Monday, 23 September 2013

ലേഖനം /അവയവ ദാനം : ലിബുവിനു മരണമില്ല !

            ഒരുപാട് വാർത്തകൾ വായിച്ചു തള്ളുന്നതിനിടയിൽ എവിടയോ ലിബുവിനെ കണ്ടു മുട്ടുകയായിരുന്നു. തിരുവോണം ദിനത്തിലാണ് ലിബു ഗോവണിയിൽ നിന്ന് വീണത്‌.
വീഴ്ച്ചയിൽ തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റി.  തൃശ്ശൂർ വടൂക്കരയിൽ കേബിൾ നെറ്റു വർക്ക്
സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ലിബു മൂന്നാം ദിനത്തിൽ മരണത്തിനു കീഴടങ്ങി. മസ്തിഷ്ക്ക
മരണം സംഭവിച്ചു എന്ന് ബോധ്യമായതോടെ ലിബുവിന്റെ ഭാര്യ  ലിജി അവയവ ദാനത്തിനു
സമ്മതം നൽകുകയായിരുന്നു. പിന്നെ നടന്നത് ചരിത്രം. കൈപ്പരമ്പിൽ റപ്പായിയുടെ മകൻ ലിബു
ഇനി ജീവിക്കുന്നത് അഞ്ചു മനുഷ്യരിലാണ്. കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ
വെച്ചാണ് 39 കാരനായ ലിബു  അഞ്ചു പേരുടെ ജീവനിൽ പടർന്നു കയറുന്നതിനു ചലനമറ്റു കിടന്നത്.  എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനോയ്‌ തോമസിന് ഹൃദയം നൽകിയ ലിബു കണ്ണുകൾ ജുബിലി മിഷൻ ആശുപത്രിയിലെ നേത്ര ബാങ്കിനു നല്കി. രണ്ടു വൃക്കകൾ രണ്ടു സ്ഥലത്തെ ആശുപത്രികൾ ഏറ്റുവാങ്ങി. ട്രാഫിക് സിനിമയിൽ കണ്ട ഒരു സീൻ ഇവിടെയും ആവർത്തിച്ചു. ലിബുവിന്റെ മിടിക്കുന്ന ഹൃദയവുമായി കൂർക്കഞ്ചേരിയിൽ നിന്ന് എറണാകുളത്തേക്ക് ആംബുലൻസ് ഓടിക്കാൻ പോലീസ് ഗതാഗത സംവിധാനം ഒരുക്കി.   75 കിലോ മീറ്റർ ഓടാൻ എടുത്തത് അമ്പത് മിനുറ്റുമാത്രം. ഒരു മണിക്കൂർ നേരത്തിനകം ഹൃദയം മാറ്റി വെക്കാനായിരുന്നു തീരുമാനം. എല്ലാം കിറു കൃത്യമായി നടന്നു. അങ്ങിനെ ലിബു  പുനർജ്ജനിക്കുകയാണ്. ലിബുവിനു പിൻഗാമികൾ ഉണ്ടാവണം. മരണത്തിനു ശേഷവും
ജീവിക്കാൻ കഴിയുമെന്നു തെളിയിക്കുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുമെന്നു ആശിക്കാം.

Friday, 20 September 2013

ലേഖനം / സൗരയൂഥ പക്ഷി പറന്നു പറന്നു പോകുന്നു

സൗരയൂഥ പക്ഷി പറന്നു പറന്നു പോകുകയാണ് .
1977 ൽ  നാസ വിക്ഷേപിച്ച വൊയെജെർ പേടകം 36 വർഷത്തെ ദൗത്യം പൂർത്തിയാക്കി
ഇപ്പോൾ സൗരയൂഥം വിട്ട് .പുറത്തു പോയിരിക്കുന്നു .                                                    സൗരയൂഥത്തിലെ ഗ്രഹങ്ങളെ കുറിച്ച് പഠനം നടത്താൻ അഞ്ചു വർഷത്തെ കാലാവധി നിശ്ചയിച്ചു  വിക്ഷേപിച്ചതാണ് . .എന്നാൽ നാസ നിശ്ചയിച്ച ആയുസ്സിന്റെ ഏഴാം ഊഴവും താണ്ടി വൊയെജെർ ഇപ്പോൾ നക്ഷത്രാന്തര ലോകത്തേക്ക് കടന്നു കഴിഞ്ഞു .   സൗരയൂഥം പിന്നിട്ട ആദ്യത്തെ മനുഷ്യ നിർമിത പേടകം ആണിത്.   ഈ സൗരയൂഥ പക്ഷി ഒരു വർഷമായി  ശാസ്ത്ര നേത്ര പരിധിയിൽ ഉണ്ടായിരുന്നില്ല . സൂര്യനിൽ നിന്ന് 1900 കോടി കിലോ മീറ്റർ അകലെ എവിടയോ ഇപ്പോൾ വോയെജർ ഉണ്ടെന്നു കണ്ടെത്തിക്കഴിഞ്ഞു .
മനുഷ്യൻ ചന്ദ്രനെ കീഴടക്കിയതുപോലെ ഇതും ഒരു നാഴികക്കല്ലാണ് . നക്ഷത്രാന്തര  ലോകത്തേക്ക് ഒരു പേടകത്തെ അയക്കുക എന്നത് ശാസ്ത്ര മേധാവികളുടെ ഒരു സ്വപ്നം ആയിരുന്നു.  അപ്രതീക്ഷിതമായി ആ സ്വപ്നം താനേ സാധ്യമായിരിക്കുന്നു.  മണിക്കൂറിൽ
59000 കിലൊമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഈ പേടകം 1877 കോടി കിലോ മീറ്റർ താണ്ടിയാണ് സൗരയൂഥത്തിന്റെ  അതിർത്തി കടന്നത്‌. ഈ യാത്രക്കിടയിൽ വോയെജർ
വ്യാഴം, ശനി എന്നിവയുടെ വ്യക്തമായ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചിരുന്നു .
യുറാനസ് , നെപ്റ്റ്യുൻ  എന്നീ ഗ്രഹങ്ങളെ കുറിച്ചും പഠനം നടത്തിയാണ് വോയെജർ
സൗരയൂഥത്തിന്റെ  ബാഹ്യാതിർത്തിയിലേക്ക് പ്രയാണം ആരംഭിച്ചത്.  സൂര്യന്റെ
സ്വാധീന പരിധിയിൽ ഇപ്പോൾ ഈ പക്ഷി ഇല്ലെന്നു നാസ ഉറപ്പിച്ചു കഴിഞ്ഞു.
സൗരയൂഥത്തിലെ  നാല് ഗ്രഹങ്ങൾ സന്ദർശിച്ച പേടകം എന്ന ബഹുമതിയും
നക്ഷത്രാന്തര ലോകത്തേക്ക് പറന്നു പോയ യന്ത്ര പക്ഷി എന്ന നിലയിലും
വോയെജർ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.