Thursday, 6 February 2014

ഗോപിക : ഓർമ ചെപ്പിലെ മയിൽപ്പീലി

പട്ടാമ്പി ഗവ.ആശുപത്രിയിൽ മരണവുമായി പോരടിച്ചു കിടന്നിരുന്ന ഗോപിക ( 9 ) കഴിഞ്ഞ ശനിയാഴ്ച
രാത്രി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നു പോയി. ഞായർ വെളുപ്പിന് സുമേഷാനു വിവരം വിളിച്ചു
പറഞ്ഞത്.  പട്ടാമ്പിയിലെ പത്ര പ്രവർത്തകരുടെ പൊന്നോമനയായിരുന്നു അവൾ . അവൾക്കു വേണ്ടി
ഞങ്ങൾ ഓരോരുത്തരും ആശ്വാസം എത്തിക്കാൻ ആവതും ശ്രമിച്ചു. ഗോപിക ഞങ്ങളുടെ മനസ്സിൽ വിടർന്ന
നൊമ്പരപ്പൂവ്വായിരുന്നു.  നിത്യവും അവളെ കാണാനും മാതാപിതാക്കളായ രാധികയേയും ഹരിദാസനെയും
ആശ്വസിപ്പിക്കാനും ഞങ്ങൾ സമയം കണ്ടെത്തി. പത്രങ്ങളിലും പ്രാദേശിക ചാനലുകളിലും ഗോപികയെ കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരുന്നു. ബ്രെയിൻ ടുമർ ബാധിച്ചു ഒരു വർഷമായി ചികിത്സയിൽ
കഴിഞ്ഞിരുന്ന ഗോപികയെ വൈദ്യ ശാസ്ത്രം കയ്യൊഴിഞ്ഞിരുന്നു . ദിവസങ്ങളോളം അവൾ ആശുപ്പത്രി കട്ടിലിൽ കിടന്നു ഞെളി പിരി കൊണ്ടു. അതിനിടെ ആരോഗ്യ നില
കൂടുതൽ വഷളായി. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി. ഈ ദിവസങ്ങളിൽ
ഒന്നും ഗോപിക ഉരിയാടിയിരുന്നില്ല. എങ്കിലും അവൾ ഞങ്ങളോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞ പോലെ
തോന്നിയിരുന്നു. മരണം അവളെ തട്ടിയെടുക്കാൻ വന്നപ്പൊഴക്കെ ഞങ്ങൾ പ്രാർത്ഥനയോടെ തുണയായി നിന്നു.
ഒരുപാട് ദുരിതങ്ങളും ദുരന്തങ്ങളും വേദനകളും വിഹ്വലതകളും കണ്ടും കേട്ടും എഴുതിയും തഴമ്പിച്ച
മനസ്സായിട്ടു പോലും ഗോപിക ഞങ്ങളെ കരയിക്കുക തന്നെ ചെയ്തു . ഗോപിക ഞങ്ങളുടെ വേദനയായിരുന്നു.
ഈ ചെറു പ്രായത്തിൽ അവൾ അനുഭവിച്ച വേദനയുടെ ആഴം അളക്കാൻ ആവില്ല. അത് പോലെ ഞങ്ങളുടെ
സങ്കട കടലിന്റെ ആഴവും. ഗോപിക മരിച്ചെന്നു കരുതാൻ ഞങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഓർമ ചെപ്പിലെ
മയിൽ പീലിയായി ഗോപിക ഞങ്ങൾക്കൊപ്പം ഉണ്ട്.