്തിലൂടെ ഉന്നയിക്കപ്പെട്ടത്. എന്നാൽ വി.പി.സിങ്ങ് പ്രധാനമന്ത്രി പദവിയേറ്റ ശേഷമാണ് മെയ്ദിനം ദേശീയ അവധി ദിനമായി അംഗീകരിച്ചത്. എൺപതോളം രാജ്യങ്ങളിൽ പോരാട്ട സ്മരണകൾ ഉണർത്തിക്കൊണ്ട് തൊഴിലാളികൾ മെയ്ദിന റാലികൾ നടത്താറുണ്ട്.  ആ രാജ്യങ്ങളെല്ലാം മെയ്ദിനം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേന്ദ്ര ഗവ.വകുപ്പുകളിൽ മാത്രം ഇപ്പോഴും മെയ്ദിന അവധി യാഥാർത്ഥ്യമായിട്ടില്ല. ഇന്ത്യാ മഹാരാജ്യത്ത് അസംഘടിതരായ കോടിക്കണക്കിന് തൊഴിലാളികൾ മെയ്‌ ദിനത്തിലും അടിമനുകം കഴുത്തിലണിഞ്ഞു പണിയെടുക്കുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ.

കോവിഡ് വ്യാപന കാലത്ത് ലോകമെങ്ങുമുള്ള തൊഴിലാളി വർഗ്ഗത്തിന്റെ വസന്തകാലം അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള ഭീമന്മാരുടെ ചിറകിന്നടിയിൽ തൊഴിൽ സുരക്ഷിതത്വം മരീചികയാണ്. അധ്വാനിക്കുന്നവരുടെ വില പേശൽ ശക്തി ക്ഷയിച്ചു കഴിഞ്ഞു. കിട്ടിക്കൊണ്ടിരുന്ന വേതനം തന്നെ തുടർന്നും കിട്ടുമോ എന്ന ആശങ്കയാണ് എങ്ങും കാണപ്പെടുന്നത്. കോവിഡിനെ മുൻനിർത്തി പുതിയ നിയമനിർമാണങ്ങൾ കൊണ്ടുവരുന്ന ഭരണകൂടങ്ങൾ ലക്ഷ്യമിടുന്നത് രോഗശമനം മാത്രമല്ലാ, തൊഴിലാളി വർഗ്ഗത്തിൻ്റെ സംഘബലം തകർക്കുക എന്നതുകൂടിയാണ്.

നിലവിൽ നിയമന വ്യവസ്ഥ പോലും കടുത്ത വെല്ലുവിളി നേരിടുന്നു. സർക്കാർ സർവീസിൽ വ്യാപകമായ തോതിൽ കരാർ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ആഗോളവൽക്കരണ ത്തിന്റെ നീരാളിക്കൈകൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.
നവ ലിബറൽ നയങ്ങളുടെ കൂർത്ത കോമ്പല്ലുകൾ ദൈനം ദിന ജീവിതത്തെ അലോസരപ്പെടുത്തുന്നു. അതിനു പുറമെ തൊഴിലാളികളുടെ ജീവിത സുരക്ഷ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള നിയമ നിർമാണവുമായി കേന്ദ്ര ഗവ.മുന്നോട്ടു പോവുന്നു. തൊഴിലാളി വിരുദ്ധ നയങ്ങൾ ചെറുത്തു തോൽപ്പിക്കാൻ സംഘടിത ശക്തിയെന്ന് പറയുന്ന ട്രേഡ് യൂനിയനുകൾക്ക് കഴിയുന്നുമില്ല.
കോവിഡാനന്തര കാലത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് കാത്തിരിക്കുന്നത്.

