സത്യത്തിന്റെ സ്വർണനൂലിഴകൾ...
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
-ഡോ.സി.പി.ചിത്രഭാനു -
കഥ പറഞ്ഞ് കഥ പറഞ്ഞ്
കാലത്തെ മയക്കി എടുത്തവരുണ്ട്.
കാലത്തിന്റെ
മായാജാലങ്ങളിലകപ്പെട്ട് കഥ പറഞ്ഞ് മാഞ്ഞുപോയവരുമുണ്ട്.
ഏതൊരു എഴുത്തുകാരനും താൻ ജീവിച്ചിരിക്കുന്ന കാലത്തിന്റെ ദാസനാണെന്ന് മലയാളത്തിലെ പ്രമുഖ നിരൂപകനായ ജോസഫ് മുണ്ടശ്ശേരി വാദിച്ച് സമർത്ഥിച്ചിട്ടുമുണ്ട്.
എന്നാൽ കഥ കേൾക്കുന്നവന്, വായിക്കുന്നവന് ഇത്തരം തത്വശാസ്ത്രങ്ങൾ ഒന്നും ബാധകമല്ല.
കേട്ടു ശീലിച്ച കാര്യങ്ങൾ പാലിക്കാനാണ് അവരെപ്പോഴും ആഗ്രഹിക്കുക.
പുതുവഴികളിലേക്ക് എഴുത്തുകാരൻ സാഹസികമായി പ്രവേശിക്കാറുണ്ടെങ്കിലും വായനക്കാരൻ രണ്ടാമതൊന്ന് ആലോചിച്ചേ ആ വഴി പോകാറുള്ളൂ.
ഇത്തരം സന്ദർഭങ്ങളിൽ വായനക്കാരനെ ചേർത്തു നിർത്തുക എന്നതായിരിക്കും ചില എഴുത്തുകാരുടെയെങ്കിലും ആഗ്രഹം.
അവന് കഥാസരിത് സാഗരത്തിന്റെ മറുകരയിലെത്താൻ പലപല സഹായങ്ങൾ താൻ ചെയ്തു കൊടുക്കേണ്ടതുണ്ടെന്ന്
അയാൾ തിരിച്ചറിയും.
വഴിമുടക്കാൻ വരുന്ന പലതിനെയും മെയ് വഴക്കത്തോടെ നേരിട്ട് മുന്നേറാൻ വായനക്കാരന് ആത്മവിശ്വാസം നൽകുന്നത് എഴുത്തുകാരന്റെ കരുതലാണ്.
കഥയിലും നീണ്ട കഥയിലുമെല്ലാം ജനപ്രിയ വായനയ്ക്ക് ആവേഗം വർദ്ധിച്ച ഒരു കാലം മലയാളത്തിൽ ഉണ്ടായത് അത്തരം ചില പാരസ്പര്യങ്ങൾ നിലനിന്ന സന്ദർഭത്തിലാണ്.
നാട്ടിലെ സാമൂഹിക മുന്നേറ്റങ്ങൾ എഴുത്തും വായനയും അറിയുന്നവന്റെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.
പലപണികളിൽ ഏർപ്പെട്ട സാധാരണക്കാരന്റെ രുചിഭേദങ്ങൾക്കനുസരിച്ച്
എഴുതാൻ കഥാകാരന്മാർ തയ്യാറായി.
'പാടാത്ത പൈങ്കിളിമാർ' പരസ്പരം ആത്മബന്ധം സ്ഥാപിച്ചു. അയാൾ കഥ എഴുതിക്കൊണ്ടേയിരുന്നു.
പലരും പരിഹസിച്ചു.
'മ' പ്രസിദ്ധീകരണങ്ങൾ ഒരുക്കിയ മലർവാടി കൾക്ക് ആഴം കുറവായിരുന്നു.
എങ്കിലും ആ കൈതോടിൽ നിന്നാണ് പാവം മലയാളി ദാഹം തീർത്തത്.
കാലം മാറിയപ്പോൾ ആ സാധ്യതകൾ കാഴ്ച പെട്ടികൾ ഏറ്റെടുത്തു. അക്ഷരങ്ങളെ ഉപേക്ഷിച്ച് അവർ അകത്തളങ്ങളിൽ കൂട്ടം കൂടി.
ശരിതെറ്റുകൾ തീർപ്പു കല്പിക്കാൻ കഴിയാതെ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും, ശരാശരി മലയാളി കഥ കേൾക്കുന്ന വിഷയത്തിൽ ആ ലോകത്ത് തന്നെയാണ്.
ഈ തിരിച്ചറിവ് മനസ്സിൽ വെച്ച് പതിവ് ചേരുവകളുടെ അനുപാതം മാറ്റിയെടുത്ത് ചില ജീവിത സത്യങ്ങൾ പറയാൻ ശ്രമിച്ച കഥാകാരനാണ് ടി.വി.എം. അലി. അദ്ദേഹത്തിന്റെ കഥകളും, നീണ്ടകഥകളും ജനപ്രിയ വായനാ കാലത്തിലെ ജനകീയമെങ്കിലും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചവയാണ്.
