Friday, 19 October 2018

കഥ/ ഇര

 ടി.വി.എം.അലി.

     

ഒരു ദിവസം ഇരുൾ വീഴും മുമ്പ് തന്നെ അയാൾ കയറി വന്നപ്പോൾ അവൾക്ക് അന്ധാളിപ്പുണ്ടായി.
അവളുടെ കരുവാളിച്ച മുഖത്ത് ഒരു ചോദ്യ ചിഹ്നത്തിന്റെ ചുളിവ് അയാൾ കാണാതിരുന്നില്ല. അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വീണു കിടന്നിരുന്നു.
കണ്ണുകളിൽ ഇന്നോളം കാണാത്ത നിസംഗതയും.
അയാൾ മദ്യപിച്ചിട്ടില്ലെന്ന അറിവ് അവളെ വല്ലാതെ അത്ഭുതപ്പെടുത്തി. നെടുനാളത്തെ പ്രാർത്ഥനയുടെ ഫലമാവാം ഈ മാറ്റമെന്ന് അവൾ ആശ്വസിച്ചു.
രാത്രി ഏറെ വൈകി തെറിപ്പാട്ടു പാടി കടന്നു വന്ന് പുലഭ്യം പറഞ്ഞ് പ്രഹരിക്കുന്ന ഭർത്താവായിരുന്നല്ലൊ ഇന്നലെ വരെ അയാൾ!
ഒരു ദിവസം കൊണ്ട് അയാൾക്ക് എങ്ങിനെ മാറാൻ കഴിഞ്ഞുവെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടി കിട്ടിയില്ല.
പിറ്റേന്ന് മറ്റൊരത്ഭുതവും കൂടി സംഭവിച്ചു. പുകവലി, പാൻപരാഗ്, ഹാൻസ്, മുറുക്ക് എന്നിവയും അയാൾ ഉപേക്ഷിച്ചു. ഇപ്പോൾ പിറന്നു വീണ കുഞ്ഞിനെ പോലെ അയാൾ ഉറങ്ങുന്നതു കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരാന്തലുണ്ടായി. ദിവസങ്ങൾ നീങ്ങുംതോറും അവൾക്ക് വേവലാതി വർധിച്ചു.
ഈശ്വരാ ഇയാൾ എന്തിനുള്ള പുറപ്പാടാണ്? അവൾ സ്വയം ചോദിച്ചു.
എല്ലാ ദുശീലങ്ങളും ഉപേക്ഷിച്ച ഈ മനുഷ്യൻ ദൈവദൂതനോ പുരോഹിതനോ ആയി മാറുമോ എന്ന് പോലും അവൾ ശങ്കിച്ചു.
അയാൾ തികച്ചും  അപരിചിതനായി മാറിയെന്ന് അവൾ വിലയിരുത്തി. എല്ലാറ്റിനേയും ത്യജിക്കാനുള്ള കഴിവ് ഇയാൾക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
ഇയാളെ ഉപേക്ഷിക്കാൻ മുമ്പ് പലവട്ടം ശ്രമിച്ചിട്ടും താൻ പരാജയപ്പെട്ട കാര്യം അവളിൽ തികട്ടി വന്നു. പക്ഷേ ഇപ്പോൾ പേടി തോന്നുന്നു. ദുശ്ശീലങ്ങൾ ത്യജിക്കാനുള്ള കഴിവ് അയാൾ നേടി കഴിഞ്ഞിരിക്കുന്നു.
ഒരു ദിവസം ഒന്നും പറയാതെ അയാൾ പടി ഇറങ്ങി പോകുമെന്നും തന്നേയും മക്കളേയും ഉപേക്ഷിക്കുമെന്നും അവൾക്ക് വെളിപാടുണ്ടായി.
ഇല്ല. തോറ്റു കൊടുക്കാനാവില്ല. അവൾ ഉറച്ച കാൽ വെപ്പുകളോടെ മേശവലിപ്പിൽ നിന്ന് നോട്ടുബുക്കെടുത്ത് നടുവിലെ താളുകീറി.
തല പെരുത്ത് പൊട്ടുമെന്ന് തോന്നി: എല്ലാം ഉപേക്ഷിക്കാനുള്ള അങ്ങയുടെ പുറപ്പാട് എന്നെ വല്ലാതെ ആശങ്കയിലാക്കുന്നു. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ കേണപേക്ഷിച്ച കാലത്ത് താങ്കൾ ഒരു ധിക്കാരി യായിരുന്നു. ക്രമേണ ഞാൻ വഴങ്ങി. ഇണങ്ങിചേരാനുള്ള എന്റെ കഴിവിനെ താങ്കൾ പുകഴ്ത്തുകയും ചെയ്തു. ഇപ്പോൾ ആരുടേയും നിർബന്ധമില്ലാതെ ദുശീലങ്ങളെല്ലാം  ഉപേക്ഷിക്കാനുള്ള തീരുമാനം എന്നെ ഭയപ്പെടുത്തുന്നു.
അടുത്ത ഇര ഞാനാവാം എന്നും  ഭയപ്പെടുന്നു.
അങ്ങിനെ സംഭവിക്കുന്നതിനു മുമ്പ് ഞാൻ പോകുകയാണ്.
വാതിലടച്ച് അവൾ പുറത്തിറങ്ങി.
എഴുത്ത് നാലായി മടക്കി വാതിലിന്റെ നെഞ്ചിൽ വെച്ചു.
വൈകുന്നേരം അയാൾ വന്നപ്പോൾ വീട് ഉറക്കത്തിലായിരുന്നു. വെളിച്ചമോ ആളനക്കമോ കണ്ടില്ല.
കാറ്റു വീശിയപ്പോൾ വാതിലിന്റെ നെഞ്ചിൽ നിന്നടർന്നു വീണ കടലാസ് അയാൾ കണ്ടു.
ഇരുട്ടിന് കനം വെച്ചിരുന്നുവെങ്കിലും പുറത്തിറങ്ങിയപ്പോൾ എല്ലാ വഴികളിലും അയാൾ വലിച്ചെറിഞ്ഞതെല്ലാം വാരിപ്പുണരാൻ കാത്തു നിന്നിരുന്നു.

(2002 ൽ 'വെളിച്ചം'
ഗ്രാമ പത്രം പ്രസിദ്ധപ്പെടുത്തിയത്)