കേരളത്തിലെ ഇന്നത്തെ തൊഴിൽ മേഖലയിൽ സംഭവിക്കുന്നത് എന്താണ്?  വിദ്യാസമ്പന്നരായ ലക്ഷോപലക്ഷം യുവാക്കളുടെ അവസ്ഥ
പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസം നേടിയ എഞ്ചിനിയർമാരും അധ്യാപകരും കൊടിയ ചൂഷണം നേരിട്ടു കൊണ്ടിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ  പണിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് പതിനായിരം രൂപ പോലും പ്രതിമാസം ശമ്പളം ലഭിക്കുന്നില്ല. രാപകൽ സേവനം നടത്തുന്ന നഴ്സുമാർക്ക്  അയ്യായിരം രൂപ പോലും
സ്വകാര്യ ആശുപത്രി മാനേജ്മെന്റ് നൽകുന്നില്ല. അവരുടെ യോജിച്ച പ്രക്ഷോഭങ്ങളെ തുടർന്ന് അവർക്ക് അനുകൂലമായി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടും ആശുപത്രി മുതലാളിമാർ വർധിപ്പിച്ച ശമ്പളം നൽകാൻ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയാണ്. തുണിക്കടകളിലും സൂപ്പർ മാളുകളിലും ജ്വല്ലറികളിലും മറ്റും ജോലി ചെയ്യുന്നവർക്ക് മിനിമം വേതനമോ ഓവർ ടൈം ആനുകൂല്യമോ ലഭ്യമല്ല. അനീതിക്കെതിരെ തൂലിക ഏന്തുന്ന പത്ര പ്രവർത്തകർക്കും മുഴുവൻ സമയ വാർത്താ ചാനൽ പ്രവർത്തകർക്കും വേജ് ബോർഡ് നിർദേശിച്ചിട്ടുള്ള ശമ്പളമോ ആനുകൂല്യങ്ങളോ കിട്ടുന്നില്ല. കോവിഡ് കാലത്ത് വ്യാപകമായ പിരിച്ചുവിടൽ ഭീഷണിയും അവർ നേരിടുന്നു.

അതുപോലെ കേന്ദ്ര ഗവ.നു കീഴിലുള്ള തപാൽ വകുപ്പിൽ വർഷങ്ങളായി പണിയെടുക്കുന്ന മൂന്നു ലക്ഷത്തോളം ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർക്ക്, തുല്യ ജോലിക്ക് തുല്യവേതനമോ റഗുലർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങളോ അനുവദിക്കുന്നില്ല. 
മുപ്പതും നാൽപ്പതും വർഷം സേവനം നടത്തി വിരമിച്ചു കഴിഞ്ഞാൽ ശിഷ്ടകാലം എങ്ങിനെ ജീവിക്കും എന്നറിയാതെ അവരുടെ കുടുംബങ്ങൾ ആശങ്കയിലാണ്. തപാൽ വകുപ്പിൽ നാളിതു വരെ നടന്ന എല്ലാ സമരങ്ങളിലും ഈ പ്രശ്നം മുന്നോട്ടു വെച്ചിരുന്നു. നാല്പത് വർഷം മുമ്പ് 150 രൂപ പ്രതിമാസ ശമ്പളം വാങ്ങി തപാൽ വകുപ്പിൽ പ്രവേശിച്ച ജീവനക്കാർക്ക് ഏതാനും മാസം മുമ്പു മാത്രമാണ് അടിസ്ഥാന വേതനം പതിനായിരം രൂപയാക്കി ഉയർത്തിയത്. സിവിൽ സർവന്റ് പദവി നൽകണമെന്ന 1977ലെ സുപ്രീം കോടതി വിധി നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും നടപ്പാക്കപ്പെട്ടില്ല.
ഏഴാം ശമ്പളകമീഷന്റെ പരിധിയിൽ പോലും അവരെ ഉൾപ്പെടുത്തിയില്ല. അനുകൂല ശുപാർശകൾ നൽകിയ ജസ്റ്റിസ് തൽവാർ കമ്മിറ്റി റിപ്പോർട് അട്ടിമറിക്കപ്പെട്ടതു പോലെ, കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോർട്ടും വെള്ളം ചേർത്തു അഴകുഴമ്പ് പരുവത്തിലാക്കി. ശിപാർശകൾ എല്ലാം അംഗീകരിച്ചുവെന്ന് പറഞ്ഞ് പാർലിമെന്റിനെ പോലും സർക്കാർ തെറ്റിദ്ധരിപ്പിച്ചു. സമയബന്ധിത വേതനം എന്ന പേരിൽ നാല് മണിക്കൂറിന്റെ അലവൻസ് നൽകി എട്ടു മണിക്കൂറിലേറെ പണിയെടുക്കാൻ നിർബന്ധിപ്പിക്കപ്പെടുന്ന കാട്ടുനീതിയാണ് തപാൽ മേധാവികൾ കൈക്കൊള്ളുന്നത്. ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിൽ നിയമിക്കപ്പെടുന്ന സമയത്ത് വ്യവസ്ഥകളൊന്നും തന്നെ ബോധ്യപ്പെടുത്താതെയാണ് ചൂഷണം ചെയ്യുന്നത്. ഉപജീവനത്തിന് മറ്റു വരുമാന മാർഗ്ഗങ്ങൾ വേണമെന്നും തപാൽ വകുപ്പിലെ ജോലി തികച്ചും സേവനമാണെന്നും ജീവിക്കാനുള്ള വരുമാനമാർഗ്ഗമെന്ന നിലയിൽ ആരും തന്നെ ഈ തസ്തികയിൽ പ്രവേശിച്ചിട്ടില്ലെന്നുമാണ് തപാൽ മേധാവികൾ ഈയിടെ കോടതിയിൽ ബോധിപ്പിച്ചത്.