ഉള്ള കാലത്തിൽ
ഒതുങ്ങി നിൽക്കാൻ അല്ല, ഉണ്ടാകേണ്ട കാലത്തിലേക്ക് ഉണർന്നു മുന്നേറാനാണ് മനുഷ്യസ്നേഹം നിറച്ചു വെച്ച ആ കഥകൾ വായനക്കാരനോട് പറയുന്നത്.
പരുഷമായ കാലത്തിൻ
'ചിരി മറന്നുപോയ കോമാളിയായി' എഴുത്തുകാരൻ മാറുകയാണെന്ന് അലിക്കറിയാം.
എങ്കിലും നിരന്തരം പറയേണ്ടത് തന്റെ ബാധ്യതയാണെന്ന് ഈ കഥാകാരൻ വിശ്വസിക്കുന്നു.
ഇന്നേക്കു വേണ്ടി മാത്രമല്ല - നാളേക്ക് വേണ്ടിയും.
ആ അർത്ഥത്തിൽ എഴുതപ്പെട്ട കാലത്തിന്റെ അതിരുകൾ ഭേദിച്ചു കടന്നുവരുന്ന തേങ്ങലുകളാണ് ഈ സമാഹാരത്തിലെ 13 കഥകൾ.
എഴുതി എഴുതി ചക്ര ചാലിൽ വീണുപോകുന്ന ചില കഥാകാരന്മാരുണ്ട്. അവർക്ക്
വഴിമാറി നടക്കാൻ പ്രയാസമാകും. അപരിചിതമായ വഴികളിലൂടെ സഞ്ചരിച്ച് അബദ്ധങ്ങളിൽ ചെന്ന് ചാടുന്നവരുമുണ്ട്.
എന്നാൽ ഈ എഴുത്തുകാരൻ താൻ നിത്യേന സഞ്ചരിക്കുന്ന
വഴികളിലെ പരിചിത മുഖങ്ങളും, പരിചിത ഗന്ധങ്ങളും ശബ്ദങ്ങളുമെല്ലാം ഉപയോഗിച്ച് ഒരു ചിത്രം വായനക്കാരന്റെ മനസ്സിൽ വരച്ചിട്ട് പിൻവാങ്ങുന്നു. വായനക്കാരന് പലതും കൂട്ടിച്ചേർക്കാം.
പുതിയ കഥാസമാഹാരം എന്ന് ഇതിനെ വിശേഷിപ്പിക്കരുത്. കഥകളെല്ലാം പല കാലങ്ങളിലായി എഴുതിയതാണ്.
സമകാലത്തോട് നിരന്തരം സംവദിക്കുന്നു എന്നതാണ് ഈ കഥകളുടെ (എല്ലാ കഥകളുടെയും) പുതുമ.
തന്റെതല്ലാത്ത കാരണത്താൽ
ശപിക്കപ്പെട്ട ജന്മം ഏറ്റുവാങ്ങിയവനാണ് മഹാഭാരതത്തിലെ പാണ്ഡു.
പാണ്ഡവന്മാർ (?) അതിപ്രശസ്തരായി മാറി. അവരുടെ പ്രശസ്ഥിയിൽ പോലും പാണ്ഡു നിരന്തരം
വെന്തു കൊണ്ടിരുന്നു.
മനുഷ്യസഹജമായ ഭോഗ സുഖത്തിന്റെ പാരമ്യത്തിൽ ലോകം വെടിഞ്ഞു. ഒരു ഇതിഹാസ കഥാസന്ദർഭത്തിന്റെ പശ്ചാത്തലത്തിൽ ജനിമൃതികളതിരിട്ട ജീവിത സാഗരത്തിൽ അകപ്പെട്ടുപോകുന്ന അനേകം പാണ്ഡുമാരുടെ കഥയാണ് 'ബ്രഹ്മപദ'ത്തിലൂടെ ഈ എഴുത്തുകാരൻ പറയുന്നത്.
എല്ലാ നല്ല സ്വപ്നങ്ങളും ചേതനയറ്റ പ്രതിമകളായി മാറുന്നതിലെ ദുരന്ത ഹാസ്യത്തെയാണ് 'പ്രതിമയുടെ മകൻ' പ്രതിനിധാനം ചെയ്യുന്നത്.
തനിക്ക് ഭാഗ്യം സമ്മാനിച്ച, ശപിക്കപ്പെട്ട ജന്മം പേറുന്ന അജ്ഞാത ബാലനെ സ്നേഹത്തിന്റെ പട്ടുനൂലിൽ ബന്ധിക്കാനുള്ള വിഫല ശ്രമമാണ് 'സ്വർണ്ണ നൂലിഴകൾ' സത്യസന്ധമായി തുറന്നു വെക്കുന്നത്.
