Monday, 13 January 2020

/അവതാരിക /

തെളിഞ്ഞ സ്ക്രീനിലെ നക്ഷത്ര വിളക്കുകൾ.

കലുഷിത കാലത്തിന്റെ  കോലായയിലേക്ക്, രാവുറങ്ങാത്ത തെരുവിന്റെ മുറവിളി
ഇരച്ചെത്തിയ സമയത്താണ് സതീഷ് കാക്കരാത്തിന്റെ 28 കവിതകൾ ഇൻബോക്സിൽ വന്നുവീണത്.

മനസ്സും മസ്തിഷ്കവും വിറങ്ങലിച്ചു നിൽക്കെ, അതിരുകളില്ലാത്ത അന്യതാബോധത്തിന്റെ കുരുക്കിലകപ്പെട്ട നേരത്ത് സർഗ്ഗാത്മകമായി ഒന്നും ചെയ്യാൻ കഴിയാതെ അങ്ങനെ ആധിപൂണ്ട് ഇരിക്കുമ്പോൾ, ഓർമ്മപ്പെടുത്തലിന്റെ സന്ദേശകാവ്യങ്ങൾ ഇൻബോക്സിൽ തുടരെ വന്നു വീണുകൊണ്ടിരുന്നു.

സതീഷ് കാക്കരാത്ത് എന്ന യുവകവി എന്റെ കൺമുന്നിലാണ് വളർന്നു വലുതായത്.
ഞാങ്ങാട്ടിരി യു.പി.സ്കൂളിലും വട്ടേനാട് ഗവ.ഹൈസ്കൂളിലും  പട്ടാമ്പി ഗവ.സംസ്കൃത കോളേജിലും സതീഷ് പഠിക്കാൻ പോയിരുന്നത് എന്റെ കൺവെട്ടത്താണ്. സതീഷിന്റെ പിതാവ് ശ്രീനിവാസേട്ടനും മാതാവ് സൗഗന്ധി ചേച്ചിയും എനിക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. അവരുടെ വീടുമായി എനിക്ക് ദീർഘകാല ബന്ധമുണ്ട്. അക്കാലത്തൊന്നും സതീഷ് ഒരു കവിത എഴുതി എന്റെ മുന്നിൽ വന്നിട്ടില്ല. ഒരു അന്തർമുഖത്വമാണ് അക്കാലത്ത് കാണപ്പെട്ടിരുന്നത്.

എന്നാൽ കുട്ടിക്കാലത്തു തന്നെ സതീഷ് കവിതയുമായി ആത്മബന്ധം പുലർത്തിയിരുന്നുവെന്ന് ഈ കവിതകൾ ബോധ്യപ്പെടുത്തുന്നുണ്ട്. കുട്ടിക്കാലത്ത് സതീഷനിൽ കാണപ്പെട്ട അന്തർമുഖത്വം കവിതയുടെ നഭോമണ്ഡലത്തിലേക്ക് കുതിക്കാനുള്ള മുന്നൊരുക്കമായിരുന്നുവെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.

നവമാധ്യമങ്ങളുടെ വെള്ളി വെളിച്ചത്തിലാണ് ആദ്യമായി സതീഷ് കാക്കരാത്തിന്റെ കവിത കാണുന്നത്. അത് വായിച്ചപ്പോൾ സന്തോഷം തോന്നി. എഴുത്തുകാർ ഏറെയുള്ള എന്റെ ഗ്രാമത്തിൽനിന്ന്
ഒരു കവി കൂടി ഭൂജാതനായിരിക്കുന്നു എന്ന സന്തോഷം.

അങ്ങനെ ഞങ്ങൾ നവമാധ്യമ ചങ്ങാത്തത്തിൽ മുഴുകിയ കാലത്താണ് സതീഷിന്റെ കവിതകളുടെ സമാഹാരം പുറത്തിറങ്ങുന്നത്.
മെസഞ്ചറിലൂടെ എന്നെ തേടി എത്തിയ 28 കവിതകളിലൂടെ കടന്നുപോയപ്പോൾ ഇരുത്തംവന്ന ഒരു കവിയെ തന്നെയാണ് കാണാൻ കഴിഞ്ഞത്.

ഖത്തറിൽ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന സതീഷ് മണൽക്കാട്ടിലിരുന്നു കൊണ്ട് മലയാള ദേശത്തിന്റെ കാവ്യ കല്ലോലിനിക്ക് ഒഴുകാൻ ചാലുകീറുകയാണ്.

പ്രവാസ ജീവിതം നയിക്കുമ്പോഴും കേരളത്തിന്റെ ചലനങ്ങൾ സാകൂതം നിരീക്ഷിക്കാനും കവിതയിലൂടെ പ്രതികരിക്കാനും സതീഷ് സമയം കണ്ടെത്തുന്നുണ്ട്.

സമരം എന്ന കവിത നോക്കുക:
മുഷ്ടിചുരുട്ടി വായുവിലേക്കെറിഞ്ഞ്, ഉച്ചത്തിൽ അലറി വിളിച്ചു തൊണ്ട ഞരമ്പുകൾ വലിഞ്ഞുമുറുകി... എന്നിങ്ങനെ തുടങ്ങി ഒടുവിൽ,
ഉള്ളിൽ പടരും രാഷ്ട്രീയാഗ്നി ബാരിക്കേഡുകൾ തകർത്തെറിഞ്ഞു,
കരിങ്കൽ ചീളുകൾ പാറി നടന്നു, ജലപീരങ്കിയും ലാത്തിയുമായി നിയമപാലനം പിന്നെ നടന്നു, ലൈവായി ചാനലുകൾ വാർത്ത കൊടുത്തു, ലോകം മുഴുവൻ കണ്ടു രസിച്ചു...