കോവിഡിൻ്റെ സമൂഹ വ്യാപനം തടയാൻ എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്ന് കർശനമായി നിർദ്ദേശിക്കുന്ന സർക്കാർ തന്നെ, തപാൽ വകുപ്പിലെ ജീവനക്കാരെ വീട്ടിലിരുത്തിയില്ല. അവശ്യ സർവീസ് എന്ന പേരിൽ മുഴുവൻ ജീവനക്കാരേയും രംഗത്തിറക്കി. പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ പത്തും പതിനഞ്ചും കി.മീറ്റർ ദൂരെ താമസിക്കുന്ന ജീവനക്കാർ വല്ലാതെ കഷ്ടപ്പെട്ടുകൊണ്ടാണ് ഓഫീസിലെത്തിയത്. വാണിജ്യ ബാങ്കുകാർ ചെയ്യേണ്ടതായ ജോലി പോലും തപാൽ ജീവനക്കാരുടെ മേൽ അടിച്ചേല്പിക്കപ്പെട്ടു.
ജീവന് രോഗ ഭീഷണി നേരിടുന്ന ഘട്ടത്തിലും തൻ്റെതല്ലാത്ത ജോലി കൂടി തപാൽ ജീവനക്കാർക്ക് ചെയ്യേണ്ടി വന്നു. ഇന്ത്യാ പോസ്റ്റ് പേമെൻ്റ് ബാങ്കിനു വേണ്ടി ചെയ്യുന്ന അധിക ജോലിക്ക് തുച്ഛമായ ഇൻസെൻ്റീവ് മാത്രമാണ് വാഗ്ദാനം ചെയ്തത്.
ഹോട്ട് സ്പോട്ട് മേഖലകളിലും, ക്വാറണ്ടൈയ്നിൽ കഴിയുന്നവരുടെ വീടുകളിലും ജീവനക്കാർ കയറി ഇറങ്ങി ബയോമെട്രിക് സംവിധാനത്തിലൂടെ പെൻഷൻ തുക വിതരണം ചെയ്തു. കോവിഡ് കാലത്ത് ജനങ്ങളെ സേവിക്കാൻ രംഗത്തിറങ്ങിയ ജീവനക്കാരുടെ മേൽ ദിനേന അധിക ജോലികൾ അടിച്ചേൽപ്പിക്കുന്ന സമീപനമാണ് പിന്നീടും തുടരുന്നത്.

