Sunday, 11 May 2025

ആട്ടോബയോഗ്രാഫി ഓഫ് മല്ലൂസ്


തൃത്താലയിൽ നിന്ന് പട്ടിത്തറയിലേക്കും അവിടെ നിന്ന് ഒതളൂരിലേക്കും ഒരു കടൽ ദൂരമില്ലെങ്കിലും വി.ടി.പ്രദീപ് എന്ന എഴുത്തുകാരനെ കണ്ടെത്താൻ എൻ്റെ സുഹൃത്ത് രാഗം മോഹനൻ്റെ സഹായം വേണ്ടി വന്നു എന്നതാണ് നേര്! 

'അലി, നീ പ്രദീപിൻ്റെ കഥകൾ വായിക്കണമെന്ന്' പറഞ്ഞ് ഒരു വർഷം മുമ്പ് FB യുടെ ലിങ്ക്  മോഹനനാണ് എനിക്ക് അയച്ചു തന്നത്. ആ ലിങ്കിൻ്റെ ഗോവണി കയറി സുകുമാര കഥകൾ ആസ്വദിച്ച് വായിച്ചപ്പോൾ ശരാശരി മല്ലൂസിൻ്റെ മനസ്സ് അടുത്തറിഞ്ഞവൻ്റെ രചനയാണിതെന്ന് ശരിയ്ക്കും ബോധ്യമായി. 

വി.കെ.എൻ്റെ പയ്യൻസിനേയും, എം.പി നാരായണപിള്ളയുടെ ശുനകനേയും മനസ്സിൽ കുടിയിരുത്തിയ ഭൂതകാലത്തിൽ നിന്ന് പ്രദീപിൻ്റെ സുകുമാരനിലേക്ക് എത്തുമ്പോൾ അന്നത്തെ വായനാ രസാനുഭൂതി വീണ്ടെടുക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതുണ്ട്. ആത്മാവിൽ അലിഞ്ഞ് ചേർന്ന രചന തന്നെയാണിതെന്ന് അന്നേ തോന്നി.

അതുകൊണ്ടാണ് കഴിഞ്ഞ വർഷം ഒരു സായാഹ്നത്തിൽ പ്രദീപിനെ കാണാൻ രാഗം മോഹനൻ്റെ കൂടെ ഞാനും ഒതളൂരിലേക്ക് ചാടി പുറപ്പെട്ടത്. അന്നവിടെ ഒരു വിവാഹ സൽക്കാരം നടത്തുന്ന തിരക്കിലായിരുന്നു പ്രദീപ്. ഒരു സാധാ മല്ലൂസിൻ്റെ പൊങ്ങച്ച സഞ്ചിയൊന്നുമില്ലാതെ ആ തിരക്കിനിടയിലും ഇത്തിരി നേരം ഞങ്ങൾക്കു വേണ്ടി പ്രദീപ് മാറ്റിവച്ചു. കുറെ കാര്യങ്ങളും കാര്യമില്ലായ്മകളും അന്നേരം ഞങ്ങൾ പങ്കുവച്ചു. ഗൃഹാങ്കണത്തിൽ നടന്ന സൽക്കാരത്തിൽ ഞങ്ങളെക്കൂടി അദ്ദേഹം ഉൾച്ചേർക്കുകയും ചെയ്തു.

ഒരു ഒന്നാന്തരം മല്ലൂസിൻ്റെ പൊങ്ങച്ചവും മുന കൂർപ്പിച്ച നർമ്മവും അധർമ്മവും പുറത്തെടുക്കാതെ ഞങ്ങൾ സഖാവ് കെ.ജയദേവൻ്റെ മെനു നന്നായി ഭുജിച്ചു. അന്ന് പ്രദീപ് ഗ്രന്ഥകാരനായിട്ടില്ല. ആദ്യ കൃതി ('മഴയുടെ ആത്മകഥയിലെ കടൽ') അന്ന് കരയെ പുണരാൻ വെമ്പി നിൽക്കുന്ന സമയമാണ്. വളരെ പെട്ടെന്നു തന്നെ ആദ്യകൃതി രണ്ടു പതിപ്പുകളിറങ്ങുകയും രണ്ടാം കൃതിയായ 'ആട്ടോബയോഗ്രഫി ഓഫ് ആൻ അൽ മല്ലൂ' (അഥവാ സുകുമാരൻ്റെ രഹസ്യ ജീവിതം) വിക്ഷേപിക്കപ്പെടാൻ ജാതകം കുറിക്കുകയും ചെയ്ത സമയത്താണ് എല്ലാ മല്ലൂസിനേയും സാക്ഷി നിർത്തി കവർ പ്രകാശനം നടക്കുന്നത്.

