Thursday, 13 February 2020

ഇന്ന് ലോക
റേഡിയോ ദിനം

/ഒരു റിക്കാർഡിങ്ങിൻ്റെ ഓർമ്മയ്ക്ക്/

കുട്ടിക്കാലം മുതൽ റേഡിയോ കൂട്ടിനുണ്ടായിരുന്നു. അക്കാലത്ത് റേഡിയോ കൈവശം വെക്കാൻ ലൈസൻസ് ആവശ്യമായിരുന്നതിനാൽ പ്രധാനപ്പെട്ട വീടുകളിലും വായനശാലയിലും ചില ചായക്കടയിലും മാത്രമാണ് ഉണ്ടായിരുന്നത്. 

ദൃശ്യമാധ്യമങ്ങൾ ഇല്ലാത്ത അക്കാലത്ത് റേഡിയോ പ്രക്ഷേപണം ചെയ്തിരുന്ന ചലച്ചിത്ര ഗാനങ്ങളും നാടകങ്ങളും, ചലച്ചിത്ര ശബ്ദരേഖയും, പ്രാദേശിക വാർത്തകളും, കൃഷിപാഠവും മറ്റും ശ്രവിക്കാൻ കാതോർക്കുന്നവർ അന്ന് ഏറെയായിരുന്നു.

ഞാങ്ങാട്ടിരി വായനശാലയിൽ വൈകുന്നേരങ്ങളിൽ ഉച്ചഭാഷിണിയിലൂടെ റേഡിയോ കേൾപ്പിക്കുന്ന പരിപാടി പതിവായിരുന്നു. അത് കേൾക്കാൻ സ്കൂൾ ഗ്രൗണ്ടിൽ ധാരാളം ആളുകൾ വരാറുണ്ട്. കുട്ടികളുടെ കൂട്ടത്തിൽ ഞാനും സ്ഥിരം ശ്രോതാവായിരുന്നു.

ഏതാനും വർഷം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ചായക്കടയിലും ചെറിയൊരു റേഡിയോ ഇടം പിടിച്ചു. പുട്ടും കടലയും, കപ്പയും മത്തിയും, പപ്പടവടയും പരിപ്പുവടയും, ഉണ്ണിയപ്പവും മറ്റും കഴിക്കാൻ എത്തുന്ന നാട്ടുകാർക്ക് സൗജന്യമായി നൽകിയത് റേഡിയോ ശബ്ദമാധുരിയായിരുന്നു.
ആകാശവാണി വാർത്തകൾക്ക് കാതു കൂർപ്പിക്കാൻ മാത്രം  പ്രാദേശിക നേതാക്കളും സ്ഥിരമായി കടയിൽ വരാറുണ്ട്. രാഷ്ട്രീയ ഭോജനശാല എന്ന നിലയിലേക്ക് ഞങ്ങളുടെ ചായക്കടയെ ഉയർത്തിയത് റേഡിയോ തന്നെയായിരുന്നു.

അങ്ങിനെ റേഡിയോ ഞങ്ങളുടെ അടുത്ത സുഹൃത്തായി മാറി. തൃശൂർ നിലയം തുറക്കുന്ന ശബ്ദവും അടയ്ക്കുന്ന ശബ്ദവും ഞങ്ങൾക്ക് കൃത്യമായി അറിയാം.
അക്കാലത്ത് പട്ടാമ്പി - ഗുരുവായൂർ റോഡിൽ വാഹനങ്ങൾ അധികമൊന്നും ഓടാത്ത കാലമായിരുന്നു.
അരക്കള്ളൻ മുക്കാൽ കള്ളൻ എന്ന സിനിമയിലെ ''മുല്ലപ്പൂ പല്ലിലോ മുക്കുറ്റി കവിളിലോ / നിൻ്റെ മിഴിയിൽ നീലോല്പലം"
തുടങ്ങിയ പാട്ടുകളെല്ലാം ഞാൻ ആസ്വദിച്ചത് വീടിൻ്റെ മുന്നിലുള്ള മെയിൻ റോഡിൽ മലർന്നു കിടന്നു കൊണ്ടായിരുന്നു.