കോവിഡ് കാലത്ത് കൊണ്ടുവരുന്ന മാരക പ്രഹര ശേഷിയുള്ള തൊഴിൽ നിയമങ്ങൾ സ്ഥിരം സംവിധാനമായി മാറും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പതിനായിരം രൂപ വേതനം പറ്റുന്ന ഗ്രാമീൺ ഡാക് സേവകന്മാരുടെ പതിനെട്ടു മാസത്തെ ക്ഷാമബത്തയും ഇൻക്രിമെൻറും ബോണസും വെട്ടുന്നതിനു പുറമെ പന്ത്രണ്ട് ദിവസത്തെ വേതനം കൂടി പി.എം.കെയർ ഫണ്ടിലേക്ക് നൽകണമെന്ന് അധികൃതർ നിഷ്കർഷിക്കുന്നു. സംസ്ഥാന സർക്കാരാവട്ടെ ഇരുപതിനായിരത്തിൻ്റെ താഴെ ശമ്പളം വാങ്ങുന്നവരെ ഇത്തരം നടപടികളിൽ നിന്ന് ഒഴിവാക്കിയത് മാതൃകയാണ്.
ഓരോ പൗരന്റേയും ജീവിത ഭദ്രത ഉറപ്പുവരുത്താൻ ബാധ്യതയുള്ള കേന്ദ്ര സർക്കാരിന്റെ കീഴിലെ തപാൽ വകുപ്പാണ് അടിമവ്യവസ്ഥിതി ഇപ്പോഴും തുടരുന്നത്. ഈ മേഖലയിലെ ചില ട്രേഡ് യൂനിയനുകളാവട്ടെ തപാൽ വകുപ്പിന്റെ ചൂഷണത്തിന് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. മേയ് ദിനത്തിന് പൊതു അവധി വേണമെന്ന് ആവശ്യപ്പെടാൻ പോലും അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ചുരുക്കി പറഞ്ഞാൽ പൊതുമേഖലയും സ്വകാര്യ മേഖലയും കൊടിയ ചൂഷകരായി മാറിക്കൊണ്ടിരിക്കുകയാണ്.
താൽക്കാലിക ജീവനക്കാർ, പുറംകരാർ ജീവനക്കാർ, ദിവസ വേതനക്കാർ എന്നിങ്ങനെയുള്ള നിയമനങ്ങളാണ് ഇപ്പോൾ മിക്ക വകുപ്പിലും  നടക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും പബ്ലിക് സർവീസ് കമ്മീഷനും ഇനി ആവശ്യമുണ്ടോ എന്ന ചോദ്യം തന്നെ ഇതിനകം ഉയർന്നു കഴിഞ്ഞു.

മറ്റൊരു കാര്യം സുരക്ഷിതരെന്ന് നാം കരുതപ്പെടുന്ന ജീവനക്കാരുടെതാണ്. എസ്.ബി.ഐ.യെ പോലെയുള്ള വലിയ പൊതുമേഖലാ ബാങ്കിലെ ജീവനക്കാർ പോലും തൊഴിൽ ഭീഷണി നേരിടുന്നു. ബാങ്കുകളുടെ ലയനത്തെ തുടർന്ന് നൂറുകണക്കിന് തസ്തികകൾ വെട്ടിക്കുറച്ചു. നിർബന്ധിത വിരമിക്കൽ ഭീഷണി ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നു. ആധാർ എനേബിൾ പേമെൻ്റ് സിസ്റ്റത്തിലൂടെ ബാങ്കിൻ്റെ സേവനങ്ങൾ മറ്റു ഏജൻസികൾ അപഹരിക്കുന്നു. പൊതുമേഖലയെ വിഴുങ്ങാൻ റിലയൻസ് മണി എന്ന കുത്തക കമ്പനി വല വിരിച്ചു കഴിഞ്ഞു. മറ്റു ബാങ്കുകളിലും കുത്തക കമ്പനികളുടെ നുഴഞ്ഞു കയറ്റം സംഭവിക്കുമെന്നു കരുതണം.