ഉടുതുണിക്ക് മറുതുണിയില്ലാത്ത
പാഴ് മണ്ണിലടിഞ്ഞ ജന്മങ്ങൾക്ക് വെറും വാക്കുകളുടെ പൂഴിപ്പുഴ തീർക്കുന്ന കപട രാഷ്ട്രീയക്കാരന്റെ പൊയ്മുഖം 'പൂഴിപ്പുഴ' എന്ന കഥ വലിച്ചു മാറ്റുന്നു.
എല്ലാ 'രക്തസാക്ഷി'കളെയും പ്രസവിച്ചത് കണ്ണീർ വറ്റാത്ത അമ്മ മനസ്സാണെന്ന ഓർമപ്പെടുത്തലാണ്
'മിഴിനാരുകൾ' എന്ന കഥ.
ചുറ്റും പടരുന്ന മതാന്ധത മനുഷ്യനോട് -ആദിവാസി ഗോത്ര വിഭാഗത്തോട് - നിന്ദ്യമായി പെരുമാറുമ്പോൾ നരജീവിതമായ വേദനയിൽ നിന്ന്,
മൃഗജീവിത സ്വാതന്ത്ര്യത്തിലേക്ക് തിരിച്ചു നടക്കുന്ന വിപരീത പരിണാമ സിദ്ധാന്തമാണ് 'കോലങ്ങൾ' ആവിഷ്കരിക്കുന്നത്.
വിദേശത്തുനിന്ന് മടങ്ങിവന്ന ഉത്തമനെ ഉത്തമനായ കൃഷിക്കാരനാക്കി മാറ്റിയത് ഷബാനു എന്ന കൃഷി ഓഫീസറാണ്. തെളിഞ്ഞൊരു പ്രഭാതത്തിലാണ് ശബാനു ഉത്തമനെ കാണുന്നത്. പക്ഷേ അവർ തമ്മിൽ പറയാതെ പോയ വാക്കുകളാണ് പിരിയുന്ന നേരത്തെ തീക്കാറ്റിന്റെ സീൽക്കാരം ഉത്തമനോട് പറഞ്ഞിരിക്കുക.
'സൂര്യകളങ്കം' ഒരു പകുതിയിൽ നിഴലും നിലാവും,
മറുപകുതിയിൽ കരി പൂശിയ രാവും പേറുന്ന എല്ലാ കലാകാരന്മാരുടെയും കഥയാണ്.
ഭാവനയും യാഥാർത്ഥ്യവും ഇഴചേർത്ത സ്വപ്നങ്ങളിലാണ് 'കുറത്തി', 'നൊങ്ക് ' എന്നീ കഥകൾ ജീവൻ നേടുന്നത്.
വസുമതി വാസുമതിയെന്നാകുന്നതിലെ സ്വാഭാവികത
ഗ്രാമീണ വായനക്കാരനു മുന്നിൽ വരച്ചു വെക്കുകയാണ് 'മുഖമുദ്ര' എന്ന കഥ.
പണി കഴിഞ്ഞു തിരിച്ചു പോകുന്ന പെണ്ണുങ്ങളാണ്
ചക്കി തള്ളേടെ 'പണികഴിഞ്ഞ' കാര്യം ലോകത്തോട് പറയുന്നത്. ഒരു സാധാരണ മരണം ഉണർത്തുന്ന
ചിറകു മുളച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ 'ചക്കി' നമ്മെ നിർബന്ധിക്കുന്നു.
മേൽപ്പറഞ്ഞ ഓരോ കഥകളും ഒന്നിനൊന്നിനു വ്യത്യസ്തമായ ലോക ജീവിതത്തെ പരിചയപ്പെടുത്തി തരുന്നു. അതിന്റെ നിസ്സാരതയെ ഓർമിപ്പിക്കുന്നു.
ടി.വി.എം. അലി കാവ്യ പ്രയോജനത്തെക്കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ടാകാം. യശസ്സിനും സമ്പത്തിനും വേണ്ടി അലി എഴുതിയിട്ടേയില്ല.
വിശപ്പിനും കണ്ണീരിനും ഇടയിൽ ജീവിക്കുന്ന മനുഷ്യന്റെ ചുമലിൽ കൈ വെച്ചു നടക്കുന്ന ഈ എഴുത്തുകാരന് സ്വന്തമായി ഒന്നും വേണമെന്നില്ല. അക്ഷരങ്ങളുടെ ചേർത്തുവെക്കലിൽ ആശ്വാസത്തിന്റെ ഒരുതരി അപരന്
സമ്മാനിക്കണം എന്നേയുള്ളൂ. അതുതന്നെയാണ് ഈ കൃതിയുടെ സത്ത.
ബാക്കിയെല്ലാം വായനക്കാരനും കാലവും കൂട്ടി ചേർക്കട്ടെ.
(ഉടനെ പുറത്തിറങ്ങുന്ന 'പൂഴിപ്പുഴ' എന്ന എന്റെ കഥാസമാഹാരത്തിന് പ്രമുഖ നിരൂപകനും സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രവർത്തകനും സിന്റിക്കേറ്റ് അംഗവുമായ ഡോ.സി.പി.ചിത്രഭാനു എഴുതിയ ആമുഖം)