Monday, 16 March 2015

കൊടിയിറങ്ങി

പട്ടാമ്പി ദേശീയോൽസവത്തിന് കൊടിയിറങ്ങി
-----------------------------------------------
നിളാതീര ഗ്രാമങ്ങളിൽ ഉൽസവഹർഷം പകർന്ന വള്ളുവ
നാടിൻെറ ദേശീയോൽസവം വേനൽ മഴയുടെ അനുഗ്രഹങ്ങൾ നെഞ്ചിലേറ്റിക്കൊണ്ട് വിടവാങ്ങി.
ശനിയാഴ്ച തുടങ്ങിയ പരിപാടികൾ തിങ്കളാഴ്ച പുലരിയിലാണ് സമാപിച്ചത്. വിവിധ ഉപകമ്മറ്റികളുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് 101 -o നേർച്ചക്ക് കൊടിയേറ്റം നടന്നു. പാരമ്പര്യ അവകാശികളായ കരുമാൻകുഴി തറവാട്ടിലെ സിദ്ധീഖ് കൊടി ഉയർത്തി. ബസ്റ്റാന്റിൽ നിന്ന് 35 ഓളം ഗജവീരന്മാർ അണിനിരന്ന ഘോഷയാത്രയോടെയാണ് ജാറത്തിന് സമീപത്ത് എത്തി കൊടിയേറ്റം നടത്തിയത്. കേന്ദ്ര ആഘോഷകമ്മറ്റി ഭാരവാഹികളായ കെ.ആർ. നാരായണസ്വാമി, കെ. ബഷീർ, എ.കെ. നിസാർ, എ.വി. അബു തുടങ്ങിയവർ നേതൃത്വം നൽകി. വൈകുന്നേരം 4മണിയോടെ അന്തരീക്ഷം പൊടുന്നനെ മാറി. നഗര പ്രദക്ഷിണ ഘോഷയാത്ര തുടങ്ങാൻ എല്ലാ ഒരുക്കവും പൂർത്തിയായപ്പോൾ വേനൽ മഴ തിമിർത്തു പെയ്തു. അതോടെ ടൗണിൽ ഉൽസവം കാണാനെത്തിയ ആയിരങ്ങൾ കെട്ടിടങ്ങളിൽ തമ്പടിച്ചു. മട്ടുപ്പാവുകളിൽ നേരത്തെ ഇടം പിടിച്ചിരുന്ന സ്ത്രീകളും കുട്ടികളും നനഞ്ഞുകുതിർന്നു. വഴിയോരക്കച്ചവടക്കാരും സുരക്ഷക്കെത്തിയ പൊലീസുകാരുമാണ് മഴ മൂലം ഏറെ വലഞ്ഞത്. അതേ സമയം എഴുന്നള്ളിപ്പിനെത്തിയ 80ൽ പരം കരിവീരന്മാർക്ക് മഴ ആനന്ദാനുഭൂതിനൽകി. നിർത്തിവെച്ച ഘോഷയാത്ര രാത്രി 7മണിക്ക് പുനരാരംഭിച്ചപ്പോൾ
അഭൂതപൂർവ്വമായ ജനാവലിയാണ് നിരത്തോരങ്ങളിൽ കാണപ്പെട്ടത്. വിവിധ ഉപകമ്മറ്റികൾ ഒന്നിനു പിറകെ അടിവെച്ച് നീങ്ങി. കേന്ദ്ര കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ഘോഷയാത്ര നഗരത്തിലൂടെ ബസ്റ്റാൻറിലേക്ക് നീങ്ങിയത്. വൻ പൊലീസ് സേന ക്രമസമാധാന പാലനത്തിന് രംഗത്തുണ്ടായിരുന്നു.