ഹൈസ്കൂൾ പഠനകാലത്ത് യുവവാണിയും മറ്റു സാഹിത്യ പരിപാടികളും ശ്രദ്ധിക്കാൻ തുടങ്ങി.
1980 കളുടെ തുടക്കത്തിൽ യുവവാണി ഒരു മത്സരം സംഘടിപ്പിച്ചു. 'സുഖം സമം ദു:ഖം' എന്ന വിഷയത്തെ കുറിച്ച് ലഘു ഉപന്യാസമെഴുത്തായിരുന്നു മത്സരം.
ഇതു കേട്ട ഞാൻ ഉപന്യാസം എഴുതി തുടങ്ങുകയും വൃത്തിയായി പകർത്തി എഴുതി തൃശൂർ നിലയത്തിലേക്ക് അയക്കുകയും ചെയ്തു.
കുറെ ദിവസങ്ങൾക്കു ശേഷം ഓൺ ഐ.ജി.എസ് കവർ എന്നെ തേടിയെത്തി. സുഖം സമം ദു:ഖം എന്ന എൻ്റെ ഉപന്യാസം പ്രക്ഷേപണത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നും റിക്കാർഡിങ്ങിന് തൃശൂർ രാമവർമ്മപുരം നിലയത്തിൽ എത്തണമെന്നുമായിരുന്നു കത്ത്.
പറഞ്ഞദിവസം തൃശൂർ നിലയത്തിൽ എത്തി. സ്റ്റേഷൻ ഡയറക്ടർ ശ്രീ.സി.പി.രാജശേഖരൻ സാറിൻ്റെ കാബിനിൽ ചെന്നു.
ചിരപരിചിതനായ ഒരു സുഹൃത്തിനോടെന്ന പോലെ വളരെ ഹൃദ്യമായിരുന്നു അദ്ദേഹത്തിൻ്റെ സ്വീകരണം.

ആദ്യമായി റേഡിയോ നിലയത്തിൽ എത്തിയതിൻ്റെ അമ്പരപ്പ് എൻ്റെ മുഖത്ത് കണ്ടതുകൊണ്ടാവാം അദ്ദേഹം റിക്കാർഡിങ്ങ് റൂമിലേക്ക് കൂടെ വന്ന് ധൈര്യം തന്നു.
തണുത്ത ചില്ലുകൂട്ടിൽ ഞാനും മൈക്കും ഉപന്യാസവും.
അപ്പുറത്തെ മുറിയിൽ നിന്ന് സിഗ്നൽ ലഭിച്ചപ്പോൾ ഞാൻ പ്രഭാഷണം വായിച്ചു. ഒറ്റ ടേക്കിൽ തന്നെ ഓക്കെയെന്ന് റിക്കാർഡിസ്റ്റ് വിരൽ ഉയർത്തി പറഞ്ഞു.

അങ്ങിനെ ഒരു സായാഹ്നത്തിൽ, യുവവാണിയിൽ എൻ്റെ മൃദുശബ്ദം ആകാശവീചികളിൽ തരംഗമായി പ്രസരിച്ചു.
പിന്നീട് രണ്ടു മൂന്നു തവണ കഥകൾ യുവവാണിയിലൂടെ ആവർത്തിച്ച് പ്രസരിച്ചു.
ഒരിക്കൽ റേഡിയോ നാടകം എഴുതി അയച്ചെങ്കിലും അത് വന്നില്ല. എങ്കിലും പ്രക്ഷേപണ കലയുടെ ഭാഗമാവാൻ സാധിച്ചതിൻ്റെ ആഹ്ലാദം ഇന്നും മാഞ്ഞു പോയിട്ടില്ല. രണ്ടു പതിറ്റാണ്ടായി ദൃശ്യമാധ്യമ രംഗത്ത്
പ്രവർത്തിക്കുന്നതു കൊണ്ട് ശ്രവ്യ കലയിൽ മുഴുകാനും കഴിയുന്നില്ല. 

വർഷങ്ങളേറെ കഴിഞ്ഞിട്ടും റേഡിയോ ഇന്നും എൻ്റെ കൂടെയുണ്ട്. നിലയം തുറക്കുന്നതു മുതൽ അടയ്ക്കുന്നതു വരെ റേഡിയോ വീട്ടിൽ  ശബ്ദിച്ചുകൊണ്ടിരിക്കും. സഹധർമിണി കേട്ടുകൊണ്ടിരിക്കും.
ഞാൻ അരികിലുണ്ടെങ്കിലും ഇല്ലെങ്കിലും പരിഭവമേതുമില്ലാതെ റേഡിയോ പറഞ്ഞും പാടിയും ശബ്ദിച്ചു കൊണ്ടിരിക്കും.
ആകാശവാണിക്ക് നന്ദി.

-ടിവിഎം അലി-