നവമാധ്യമത്തിൽ നിന്ന് സുകുമാരൻ്റെ രഹസ്യ ജീവിതം പുറത്തുകടന്ന് പുസ്തകത്തിലേക്ക് വിന്യസിക്കപ്പെടുന്ന ഈ യുദ്ധാനന്തര സന്ദർഭത്തിൽ കവർ പ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു.

ചരടിൽ കോർത്ത രുദ്രാക്ഷം പോലെ സുകുമാരൻ കഥകൾ നൂറ് കണക്കിനുണ്ടെങ്കിലും അതിൽ നിന്ന് കുറച്ചെണ്ണമെടുത്ത് മഷി പുരട്ടി പുസ്തക രൂപത്തിലാക്കുന്നു എന്നത് വായനക്കാർക്ക് ആഹ്ലാദമേകുന്ന സംഗതിയാണ്. ആയതിനാൽ ഞാനും ആകാംക്ഷയോടെ സുകുമാരനെ വരവേൽക്കാൻ കാത്തിരിക്കുകയാണ്.

പ്രിയ സുഹൃത്ത് പ്രദീപിന് ആശംസകൾ!

© ടി.വി.എം അലി

Monday, 24 February 2025

കവി പി. രാമന് ദേശീയ പുരസ്കാരം


കവിതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊൽക്കത്തയിലെ  യാപഞ്ചിത്ര ട്രസ്റ്റാണ് ദേശീയ കാവ്യ പുരസ്കാരത്തിന് കവി പി. രാമനെ തെരഞ്ഞെടുത്തത്. 2002ൽ കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച യാപഞ്ചിത്ര ട്രസ്റ്റ്, കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ, നാടകം, കല, സാമൂഹിക വിഷയങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്നതും പ്രധാനപ്പെട്ടതുമായ വിഷയങ്ങളെക്കുറിച്ചുള്ള പ്രത്യേക ലക്കങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. യുവ കവികളുടെ 70 ഓളം പുസ്തകങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഇരുപതാം വർഷം മുതൽ യാപഞ്ചിത്ര രണ്ട് കവിതാ അവാർഡുകൾ ഏർപ്പെടുത്തിയിരുന്നു. ഒന്ന് ബംഗാളി കവിതയ്ക്കും, മറ്റൊന്ന് ബംഗാളി ഒഴികെയുള്ള ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ നിന്നുള്ള ദേശീയ പ്രാധാന്യമുള്ള കവിയ്ക്കും. പ്രശസ്ത കവികളും സാഹിത്യകാരന്മാരും അടങ്ങുന്ന ജൂറി ബോർഡ് അംഗങ്ങളാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. മൂന്നാമത്തെ യപനചിത്ര ദേശീയ കവിത പുരസ്കാരമാണ് പി.രാമനെ തേടിയെത്തിയത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 7, 8, 9 തീയതികളിൽ കൊൽക്കത്തയിൽ നടക്കുന്ന യപനചിത്ര ഫെസ്റ്റിവലിൽ അവാർഡ് സമ്മാനിക്കും. 

1972ൽ പട്ടാമ്പി കിഴായൂരിൽ ജനിച്ച പി. രാമൻ പത്രപ്രവർത്തകനായാണ് ജീവിതം ആരംഭിച്ചത്. തുടർന്ന് അധ്യാപനത്തിലേക്ക് വഴിമാറി. ഇപ്പോൾ കുറ്റിപ്പുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനാണ്. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്കൊരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ഇരട്ടവാലൻ തുടങ്ങിയ കൃതികളും, കവി നിഴൽമാല എന്ന പഠന ഗ്രന്ഥവും, മായപ്പൊന്ന്, കുളത്തിലെ നക്ഷത്രം എങ്ങനെ കെടുത്തും എന്നീ വിവർത്തന കൃതികളും രചിച്ചിട്ടുണ്ട്. 

കനം എന്ന കൃതിക്ക് 2001ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് എന്ന കൃതിക്ക് 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, മഹാകവി പി.സാഹിത്യ പുരസ്കാരം, അയനം എ.അയ്യപ്പൻ കവിതാ പുരസ്കാരം, കെ.വി തമ്പി പുരസ്കാരം, ദേശാഭിമാനി കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കവിയും നോവലിസ്റ്റുമായ എൻ.പി സന്ധ്യയാണ് ജീവിതപങ്കാളി. മക്കൾ: ഹൃദയ്, പാർവ്വതി (വിദ്യാർത്ഥികൾ)