അതുപോലെ ഏതെങ്കിലും കുത്തക കൊറിയർ കമ്പനി തപാലിനെ വിഴുങ്ങുന്നതിനും തക്കം പാർത്തിരിക്കുകയാണ്. പോസ്റ്റൽ പേമെന്റ് ബാങ്കിലൂടെ കയറിക്കൂടാനാണ് അവരുടെ ശ്രമം.
ഇന്ത്യൻ റെയിൽവേയും ബഹുരാഷ്ട്ര കമ്പനിയുടെ കാൽക്കീഴിലേക്ക് നീങ്ങി തുടങ്ങി.
ബി.എസ്.എൻ.എൽ ഇപ്പോൾ തന്നെ ഇത്തിക്കണ്ണിയുടെ ഇരയാണ്. ആയിരകണക്കിന് ജീവനക്കാർ സ്വയം വിരമിച്ച് വീട്ടിലിരിക്കുന്നു.
കിട്ടാനുള്ള ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയിലാണവർ.
ഈ സ്ഥിതി മറ്റു പൊതുമേഖലാ സ്ഥാപന
ങ്ങളെയും കാത്തിരിക്കുന്നുണ്ട്.

ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ ഇവിടെ
ഒരു നിശബ്ദ പ്രതിവിപ്ലവം തൊഴിലാളി വർഗ്ഗത്തിനെതിരെ നടന്നു കൊണ്ടിരിക്കുകയാണ്.
ഇക്കാര്യം മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ സംഘടിത ട്രേഡ് യുണിയൻ നേതാക്കൾക്കോ തൊഴിലാളി വർഗ്ഗ രാഷ്ടീയം കൈകാര്യം ചെയ്യുന്നവർക്കോ സാധിച്ചിട്ടില്ല.
അതിനിടയിലാണ് മഹാമാരിയുടെ താണ്ഡവമുണ്ടായത്. വിദേശ മലയാളികൾ പ്രവാസം ഉപേക്ഷിക്കപ്പെട്ട് നാട്ടിലെത്തുമ്പോൾ പ്രതിസന്ധി ഇനിയും മൂർച്ഛിക്കും. തൊഴിൽ മേഖലയിൽ പ്രവചിക്കാൻ കഴിയാത്ത വിധം അസ്വാരസ്യങ്ങൾ ഉയരും. കടുത്ത മത്സരങ്ങൾ ഉണ്ടാവും. കാർഷിക മേഖലയിൽ പുതിയ ഉണർവ്വുണ്ടാവും. ഉല്പാദനം വർധിക്കും. പക്ഷേ ക്രയശേഷി കുറയും.
അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ ഉരുണ്ടുകൂടും.

സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന മുദ്രാവാക്യത്തിന് എല്ലാ കാലത്തും പ്രസക്തിയുണ്ട്. മാറ്റം കൊണ്ടുവരാൻ തൊഴിലാളിക്കാണ് കഴിയുക. ആരോഗ്യ പ്രവർത്തകരും നിയമപാലകരും അഗ്നി സുരക്ഷാ ജീവനക്കാരും, റെയിൽവേ അധികൃതരും, തപാൽ ജീവനക്കാരും വളണ്ടിയർമാരും മറ്റും അവസരത്തിനൊത്ത് ഉയർന്ന് കോവിഡിനെ നേരിടുന്നത് കാണുക. അതുപോലെ പ്രതിസന്ധി ഘട്ടത്തിൽ അപ്രതീക്ഷിതമായ മുന്നേറ്റങ്ങൾ ഉണ്ടാവണം. ഇനിയും സമയം വൈകിയിട്ടില്ലെന്നു തോന്നുന്നുണ്ടെങ്കിൽ നേതൃത്വം മുന്നോട്ടു വരണം.
പരമ്പരാഗത പോരാട്ട രീതികളിൽ നിന്ന് വേറിട്ടൊരു സമര മുറയാണ്‌ ഇനി അഭികാമ്യം. ജനങ്ങളുടെ സ്വൈര ജീവിതത്തിനു ഭംഗം വരാത്ത തരത്തിലുള്ള ഒരു സമര രീതി രൂപപ്പെടുത്തിയാൽ മാത്രമേ നാടിന്റെ പിന്തുണ നേടാനാവൂ.
കാലം മാറുന്നതിനു അനുസൃതമായി തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതികളിലും മാറ്റം
അനിവാര്യമാണ്. ഈ തിരിച്ചറിവ് ഉണ്ടാവുന്നില്ലെങ്കിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഭാവി കൂടുതൽ
ഇരുളടഞ്ഞതാവും.

© ടി.വി.എം.അലി ©