Thursday, 2 October 2014

ശുചിത്വ നഗര പദ്ധതിക്ക് ആവേശത്തുടക്കം

ഗാന്ധി  ജയന്തി ദിനത്തിൽ പട്ടാമ്പിയിൽ ശുചിത്വ നഗര പദ്ധതിക്ക് ആവേശകരമായത്തുടക്കം. ജനമൈത്രി പൊലിസ് , ഗ്രാമ പഞ്ചായത്ത്, തൊഴിലുറപ്പ് 
ഗുണഭോക്താക്കൾ, കുടുംബശ്രീ അംഗങ്ങൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ, വിദ്യാർഥികൾ , പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ 
എന്നിവയുടെ നേതൃത്വ ത്തിൽ വിപുലമായ ശുചീകരണം നടത്തി. മേലെ പട്ടാമ്പിയിൽ നടന്ന ചടങ്ങിൽ സി.പി. മുഹമ്മദ്‌ എം.എൽ .എ. ഉദ്ഘാടനം നിർവ്വഹിച്ചു. പട്ടാമ്പി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു. സി.ഐ. എ.ജെ, ജോണ്‍സണ്‍, എസ് .ഐ. ബഷീർ ചിറക്കൽ, പഞ്ചായത്ത് അംഗം സി.എ. സാജിദ്, ബാബു കോട്ടയിൽ എന്നിവർ  സംസാരിച്ചു. മേലെ പട്ടാമ്പി മുതൽ ബസ്റ്റാന്റ് വരെ റോഡിനിരുവശവും നൂറു കണക്കിനാളുകൾ ചേർന്ന്  വൃത്തിയാക്കി.

Wednesday, 1 October 2014

പട്ടാമ്പിയിൽ പുതിയ വ്യാപാര സമുച്ചയം പണിയുന്നു.



നഗരസഭയെ വരവേല്ക്കാൻ ഒരുങ്ങുന്നു 
-------------------------------------------------------------------------------------------------------------------------------------------------
പട്ടാമ്പി: അടുത്ത തദ്ദേശ തെരഞ്ഞെടുപ്പോടെ മുനിസിപ്പാലിറ്റിയാവാൻ ഒരുങ്ങുന്ന പട്ടാമ്പിയിൽ പുതിയ വ്യാപാര സമുച്ചയം പണിയുന്നു.
ഒരു കോടി അറുപത്തി അഞ്ച് ലക്ഷം ചെലവിട്ടാണ് 38 മുറികളുള്ള ഇരുനില കെട്ടിടം പണിയുന്നത്. കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റ് പ്രവർത്തിച്ചിരുന്ന 
സ്ഥലത്താണ് 42 വർഷം മുമ്പ് നിർമിച്ച കെട്ടിടം പൊളിച്ചു നീക്കി നവീന സമുച്ചയം പണിയുന്നത്. ഒന്നേകാൽ കോടി രൂപ കെട്ടിട മുറി ലേലത്തിലൂടെ 
സമാഹരിച്ചാണ് നിർമാണം നടത്തുക.  കഴിഞ്ഞ ബജറ്റിൽ 40 ലക്ഷം രൂപ തനതു ഫണ്ടായി വകയിരുത്തിയിട്ടുണ്ട്. മൂന്നു നില കെട്ടിടം പണിയാനുള്ള അടിത്തറ ഒരുക്കിയാണ് നിർമാണം തുടങ്ങുക.  പഴയ കെട്ടിടം ഇതിനകം പൊളിച്ചു നീക്കി കഴിഞ്ഞു. ഒരു വർഷം കൊണ്ട് നവീന സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്താൻ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നുണ്ട്. ഇപ്പോൾ പഞ്ചായത്ത് 
ബസ്റ്റാന്റിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റ് -കം- സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുതിയ കെട്ടിടം പൂർത്തിയാവുന്ന മുറക്ക് മാറ്റി സ്ഥാപിക്കും . 13 വർഷം മുമ്പാണ് പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റ് തുറന്നത്. സ്വകാര്യ ബസ്റ്റാന്റ് പുതിയ സ്ഥലത്തേക്ക് മാറ്റിയപ്പോഴാണ്‌ 1972 ൽ നിർമിച്ച കെട്ടിടം വിട്ടു കൊടുത്തത്. 2001 ഫെബ്രുവരി 17 നു അന്നത്തെ ഗതാഗത മന്ത്രി സി.കെ. നാണു ഉദ്ഘാടനം 
ചെയ്ത ബസ്റ്റാന്റ് പിന്നീട് ഏറെ അവഗണന നേരിട്ട് അധോഗതിയിലായിരുന്നു . ഡിപ്പോ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പുതിയ സർവീസ് പോലും ഇല്ലാതാവുകയാണ് ചെയ്തത്. കഴിഞ്ഞ വർഷം മെയ് 11 നാണ് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ,പട്ടാമ്പി പഞ്ചായത്ത് ഷോപ്പിംഗ്‌ കോംപ്ല ക്സിന്റെ ഉദ്ഘാടന വേളയിൽ , നഗരസഭയായി ഉയർത്തുന്ന കാര്യം അറിയിച്ചത്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനുള്ള 
നടപടികൾ പൂർത്തിയാക്കും. മുനിസിപ്പാലിറ്റിയാവുന്നതോടെ പട്ടാമ്പിയുടെ വികസന കുതിപ്പിന് കൂടുതൽ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ലഭിക്കാൻ 
ഇടയാവുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ 30 കോടിയോളം രൂപ വാർഷിക വരുമാനം ഉള്ള പഞ്ചായത്താണ് പട്ടാമ്പി. നടപ്പ് വർഷം ഭാരത പുഴയോരത്ത് ഉദ്യാനം നിർമിക്കാൻ 50 ലക്ഷവും, ആധുനിക മാർക്കറ്റ് സമുച്ചയം പണിയാൻ രണ്ടു കോടിയും , ശ്മശാന നവീകരണത്തിന് 62 ലക്ഷവും , വകയിരുത്തിയിരുന്നു. ഇതിനു പുറമെ പട്ടാമ്പിയുടെ മുഖച്ചായ മാറ്റാൻ ഉതകുന്ന  വിവിധ വികസന പദ്ധതികൾ  നടപടി തുടങ്ങിയിട്ടുണ്ട്.