ഇന്ത്യൻ യുവത്വം തെരുവുകളിൽ തുല്യതയ്ക്കു വേണ്ടി നടത്തുന്ന
വീറുറ്റ പോരാട്ടം പോലും ലോകത്തിന് കണ്ടു രസിക്കാനുള്ള വാർത്താ  ഉൽപ്പന്നമായി മാറുന്നു എന്നതാണ് കെട്ട കാലത്തിന്റെ വർത്തമാന ചിത്രം.

സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വാളയാർ സംഭവത്തെ കുറിച്ച് എഴുതിയ കവിതയുമുണ്ടിതിൽ: വാതായനങ്ങൾക്കപ്പുറം വളരുന്ന ശൂന്യത,
വർഷമേഘം പോലെ പെയ്തൊഴിയാ കണ്ണുനീർ...

മഴ എന്ന കവിതയിൽ കേരളത്തെ നടുക്കിയ പ്രളയ ചിത്രമുണ്ട്:
മഴ ഒഴിഞ്ഞ വഴികളിൽ മരണ വീടുകൾ കണ്ടു നാം, മദമൊടുങ്ങിയ പുഴകളെല്ലാം,
കണ്ണുനീർ പുഴകളാക്കി മാറ്റി നാം...

ജീവിതം എന്ന കവിതയിൽ,
കാലമേ നീ വരിക എന്നോടൊപ്പം,
കണ്ണീരുണങ്ങി നനവു വറ്റി ചുമക്കുന്നെൻ കവിൾത്തടം... എന്നെഴുതിയ കവി തിരനോട്ടം എന്ന കവിതയിൽ,
കടലായ് ഇരമ്പും,
കണമായി കൊഴിയും,
കടം കൊള്ളാൻ കഴിയാത്ത കാത്തിരിപ്പിൻ നൊമ്പരങ്ങൾ എന്നും കുറിച്ചിരിക്കുന്നു.

അതേസമയം അന്തർമുഖനായ കവിയേയും ഇവിടെ കാണാം:
ഞാൻ ഒളിച്ചിരിപ്പാണ്
എന്ന കവിതയിൽ:
ഇന്ന് ജാടകളാൽ തീർത്ത ജാലകങ്ങൾ അടച്ചു, വ്യർത്ഥമായ വാക്കുകളാൽ തീർത്ത വന്മതിലുകൾക്കുള്ളിൽ, ഞാൻ ഒളിച്ചിരിപ്പാണ്...

മറ്റൊരു കവിതയിൽ പ്രണയിക്കാൻ പഠിച്ചു ഞാൻ, പുഴയെ,
പൂക്കളെ, പുലരിയെ,
പുതു മഴയെ എന്ന് ഗൃഹാതുരതയോടെ എഴുതാനും കവി സന്നദ്ധനാവുന്നു.

എല്ലാ കവിതകളെ കുറിച്ചും ഇങ്ങനെ ഇഴ കീറി എഴുതാൻ മുതിരുന്നില്ല. അതിന്റെ ആവശ്യവുമില്ല.

ഖണ്ഡ കാവ്യങ്ങളിലൂടെ മലയാള കവിതയിൽ നവോത്ഥാനത്തെ കുടിയിരുത്തിയ
മഹാകവി കുമാരനാശാനും, കവിതയെ കൂടുതൽ ജനപക്ഷത്തേക്ക് ചേർത്തു നിർത്തിയ മഹാകവി വള്ളത്തോളും, റൊമാൻറിസിസത്തിന്റെ  സ്വാധീനവലയത്തിൽ അകപ്പെടാത്ത വൈലോപ്പിള്ളിയും,  ഇരുപതാം നൂറ്റാണ്ടിന്റെ തമസ്സിൽ സുഖം കണ്ടെത്തിയ ഇതിഹാസ കവി അക്കിത്തവും, അവരെ പിന്തുടർന്ന അനേകം പുതു കവികളും ചവിട്ടി കുഴച്ചിട്ട സർഗ്ഗ ഭൂമികയിലാണ് മലയാള കാവ്യ ലോകത്തേക്ക് കടന്നു വന്ന സൈബർ കവികളും തനതായ കാവ്യ പാത വെട്ടുന്നത്. 

കേൾവിയുടെ പഴയ കാലത്തുനിന്ന് കാഴ്ചയുടെ പുതു ലോകത്തേക്ക് മാറിയ ഒരു ആസ്വാദക സമൂഹത്തിന് അടിസ്ഥാന സൗന്ദര്യ ദർശനത്തിൽ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.

വിപണിയിൽ അവഗണിക്കപ്പെടുന്നുണ്ടെങ്കിലും കവിതയെ നെഞ്ചിലേറ്റുന്ന ഒരു സമൂഹം വളർന്നു വരുമെന്നും പുതുകവികൾ പുതിയ സാംസ്കാരിക ഇടങ്ങൾ ഒരുക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. നവമാധ്യമങ്ങളുടെ തെളിഞ്ഞ സ്ക്രീനിൽ അനേകം കാവ്യ നക്ഷത്രങ്ങൾ പിറവി കൊള്ളാനിരിക്കുന്നുണ്ട്. അവരുടെ മുന്നേ നടക്കാൻ സതീഷ്
കാക്കരാത്തിന് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രഥമ കവിതാ സമാഹാരം സസന്തോഷം കൈരളിക്ക് സമർപ്പിക്കുന്നു.

ടി.വി.എം.അലി.